UPDATES

വാര്‍ത്തകള്‍

വ്യത്യാസം വന്നാല്‍ വോട്ടിംഗ് യന്ത്രത്തിനല്ല വിവിപാറ്റുകള്‍ക്കാണ് മുന്‍ഗണനയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഇവിഎമ്മുകള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു

വിവിപാറ്റുകളും വോട്ടിംഗ് യന്ത്രവും തമ്മില്‍ വ്യത്യാസം വന്നാല്‍ വിവിപാറ്റുകളെ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. അതേസമയം വിവിപാറ്റുകള്‍ ആദ്യമെണ്ണണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ആദ്യം വിവിപാറ്റുകള്‍ എണ്ണണമെന്നും അതും വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വിവിപാറ്റുകള്‍ അവസാനം മാത്രമേ എണ്ണാനാകൂവെന്ന് വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യത്യാസം വന്നാല്‍ വിവിപാറ്റുകളെ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

ആദ്യം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തോളം വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. ഇവിഎമ്മുകള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് തവണ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അഞ്ച് ശതമാനം വിവിപാറ്റുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, അഭിഷേക് മനു സിംഗ്‌വി, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ബിഎസ്പിയുടെ സതീഷ് ചന്ദ്ര മിശ്ര, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍, ടിഎംസിയുടെ ഡെറക് ഒബ്രയന്‍, എസ്പി നേതാവ് രാംഗോപാല്‍ യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, ആര്‍ജെഡി മനോജ് ഷാ, എന്‍സിപി നേതാവ് മജീദ് മേമണ്‍, എന്‍സി ദേവീന്ദര്‍ റാണ എന്നിവരാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തത്.

”വിവിപാറ്റുകളും വോട്ടുകളും തമ്മില്‍ വ്യത്യാസം വന്നാല്‍ വീണ്ടും എണ്ണിനോക്കാമെന്നല്ലാതെ എന്ത് ചെയ്യണമെന്ന ഒരു ധാരണയും തെരഞ്ഞെടുപ്പ് കമ്മീഷനില്ല. ഇതിന്റെ കൃത്യത ഉറപ്പാക്കാനാണ് വിവിപാറ്റുകളില്‍ എന്തെങ്കിലും വ്യത്യാസം വന്നാല്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്”, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ഇതിനുള്ള ഉത്തരമാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയത്.

read more: ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍