UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ തുഷാര്‍ എസ്എന്‍ഡിപിയില്‍ നിന്നും രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി

എസ്എന്‍ഡിപി ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപിയിലെ സ്ഥാനം രാജിവയ്ക്കണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് വേണ്ടി വോട്ട് തേടിയത് തെറ്റായി പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിഡിജെഎസില്‍ ശക്തമാണ്. തുഷാര്‍ മത്സരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഗൗരവമായല്ല കാണുന്നതെന്ന പ്രതീതി ബിജെപി നേതൃത്വത്തിനുണ്ടാകുമെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. അത് മറ്റ് സീറ്റുകളില്‍ പാര്‍ട്ടിയുടെ പ്രചരണത്തെ ബാധിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്.

ആലത്തൂര്‍, എറണാകുളം, ഇടുക്കി, വയനാട് സീറ്റുകളിലും മറ്റൊരു സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് തുഷാര്‍ പറഞ്ഞിരുന്നു. അതേസമയം എസ്എന്‍ഡിപി ഭാരവാഹികളാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വെള്ളാപ്പള്ളി നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അത് യോഗത്തിന്റെ തീരുമാനമല്ലെന്നും വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും തുഷാറും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. മത്സരിക്കുന്നതിന് മുമ്പ് എസ്എന്‍ഡിപി യോഗത്തിന്റെ അനുമതി തേടുമെന്നും തുഷാര്‍ അന്ന് പറഞ്ഞിരുന്നു. ഇന്ന് ഇരുവരും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പരസ്പരം തമ്മില്‍ കണ്ടിരുന്നു. വെള്ളാപ്പള്ളിയുടെ നിലപാടില്‍ മാറ്റമില്ലെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍