UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍; സിപിഎം അപവാദ പ്രചരണം നടത്തിയെന്ന് പ്രേമചന്ദ്രന്‍

വോട്ടെടുപ്പ് കഴിഞ്ഞതോടെ വാദപ്രതിവാദങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍

കണ്ണൂരില്‍ മൊത്തം കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ബൂത്ത് ഉള്‍പ്പെടെ 97 ബൂത്തുകളില്‍ കള്ളവോട്ട് നടന്നെന്നാണ് സുധാകരന്‍ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും നിയമപരമായി പോരാടുമെന്നും സുധാകരന്‍ അറിയിച്ചു. വിജയം ഉറപ്പാണെങ്കിലും കള്ളവോട്ട് ഭൂരിപക്ഷത്തെ ബാധിക്കുമെന്നാണ് സുധാകരന്‍ പറയുന്നത്. പലയിടങ്ങളിലും ആയുധങ്ങളുമായെത്തി ജനങ്ങളെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ അവരുടെ വോട്ടുകള്‍ കൂട്ടമായി കള്ള വോട്ട് ചെയ്യുകയായിരുന്നെന്നാണ് സുധാകരന്റെ ആരോപണം. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ അഴിക്കോട് മട്ടന്നൂര്‍ ധര്‍മ്മടം തളിപ്പറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ വ്യപകമായി കള്ളവോട്ടു നടന്നതായാണ് കെ. സുധാകരന്റെ ആരോപണം.

അതേസമയം വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയും സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ എല്‍ഡിഎഫിനാണ് വോട്ട് ചെയ്തതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് മുരളീധരന്റെ ആരോപണം. പത്തനംതിട്ടയില്‍ 25000 പേരുടെ വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായാണ് ആന്റോ ആന്റണിയുടെ ആരോപണം.

പലയിടത്തും കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുക്കച്ചടമുണ്ടെന്നായിരുന്നു സി.പി.എം നേതാക്കളുടെ ആരോപണം. ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുകച്ചവടം നടന്നെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ് പറഞ്ഞു. കണ്ണൂരില്‍ മുസ്ലിം വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാന്‍ യു.ഡി.എഫ് ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന് പി.കെ ശ്രീമതിയും ആരോപിച്ചു.

മന്ത്രിമാരായ തോമസ് ഐസകും കെ ടി ജലീലും ന്യൂനപക്ഷ മേഖലകളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ തനിക്കെതിരെ പ്രചാരണം നടത്തിയെന്ന ഗുരുതര ആരോപണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനും രംഗത്തെത്തി. തരംതാണ പ്രചാരണവും വ്യക്തിഹത്യയും നടത്തിയത് പ്രേമചന്ദ്രനാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലും ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ സിപിഎം വ്യക്തിപരമായി വേട്ടയാടിയെന്നും ന്യൂനപക്ഷ മേഖലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വ്യാജപ്രചരണം നടത്തിയെന്നുമാണ് പ്രേമചന്ദ്രന്റെ ആരോപണം.

എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബിജെപി ബന്ധം ജനങ്ങളോട് പറയുക മാത്രമാണ് ചെയ്തതെന്നാണ് ബാലഗോപാലിന്റെ വിശദീകരണം. കൊല്ലം മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം അനുകൂലമാകുമെന്ന കണക്കുകൂട്ടിലാണ് ഇരുമുന്നണികളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍