UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി ഇനി ‘പ്രശ്‌ന’ പ്രദേശ് അല്ല, ‘ഉത്തര്‍’ പ്രദേശ്: യോഗി ആദിത്യനാഥ്

യുപിയെ കുറിച്ചുള്ള കാഴ്ചപ്പാട് കാരണം ധനസ്ഥാപനങ്ങളൊന്നും ഞങ്ങള്‍ക്ക് വായ്പ തന്നിരുന്നില്ല

ഉത്തര്‍പ്രദേശിനെയും നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി യുപി ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റ് എന്ന പേരില്‍ ബുധനാഴ്ച മുതല്‍ സമ്മേളനം ആരംഭിക്കും. ഒരു വര്‍ഷം മുമ്പ് വരെ ദരിദ്ര്യ സംസ്ഥാനമെന്ന കാഴ്ചപ്പാടാണ് യുപിയെക്കുറിച്ച് ഉണ്ടായിരുന്നതെന്നും എന്നാല്‍ അത് മാറ്റിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്നും ആദിത്യനാഥ് അവകാശപ്പെടുന്നു.

നിക്ഷേപകരും വന്‍കിട വ്യവസായികളും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാണിക്കുന്ന താല്‍പര്യമാണ് അതിന് തെളിവെന്നും ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ യോഗി പറയുന്നു. യുപിയെ കുറ്റകൃത്യരഹിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ച കാലത്ത് തന്നെ പറഞ്ഞിരുന്നു. മുഖംനോക്കാതെ ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇപ്പോള്‍ താന്‍ ക്രിമിനലല്ലെന്ന് വെളിപ്പെടുത്തുന്ന പ്ലക്കാര്‍ഡുകളും പിടിച്ചാണ് പല ക്രിമിനലുകളും തെരുവിലൂടെ നടക്കുന്നത്.

യുപിയെ കുറിച്ചുള്ള കാഴ്ചപ്പാട് കാരണം ധനസ്ഥാപനങ്ങളൊന്നും ഞങ്ങള്‍ക്ക് വായ്പ തന്നിരുന്നില്ല. പല ബാങ്കുകളെയും ഞാന്‍ നേരിട്ട് തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ല. ഇനി ആരോടും യാചിക്കില്ലെന്ന് തീരുമാനിച്ചു. സ്വന്തം ആവശ്യത്തിനുള്ളത് ഇവിടെ നിന്നും തന്നെ ജനങ്ങളുടെ മേല്‍ അമിത ഭാരം വരുത്താതെ ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ചുവപ്പുനാടകളിലെ പ്രതിബന്ധം സാങ്കേതിക വിദ്യകൊണ്ടാണ് മറികടന്നത്. ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ ശരിയായ ആളുകള്‍ക്ക് ശരിയായ സന്ദേശം ചെന്നുകൊള്ളുമെന്നതാണ് ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റില്‍ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും യുപി നല്‍കുന്ന സന്ദേശം. യുപി എന്നത് ഇപ്പോള്‍ ശരിയ്ക്കും ‘ഉത്തര്‍’ പ്രദേശ് ആയെന്നും ഇനിയൊരിക്കലും ‘പ്രശ്‌ന’ പ്രദേശ് ആയിരിക്കില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍