UPDATES

മരട് ഫ്‌ളാറ്റുകളില്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല: നിര്‍മ്മാതാക്കളായ ആല്‍ഫാ വെന്‍ച്വേഴ്‌സ്

തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് അവരുടെ മറുപടിയില്‍ പറയുന്നത്

മരട് ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ ഇനി തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് നിര്‍മ്മാതാക്കളായ ആല്‍ഫാ വെന്‍ച്വേഴ്‌സ്. മരട് നിയമസഭയ്ക്ക് നല്‍കിയ മറുപടി കത്തിലാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം പറയുന്നത്. ഫ്‌ളാറ്റുകള്‍ നിയമാനുസൃതം തന്നെ ഉടമകള്‍ക്ക് വിറ്റതാണെന്നും പദ്ധതിയുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ബന്ധമൊന്നുമില്ലെന്നും നിര്‍മാതാക്കള്‍ പറയുന്നു. തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതോടെയാണ് സുപ്രിംകോടതി ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ആവശ്യപ്പെട്ടത്.

2006ല്‍ സിപിഎം നേതൃത്വത്തില്‍ എല്‍ഡിഎഫ് മരട് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് ഫ്ളാറ്റുകള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്. പിന്നീട് യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കുടിപ്പാര്‍പ്പ് അവകാശവും നല്‍കി. എന്നാല്‍ ആ സമയത്ത് തന്നെ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി(CZMA)യുടെ അനുമതിയില്ലാതെയാണ് ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് പഞ്ചായത്ത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് CZMA ഫ്ളാറ്റ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഫ്ളാറ്റുകള്‍ പൊളിച്ചുകളയാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കാനായിരുന്നു ഈ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് മറുപടി നല്‍കാതെ ഫ്ളാറ്റ് ഉടമകള്‍ നേരിട്ട് ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷന്‍ നല്‍കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. CZMA അപ്പീലുമായി സുപ്രിംകോടതിയെ സമീപിപിച്ചു. വിശദമായ വാദം കേട്ട സുപ്രിംകോടതി മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റുകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് 2019 മെയ് എട്ടിന് വിധിച്ചു. ഇതിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ എത്തിയതോടെ വിധി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഉടമകള്‍ തന്നെയാണ് നികുതി അടയ്ക്കുന്നതെന്നും അതിനാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കില്ലെന്നും അവര്‍ മറുപടി കത്തില്‍ വ്യക്തമാക്കുന്നു. ഫ്‌ളാറ്റുടമകളുടെ നഷ്ടത്തിന് കാരണം നിര്‍മ്മാതാക്കളും നഗരസഭാ ഉദ്യോഗസ്ഥരുമാണെന്ന രാഷ്ട്രീയ നേതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം വന്നിരിക്കുന്നത്. സമരം ചെയ്യുന്ന ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്ന നേതാക്കളാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ തിരിഞ്ഞത്. ഇതുകൂടാതെ നഗരസഭയുടെ നോട്ടീസ് കൂടി ലഭിച്ചപ്പോഴാണ് ബില്‍ഡര്‍മാര്‍ മറുപടിയുമായി രംഗത്തെത്തിയത്. തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് അവരുടെ മറുപടിയില്‍ പറയുന്നത്. ഇതിനിടെ ഫ്‌ളാറ്റ് ഉടമകളും നഗരസഭയ്ക്ക് കത്ത് നല്‍കി. എന്ത് സംഭവിച്ചാലും തങ്ങള്‍ ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്നാണ് ഇവരുടെ കത്തിലെ ഉള്ളടക്കം. മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതില്‍ സര്‍ക്കാരില്‍നിന്ന് യാതൊരു അറിയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

വിഷയത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റുടമകള്‍ നാളെ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ്. ഈമാസം 20നകം പാര്‍പ്പിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. 343 ഫ്‌ളാറ്റുകളിലായി 1472 പേരെ പുനരവധിവസിപ്പിക്കേണ്ടി വരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

also read:ഹിന്ദി യഥാര്‍ത്ഥത്തില്‍ ദേശീയ ഭാഷയും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയുമാണോ? ഭരണഘടനയും കണക്കുകളും പറയുന്നത് ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍