UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാപം അഴിമതി: ശിവരാജ് ചൗഹാനെ ഒഴിവാക്കി 490 പേര്‍ക്കെതിരായ കേസ്ഷീറ്റ് സമര്‍പ്പിച്ചു

തങ്ങള്‍ കണ്ടെത്തിയ ഹാര്‍ഡ് ഡിസ്‌കുകളില്‍ മുഖ്യമന്ത്രിയുടെ പേര് പോലും പരാമര്‍ശിക്കുന്നില്ലെന്നാണ് സിബിഐ നല്‍കുന്ന വിശദീകരണം

കോടികളുടെ അഴിമതി നടന്ന വ്യാപം ഇടപാടില്‍ 490 പേര്‍ക്കെതിരായ കേസ് ഷീറ്റ് ഇന്നലെ സിബിഐ സമര്‍പ്പിച്ചു. അതേസമയം ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സിബിഐ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.

തങ്ങള്‍ കണ്ടെത്തിയ ഹാര്‍ഡ് ഡിസ്‌കുകളില്‍ മുഖ്യമന്ത്രിയുടെ പേര് പോലും പരാമര്‍ശിക്കുന്നില്ലെന്നാണ് സിബിഐ ഇതിന് കോടതിയില്‍ നല്‍കിയ വിശദീകരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ്, പ്രശാന്ത് പാണ്ഡെ എന്നിവരാണ് ചൗഹാനെതിരെ ആരോപണം ഉന്നയിച്ചത്. ഫോറന്‍സിക് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളാണ് സിബിഐ അവതരിപ്പിച്ചിരിക്കുന്നത്. ഭോപ്പാലിലെ പ്രത്യേക കോടതിയിലെ കേസ്ഷീറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതില്‍ നിന്നും ഇതിലെ രേഖകളില്‍ തിരിമറികള്‍ ഉണ്ടായിട്ടില്ലെന്ന് തെളിഞ്ഞതായി സിബിഐ വക്താവ് അഭിഷേക് ദയാല്‍ അറിയിച്ചു.

2013ല്‍ മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്(വ്യാവസായിക് പരീക്ഷ മണ്ഡല്‍ അല്ലെങ്കില്‍ വ്യാപം) നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്. ചില ഉദ്യോഗസ്ഥര്‍ പരീക്ഷയില്‍ തിരിമറി നടത്തി ഫലം അട്ടിമറിച്ചുവെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. ഹാള്‍ടിക്കറ്റ് നമ്പരുകളില്‍ തിരിമറി നടത്തിയും പണംകൊടുത്ത് മറ്റുള്ളവരെക്കൊണ്ട് പരീക്ഷയെഴുതാന്‍ സഹായിച്ചുമെല്ലാമാണ് ഈ കേസിലെ അഴിമതി നടന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സഹായികളുടെ തൊട്ടടുത്ത് തന്നെ ഇരിക്കാന്‍ പറ്റുന്ന വിധത്തിലാണ് ഹാള്‍ ടിക്കറ്റ് നമ്പരുകളില്‍ തിരിമറി നടത്തിയത്. കോടിക്കണക്കിന് രൂപയാണ് വ്യാപം ഉദ്യോഗസ്ഥര്‍ ഇതിനായി കൈപ്പറ്റിയത്. സഹായികളായ പരീക്ഷാര്‍ത്ഥികള്‍ ഒന്നുകില്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളോ അല്ലെങ്കില്‍ മധ്യപ്രദേശ്, യുപി, ബിഹാര്‍, ഡെല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ഉന്നതമാര്‍ക്കോടെ മെഡിക്കല്‍ പരീക്ഷ ജയിച്ചവരോ ആയിരുന്നു.

സിബിഐയുടെ കേസ് ഷീറ്റില്‍ മൂന്ന് വ്യാപം ഉദ്യോഗസ്ഥര്‍, മൂന്ന് ഗൂഢാലോചനക്കാര്‍, 17 ഇടനിലക്കാര്‍, സഹായികളും പരീക്ഷാര്‍ത്ഥികളും 297 പേര്‍, 170 രക്ഷിതാക്കള്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ആരോപണം ഉന്നയിച്ച പാണ്ഡെയ്‌ക്കെതിരായ നടപടി സിബിഐ കോടതിയുടെ തീരുമാനത്തിന് വിട്ടു. സിബിഐയ്ക്കും ഡല്‍ഹി ഹൈക്കോടതിയ്ക്കും പാണ്ഡെ നല്‍കിയ പെന്‍ഡ്രൈവിലെ എക്‌സല്‍ ഫയലുകളിലാണ് മുഖ്യമന്ത്രി ചൗഹാനെതിരെ പരാമര്‍ശങ്ങളുള്ളത്. ഈ ഫയലുകളില്‍ വ്യാപം ഓഫീസില്‍ നിന്നും ഈ പെന്‍ഡ്രൈവുകള്‍ പിടിച്ചെടുത്ത 2013 ജൂലൈ 18ന് ശേഷം തിരിമറികള്‍ നടത്തിയിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍