UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാറ്റൂരിലെ ഹരിത കവചം: സിപിഎമ്മിനെ പിന്തുണച്ച് വയല്‍ക്കിളികള്‍

തിരുവനന്തപുരത്തേക്ക് നടത്താനിരുന്ന ലോംഗ് മാര്‍ച്ച് ഉടനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎമ്മിനെ പ്രശംസിച്ച് വയല്‍ക്കിളികള്‍ രംഗത്തെത്തിയിരിക്കുന്നത്

കീഴാറ്റൂരില്‍ സിപിഎം പ്രഖ്യാപിച്ച പരിസ്ഥിതി സംരക്ഷണ കാമ്പെയ്‌നിംഗിന് പിന്തുണ പ്രഖ്യാപിച്ച് വയല്‍ക്കിളികള്‍. സമരത്തിന് നേതൃത്വം നല്‍കുന്ന സുരേഷ് കീഴാറ്റൂരാണ് സിപിഎമ്മിന്റെ പാരിസ്ഥിതിക പദ്ധതിയായ ഹരിത കവചത്തെ പ്രശംസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് കുറിപ്പിട്ടത്.

വയല്‍ നികത്തലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് നടത്താനിരുന്ന ലോംഗ് മാര്‍ച്ച് ഉടനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎമ്മിനെ പ്രശംസിച്ച് വയല്‍ക്കിളികള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ഹരിത കവചം ഒരു നല്ല ആശയം തന്നെയാണ്. ഒരു പ്രസ്ഥാനം മുന്‍കൈ എടുക്കുന്നത് അഭിനന്ദനീയം. പ്രചാരണത്തിനപ്പുറം ഇത് സംരക്ഷിച്ച് മുന്നോട്ട് പോകാനും സാധിക്കണം’. എന്നായിരുന്നു സുരേഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കീഴാറ്റൂരില്‍ സ്വീകരിച്ച പരിസ്ഥിതി വിരുദ്ധ നിലപാട് തിരുത്താന്‍ ഒരുമാസം നീളുന്ന പരിസ്ഥിതി സംരക്ഷണ കാമ്പെയ്‌നിംഗ് ആണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ശില്‍പ്പശാലകള്‍, പ്ലാസ്റ്റിക് വിരുദ്ധ പ്രചരണം, ശുചീകരണം, പുഴയറിയാന്‍ യാത്ര, കാവുസംരക്ഷണം, വൃക്ഷത്തൈ നടീല്‍ തുടങ്ങിയ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുക.

കണ്ണൂരിനൊരു ഹരിത കവചം എന്ന മുദ്രാവാക്യമുയര്‍ത്തി ജൂണ്‍ അഞ്ചിന് ജില്ലയില്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. 18 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ തൈകള്‍ ഉല്‍പ്പാദിപ്പിക്കും. പുഴയോരങ്ങളില്‍ കണ്ടല്‍ത്തൈകളും വച്ചുപിടിപ്പിക്കും. ജില്ലയിലെ കാവുകള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും സിപിഎം ഏറ്റെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യക്തമാക്കി.

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളി സംഘടനയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയപ്പോള്‍ വയല്‍ നികത്തലിന് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇത് വലിയ തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കീഴാറ്റൂര്‍ പ്രശ്‌നത്തിലെ നിലപാട് വിശദീകരിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ട് മേഖല ജാഥകള്‍ സിപിഎം നടത്തി. ഇതിന് ബദലായി ലോംഗ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പരിപാടികള്‍ വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചതോടെയാണ് സിപിഎം ഒരുമാസം നീളുന്ന പരിസ്ഥിതി സംരക്ഷ കാമ്പെയ്ന്‍ സംഘടിപ്പിച്ചത്. എന്നാല്‍ വയല്‍ക്കിളികള്‍ ലോംഗ് മാര്‍ച്ച് ഉടന്‍ വേണ്ടെന്ന തീരുമാനമാണ് പിന്നീട് സ്വീകരിച്ചത്.

സിപിഎമ്മിനെ പ്രശംസിച്ച സുരേഷ് കീഴാറ്റൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നിങ്ങളുടെ രാഷ്ട്രീയം എന്താണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും ലോംഗ് മാര്‍ച്ചിന്റെ ഫ്‌ളക്‌സ് അടിച്ചോയെന്നുമാണ് വിമര്‍ശനങ്ങളില്‍ ചിലത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍