UPDATES

ന്യൂസ് അപ്ഡേറ്റ്സ്

96 കോടിയുടെ നോട്ട് മെത്ത; നിരോധിച്ച നോട്ടുകള്‍ കൈവശം വച്ച ബിസിനസുകാരന് പിഴ 483 കോടി രൂപ

ഉത്തര്‍പ്രദേശുകാരനായ ബിസിനസുകാരന്‍ ആനന്ദ് ഖട്രിയുടെ വീട്ടില്‍ നിന്നാണ് നിരോധിക്കപ്പെട്ട 96.62 കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്

നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 96.62 കോടി രൂപ നോട്ട് മെത്തയാക്കി സൂക്ഷിച്ചിരുന്ന ബിസിനസുകാരന്‍ പിഴയിനത്തില്‍ അടയ്‌ക്കേണ്ടി വരുന്നത് 483 കോടി രൂപ! ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി ആനന്ദ് ഖട്രിക്കാണ് ഇത്ര വലിയ തുക പിഴ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആനന്ദിന്റെ വീട്ടില്‍ നിന്നും നിരോധിക്കപ്പെട്ട നോട്ടുകളുടെ വന്‍ശേഖരം പിടികൂടിയത്.

പരിധിയില്‍ കൂടുതലായി നിരോധിക്കപ്പെട്ട നോട്ടുകള്‍ കൈവശം വയ്ക്കുന്നതിനെതിരേയുള്ള 2017 ലെ എസ്ബിഎന്‍ ആക്ട്( സ്‌പെസിഫൈഡ് ബാങ്ക് നോട്‌സ് ആക്ട്), ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ പ്രകാരം ഉത്തര്‍പ്രദേശ് പൊലീസ് ആനന്ദ് ഖട്രിക്കെതിരേ കേസ് ചാര്‍ജ് ചെയ്തിരുന്നു. നിരോധിക്കപ്പെട്ട നോട്ടുകള്‍ കൈവശം വയ്ക്കുന്നത് പിഴയൊടുക്കേണ്ട കുറ്റമാണ്. പിടികൂടുന്ന നോട്ടിന്റെ അഞ്ചിരട്ടിയോളം പിഴ ചുമത്തും. ഇത്തരത്തിലാണ് ആനന്ദ് ഖട്രിയ്ക്കും പിഴത്തുക നിശ്ചയിച്ചിരിക്കുന്നതെന്ന് അറിയുന്നു. പിഴയ്ക്കു പുറമെ പൊലീസിന് ആനന്ദിനെതിരേ മറ്റ് കേസുകളും ചാര്‍ജ് ചെയ്യാം.

2017 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് നിരോധിക്കപ്പെട്ട നോട്ടുകള്‍ വ്യക്തികള്‍ കൈവശം വയ്ക്കുന്നതിനും പഠനാവശ്യത്തിനോ, ഗവേഷണാര്‍ത്ഥമോ, നാണയശേഖരാണാര്‍ത്ഥമോ സൂക്ഷിക്കുന്നതിനും പരിധി പറയുന്നുണ്ട്. ഇതുലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പതിനായിരം രൂപയോ അതല്ലെങ്കില്‍ പിടിച്ചെടുക്കുന്ന തുകയുടെ അഞ്ചിരട്ടിയോ, ഏതാണോ വലുത് അതനുസരിച്ച് പിഴയായി ഈടാക്കും.

കേസിന്റെ മുന്നോട്ടുള്ള ഗതി തങ്ങള്‍ വീക്ഷിക്കുകയാണെന്നും ഇത്തരത്തില്‍ ആദ്യമായാണ് സംഭവിക്കുന്നതെന്നും കാണ്‍പൂര്‍ സോണ്‍ ഐജി അലോക് സിംഗ് മാധ്യമങ്ങളോട് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇത്രയും തുക ഖട്രിയുടേു മാത്രമാണോ കൂടുതല്‍ പേര്‍ ഇയാള്‍ക്ക് പിന്നിലുണ്ടോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍