UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയല്‍ക്കിളികളുടെ ലോംഗ് മാര്‍ച്ച് മാറ്റിവച്ചത് പി ജരാജനുമായുള്ള രഹസ്യ ചര്‍ച്ചയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്

ബൈപ്പാസ് വിരുദ്ധ സമരം ജില്ലയ്ക്ക് പുറത്തേക്ക് നീളുന്നതോടെ തീവ്രവാദികള്‍ ഇത് ഹൈജാക്ക് ചെയ്യാനുള്ള സാധ്യതകള്‍ ജയരാജന്‍ ചൂണ്ടിക്കാണിച്ചതായാണ് വിവരം

കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികള്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. മനോരമയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വയല്‍ക്കിളികള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്താനിരുന്ന ലോംഗ് മാര്‍ച്ചിന്റെ തിയതി പ്രഖ്യാപിക്കാനിരുന്നതിന്റെ തലേദിവസമായിരുന്നു കൂടിക്കാഴ്ചയെന്നും മനോരമയുടെ വാര്‍ത്തയില്‍ പറയുന്നു.

പിറ്റേന്ന് നടന്ന സമരസമിതി യോഗത്തില്‍ ലോംഗ് മാര്‍ച്ച് മൂന്ന് മാസത്തേക്ക് നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈമാസം അഞ്ചിനാണ് കീഴാറ്റൂര്‍ സമരസമിതിയുടെയും ഐക്യദാര്‍ഢ്യ സമിതിയുടെയും നേതൃത്വത്തില്‍ കണ്ണൂരില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നത്. ലോംഗ് മാര്‍ച്ചിന്റെ തിയതി ഈ കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ നാലിന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പി ജയരാജനുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് മനോരമ പറയുന്നത്. ബൈപ്പാസ് വിരുദ്ധ സമരം ജില്ലയ്ക്ക് പുറത്തേക്ക് നീളുന്നതോടെ തീവ്രവാദികള്‍ ഇത് ഹൈജാക്ക് ചെയ്യാനുള്ള സാധ്യതകള്‍ ജയരാജന്‍ ചൂണ്ടിക്കാണിച്ചതായാണ് വിവരം.

ലോംഗ് മാര്‍ച്ചിന് പിന്തുണയുമായി മതതീവ്രവാദ സംഘടനകളും മാവോയിസ്റ്റുകളും എത്തുന്നതിന്റെ പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. ലോംഗ് മാര്‍ച്ചിന്റെ തിയതി ഓഗസ്റ്റിലേക്ക് മാറ്റിവയ്ക്കുന്നതായി പിറ്റേന്ന് സമര സമിതി പ്രഖ്യാപിക്കുകയും ചെയ്തു. ചര്‍ച്ച നടത്തിയതായി സുരേഷ് കീഴാറ്റൂരും ജയരാജനും സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ പാത അതോറിറ്റി നിശ്ചയിച്ച അലൈന്‍മെന്റില്‍ തന്നെ ബൈപ്പാസ് നിര്‍മ്മിക്കണമെന്നാണ് സിപിഎം നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ വയല്‍ക്കിളികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞതായാണ് മനോരമ പറയുന്നു. ജയരാജനുമായി ചര്‍ച്ച നടത്തിയെന്ന് അംഗീകരിക്കുന്ന സുരേഷ് കീഴാറ്റൂര്‍ വയല്‍ നികത്തരുതെന്ന മുന്‍നിലപാട് തന്നെയാണ് തങ്ങള്‍ക്ക് ഇപ്പോഴുമെന്ന് വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍