UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സമാധാനം വാക്കില്‍ മാത്രം; യുഡിഎഫ് ഹര്‍ത്താലില്‍ പരക്കെ ആക്രമണം

അക്രമ സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നുമാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പുനല്‍കിയിരുന്നത്‌

വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉറപ്പുനല്‍കിയിരുന്നെങ്കിലും പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും യുഡിഎഫ് പ്രകടനം ആരംഭിച്ചു. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റിലേക്കായിരുന്നു പ്രകടനം. വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ തലസ്ഥാനത്ത് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ അടഞ്ഞു കിടക്കുകയാണ്. തുറന്നവ ബലമായി അടപ്പിക്കുന്നുമുണ്ട്.

തിരുവനന്തപുരത്ത് പൂവച്ചലില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഡിപ്പോയില്‍ നിന്നും പുറത്തിറക്കുമ്പോഴായിരുന്നു ആക്രമണം. ഹര്‍ത്താലിനിടെ പോത്തന്‍കോട് സംഘര്‍ഷമുണ്ടായി. പോത്തന്‍കോട് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. കൊച്ചി പാലാരിവട്ടത്തും ബസിന് നേരെ കല്ലേറുണ്ടായി. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചപ്പോള്‍

ഗ്രാമപ്രദേശങ്ങളില്‍ പോലും ഹര്‍ത്താലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ വാഹനങ്ങള്‍ തടയുന്നുണ്ടായിരുന്നു. അതേസമയം അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് ജാഗ്രത പാലിക്കുകയാണ്. ഇന്ന് നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റമില്ലെന്ന് പി.എസ്.സി അറിയിച്ചു. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല എന്ന മുന്‍ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ ഹര്‍ത്താല്‍ ‘ഗുണ്ട’യും അറിയാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍