UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയുടെ വീടിന് പുറത്ത് ഉരുളക്കിഴങ്ങ് വലിച്ചെറിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

തെരുവുകളില്‍ ഉരുളക്കിഴങ്ങ് വലിച്ചെറിഞ്ഞവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ലക്‌നൗ പോലീസ്

ഉത്തര്‍പ്രദേശില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. തലസ്ഥാനമായ ലക്‌നൗവില്‍ തെരുവില്‍ ടണ്‍ കണക്കിന് ഉരുളക്കിഴങ്ങുകള്‍ വലിച്ചെറിഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും അത് 25 ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ക്ക് സഹായകരമല്ലെന്നതിനാലാണ് പ്രതിഷേധം ശക്തമായത്.

ട്രാക്ടറുകളിലും ട്രോളികളിലും ട്രക്കുകളിലുമായെല്ലാം എത്തിച്ച ടണ്‍ കണക്കിന് ഉരുളക്കിഴങ്ങുകള്‍ തെരുവിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിലും സംസ്ഥാന നിയമസഭയ്ക്ക് മുന്നിലുമായി ഉപേക്ഷിക്കുകയായിരുന്നു. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 155-160 ലക്ഷം മെട്രിക് ടണ്‍ ഉരുളക്കിഴങ്ങുകള്‍ വിളവെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ഒരു ക്വിന്റലിന് 487 രൂപ താങ്ങുവിലയായി നിശ്ചയിച്ച് ഉരുളക്കിഴങ്ങുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗിനോടും മറ്റ് സംസ്ഥാന സര്‍ക്കാരുകളോടും ഉത്തര്‍പ്രദേശില്‍ നിന്നും ഉരുളക്കിഴങ്ങുകള്‍ വാങ്ങാന്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെടുകയും ചെയ്തു. ഇത് കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ ഇ-നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ട്ടില്‍ ഉരുളക്കിഴങ്ങിന് പ്രാധാന്യം ലഭിക്കണമെന്നായിരുന്നു ആദിത്യനാഥിന്റെ ആവശ്യം.

എന്നാല്‍ 487 രൂപയെന്ന താങ്ങുവില പര്യാപ്തമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ശീതീകരിച്ച മുറികളില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതിന് ചെലവാകുന്ന തുക കണക്കിലെടുക്കാതെയാണ് ഈ വില നിശ്ചയിച്ചിരിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. കര്‍ഷകര്‍ക്ക് ചെയ്യുന്ന സഹായങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാരിന് താല്‍പര്യമെന്നും കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. ഈ തണുത്ത കാലാവസ്ഥയില്‍ കര്‍ഷകര്‍ ധര്‍ണയിരുന്നിട്ടും ആരും അത് ശ്രദ്ധിച്ചതു പോലുമില്ല.

അതേസമയം ഉരുളക്കിഴങ്ങിന് താങ്ങുവില നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്നും ഇത് പര്യാപ്തമല്ലെന്ന് തങ്ങള്‍ക്കറിയാമെന്നും ബിജെപി വക്താവ് രാകേഷ് ത്രിപതി പ്രതികരിച്ചു. ഈ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ തെരുവുകളില്‍ ഉരുളക്കിഴങ്ങ് വലിച്ചെറിഞ്ഞവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ലക്‌നൗ പോലീസ്. ഈ പ്രതിഷേധത്തിന് പിന്നിലെ ആളുകളെയും വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെ്‌നാണ് ലക്‌നൗ എസ്പി ദീപക് കുമാര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍