UPDATES

മരട് ഫ്‌ളാറ്റ് പൊളിക്കണം; നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും വിഎസ്

ഫ്‌ളാറ്റ് വിഷയത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്.

മരട് ഫ്‌ളാറ്റ് പൊളിക്കണമെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കരുതെന്നും വിഎസ് അച്യുതാനന്ദന്‍. കോടതികളെ ഉപയോഗിച്ച് നിയമലംഘനം സാധുവാക്കുന്നത് ബില്‍ഡര്‍മാരുടെ തന്ത്രമാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. അവരെ കരിമ്പട്ടികയില്‍ പെടുത്തണം. പ്രമുഖര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കി അവരെ ഉപയോഗിച്ച് മറ്റുള്ളവരെ കുടുക്കുന്നതാണ് ബില്‍ഡര്‍മാരുടെ തന്ത്രമെന്നും വിഎസ് ആരോപിക്കുന്നു.

ഇത്തരക്കാരെ സഹായിക്കുന്നത് അഴിമതിക്ക് കൂട്ടുനില്‍ക്കലാകുമെന്നും വിഎസ് വ്യക്തമാക്കി. അതേസമയം മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. താമസക്കാര്‍ ഒഴിഞ്ഞുപോകാന്‍ സുപ്രിംകോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ തുടര്‍നടപടി യോഗം ചര്‍ച്ച ചെയ്യും. സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ട് പോകുകയാണ്. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുമ്പോള്‍ പുനരധിവാസം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി വൈകിട്ട് മൂന്നിന് അവസാനിക്കും.

ഇതിനിടെ ഫ്‌ളാറ്റ് വിഷയത്തില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഫ്‌ളാറ്റ് വിഷയത്തില്‍ നിലപാടെടുത്തതെന്ന് ആര്‍എസ്പി ആരോപിച്ചു.

വിഎസിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം താഴെ:

രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്‌ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും, അക്കാര്യം ചൂണ്ടിക്കാട്ടപ്പെടുമ്പോഴെല്ലാം നീതിപീഠങ്ങളില്‍നിന്ന് സ്റ്റേ സമ്പാദിച്ച ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും, പിന്നീടത് വിറ്റഴിക്കുകയും ചെയ്യുകയാണ് ഒരു കൂട്ടം ബില്‍ഡര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ലാറ്റുകള്‍ നല്‍കുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്‌ലാറ്റുകള്‍ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബില്‍ഡര്‍മാര്‍ വേറെയുമുണ്ട്. പാറ്റൂര്‍ ഫ്‌ലാറ്റ് ഇത്തരത്തില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ നിയമ നടപടി സ്വീകരിച്ചുവരികയാണ്. മറ്റ് ചില കക്ഷികളും ഇതേ വിഷയത്തില്‍ കേസ് നടത്തുന്നുണ്ട്. നിര്‍മ്മാണത്തിന്റേയും വിറ്റഴിക്കലിന്റേയും ഘട്ടങ്ങളില്‍ ഇടപെടാതിരിക്കുകയും, പിന്നീട് നിയമ നടപടി പൂര്‍ത്തിയാവുമ്പോള്‍ അതിന്റെ ബാദ്ധ്യത പൊതുജനം ഏറ്റെടുക്കണം എന്ന് വാദിക്കുകയും ചെയ്യുന്നത് അഴിമതിക്കും നിയമലംഘനത്തിനും കൂട്ടു നില്‍ക്കലാവും.

ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നാണ് ഈ ഘട്ടത്തില്‍ ആവശ്യപ്പെടാനുള്ളത്. ഇപ്പോള്‍ നിയമ നടപടി തുടരുന്ന ഫ്‌ലാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണം. ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തുകയും അവര്‍ക്കും, വഴിവിട്ട് അനുമതികള്‍ നല്‍കിയവരും അവര്‍ക്ക് പ്രചോദനം നല്‍കിയവരുമായ എല്ലാവര്‍ക്കും എതിരായി നിയമ നടപടി സ്വീകരിക്കണം.

also read:“ഫ്‌ളാറ്റിന്റെ സ്‌കെച്ച് കണ്ടപ്പോള്‍ പാസാക്കി കൊടുത്തു കാണും. നല്ല കളറില്‍ ഭംഗിയില്‍ ആയിരിക്കുമല്ലോ വരച്ചിരിക്കുന്നത്”; മരട് ഫ്‌ളാറ്റ് വിവാദത്തില്‍ കൈകഴുകി ജനപ്രതിനിധികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍