UPDATES

നാളെ മുതല്‍ വീണ്ടും വാഹന പരിശോധന; ഉയര്‍ന്ന പിഴ ഈടാക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോര്‍ വാഹനനിയമഭേദഗതിയില്‍ പ്രതിഷേധം ശക്തമായപ്പോഴാണ് ഓണക്കാലത്ത് മാത്രം വാഹനപരിശോധന നിര്‍ത്തി വയ്ക്കാനും ഉയര്‍ന്ന പിഴ ഈടാക്കേണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്.

ഓണക്കാലത്തേക്ക് നിര്‍ത്തിയ മോട്ടോര്‍ വാഹന പരിശോധന നാളെ മുതല്‍ വീണ്ടും ആരംഭിക്കും. അതേസമയം നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും, വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂവെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിക്കും. എട്ട് ഇനങ്ങളില്‍ പിഴത്തുക പകുതിയാക്കിയ മണിപ്പൂര്‍ മാതൃക പിന്തുടരുന്ന കാര്യമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

മോട്ടോര്‍ വാഹനനിയമഭേദഗതിയില്‍ പ്രതിഷേധം ശക്തമായപ്പോഴാണ് ഓണക്കാലത്ത് മാത്രം വാഹനപരിശോധന നിര്‍ത്തി വയ്ക്കാനും ഉയര്‍ന്ന പിഴ ഈടാക്കേണ്ടെന്നും സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. വന്‍തുക പിഴയായി ഈടാക്കുന്ന നിയമഭേദഗതിക്കെതിരെ ബിജെപിയുള്‍പ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കനത്ത പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി. ഈ സാഹചര്യത്തില്‍ ഇനി എന്തുവേണമെന്ന് തീരുമാനിക്കാനാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന യോഗം ശനിയാഴ്ച വിളിച്ചു ചേര്‍ക്കുന്നത്.

കേന്ദ്രനിയമപ്രകാരമാണ് മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നതെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ നേരിട്ട് ഈടാക്കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന തരത്തില്‍ ഇടപെടാനാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതിയുള്ളത്.

ഈ പഴുത് ഉപയോഗിക്കാനാണ് കേരളത്തിന്റെ ശ്രമം. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്താനാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.

കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഓണനാളുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നില്ല.

കനത്ത പിഴ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഒഴിവാക്കാന്‍ കൂടിയാണ് പുതിയ നീക്കം.

also read:ഒ ടി പി നമ്പര്‍ പറഞ്ഞുകൊടുത്ത് കുസാറ്റ് മുന്‍ വിസിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം: അന്വേഷണം കേരളത്തിന് പുറത്തേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍