UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല പോലെ അയോധ്യയിലും വേഗത്തില്‍ തീര്‍പ്പുവേണം: സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം

എത്രയും പെട്ടെന്ന് ഈ കേസില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കാന്‍ സുപ്രിംകോടതിക്ക് കഴിയണമെന്നാണ് നിയമമന്ത്രി ആവശ്യപ്പെടുന്നത്

അയോധ്യക്കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ശബരിമല വിധി വേഗത്തില്‍ തീര്‍പ്പാക്കിയ കോടതി എന്തിന് ഇക്കാര്യത്തില്‍ മടികാണിക്കുന്നുവെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് കോടതിയില്‍ ചോദിച്ചു.

ജനുവരി നാലാം തിയതിയാണ് അയോധ്യ കേസ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത്. എത്രയും പെട്ടെന്ന് ഈ കേസില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കാന്‍ സുപ്രിംകോടതിക്ക് കഴിയണമെന്നാണ് നിയമമന്ത്രി ആവശ്യപ്പെടുന്നത്. ശബരിമല കേസില്‍ നിരന്തരം വാദം കേട്ടതിന് ശേഷം സുപ്രിംകോടതി പെട്ടന്ന് വിധി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ അയോധ്യക്കേസില്‍ പെട്ടന്ന് വാദം കേട്ട ശേഷം ഒരു വിധിയിലേക്ക് എത്താന്‍ എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല കേസില്‍ കാട്ടിയ അതേജാഗ്രത അയോധ്യക്കേസിലും കാട്ടണമെന്നാണ് ആവശ്യം. കുംഭമേള സമയമാകുമ്പോഴേക്കും അയോധ്യക്കേസില്‍ തീര്‍പ്പാക്കണമെന്നാണ് ആര്‍എസ്എസിന്റെ നിലപാട്. ജനുവരിയില്‍ തന്നെ വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാരിനും ആര്‍എസ്എസിന്റെ നിലപാട് തന്നെയാണെന്നാണ് നിയമമന്ത്രിയുടെ വാക്കുകളില്‍ നിന്നും മനസിലാകുന്നത്. ശബരിമല കേസില്‍ എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം വിധി പുറപ്പെടുവിക്കുകയായിരുന്നു. അത് അയോധ്യക്കേസിലും ബാധകമാകണം.

അതേസമയം നിയമമന്ത്രി തന്നെ നിയമം ലഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ പാര്‍ട്ടികളും മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ശക്തമായി രംഗത്തെത്തി. കോടതിയില്‍ നിലവിലുള്ള കേസില്‍ ഇത്തരത്തിലൊരു അഭിപ്രായം നിയമമന്ത്രി പറയാന്‍ പാടില്ലെന്നാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ബിജെപി ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് ഇതെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍