UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് ചൊല്ലിയിട്ടും വീട്ടില്‍ നിന്നുമിറങ്ങിയില്ല; യുവതിയെ മകളുടെ മുന്നിലിട്ട് ചുട്ടുകൊന്നു

യുവതി പരാതി നല്‍കിയെങ്കിലും കേസെടുക്കാതിരുന്ന പോലീസ് അവരെ നിര്‍ബന്ധിച്ച് ഭര്‍തൃവീട്ടിലേക്ക് അയയ്ക്കുകയായിരുന്നു

മുത്തലാഖ് ചൊല്ലിയിട്ടും ഭര്‍ത്താവിന്റെ വീട്ടില്‍ തുടര്‍ന്ന യുവതിയെ അഞ്ചു വയസ്സുകാരി മകളുടെ മുന്നിലിട്ട് ഭര്‍ത്താവും ബന്ധുക്കളും ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ ശ്രാവസ്തി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പോലീസ് നിര്‍ദ്ദേശമനുസരിച്ചാണ് സയീദ(22) മുത്തലാഖ് ചൊല്ലിയതിന് ശേഷവും ഭര്‍ത്താവിന്റെ വീട്ടില്‍ തുടര്‍ന്നത്.

ബന്ധുക്കളുടെ സഹായത്തോടെയാണ് യുവതിയുടെ ഭര്‍ത്താവ് ഇവരെ ചുട്ടുകൊന്നത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാനോ നടപടിയെടുക്കാനോ പോലീസ് തയ്യാറായില്ല. യുവതിയോട് ഭര്‍തൃ വീട്ടില്‍ തന്നെ തുടരാനായിരുന്നു പോലീസിന്റെ നിര്‍ദ്ദേശം. മുംബൈയില്‍ ജോലി ചെയ്തിരുന്ന സയീദയുടെ ഭര്‍ത്താവ് നഫീസ് ഫോണ്‍ വഴിയാണ് മൊഴിചൊല്ലിയത്.

ഓഗസ്റ്റ് 15ന് ഭര്‍ത്താവിനൊപ്പം പോലീസ് സ്‌റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗവും സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ യുവതിയോട് ഭര്‍തൃവീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ച് പോലീസ് മടക്കിയയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ തര്‍ക്കമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സയീദയുടെ തലമുടിയില്‍ ഭര്‍ത്താവ് പിടിച്ചുവയ്ക്കുകയും ഭര്‍ത്താവിന്റെ സഹോദരിമാര്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. സയീദയുടെ അഞ്ചു വയസ്സുകാരിയായ മകളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍(മുത്തലാഖ് ബില്‍) പാസാക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് നഫീസ് സയീദയെ മൊഴിചൊല്ലിയതെന്ന് പിതാവ് ആരോപിച്ചു. 2018 സെപ്തംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വന്നത്. ഇതോടെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് രാജ്യത്ത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറി.

also read:4 ലക്ഷം ചിലവാക്കി മന്ത്രി രാജുവിന്റെ വെയ്റ്റിംഗ് ഷെല്‍ട്ടര്‍; പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് കൊടുക്കുന്നതും ഇതേ തുകയല്ലേ എന്ന് സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍