UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹ സമ്മാന സ്‌ഫോടനം: ഭര്‍ത്താവിന്റെ മരണം അറിയാതെ ഭാര്യ

റീമയ്ക്ക് സ്‌ഫോടനം നടന്നതിനെക്കുറിച്ച് ഓര്‍മ്മയുണ്ടെങ്കിലും ഭര്‍ത്താവും മുത്തശ്ശിയും മരിച്ചതിനെക്കുറിച്ച് അറിയിച്ചിട്ടില്ല

വിവാഹ സമ്മാനമായി ലഭിച്ച പൊതിക്കുള്ളിലെ ബോംബ് പൊട്ടിത്തെറിച്ച് ഭര്‍ത്താവ് മരിച്ചു. മരിച്ച സംഭവം അറിയാതെ ഭാര്യ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഒഡീഷയിലെ കട്ടക്കിനടുത്തുള്ള ബോലംഗിര്‍ ജില്ലയിലെ പാട്‌നാഗര്‍ സ്വദേശി സൗമ്യ ശേഖര്‍ സാഹു(23) ആണ് മരിച്ചത്. സാഹുവിന്റെ മുത്തശ്ശിയും അപകടത്തില്‍ കൊല്ലപ്പെട്ടു. ഇദ്ദേഹം വസ്ത്രവ്യാപാരിയാണ്.

ഇദ്ദേഹത്തിന്റെ നവവധു റീമ(23) ഭര്‍ത്താവും മുത്തശ്ശിയും മരിച്ചതറിയാതെ ഇപ്പോഴും കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ റീമയുടെ ഇടതുഭാഗത്തിനാണ് പൊള്ളലേറ്റത്. ഇവരുടെ കേള്‍വി ശക്തി ഇല്ലാതായതായും ബന്ധു കൂടിയായ രാകേഷ് സാഹു അറിയിച്ചു. റീമയ്ക്ക് സ്‌ഫോടനം നടന്നതിനെക്കുറിച്ച് ഓര്‍മ്മയുണ്ടെങ്കിലും ഭര്‍ത്താവും മുത്തശ്ശിയും മരിച്ചതിനെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും രാകേഷ് സാഹു വ്യക്തമാക്കി. ഫെബ്രുവരി 23നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന വസ്തു ഫോറന്‍സിക് വിഭാഗം പരിശോധിച്ചു വരികയാണ്. പോലീസ് ഔദ്യോഗികമായി അന്വേഷണത്തെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചെങ്കിലും സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

സ്‌ഫോടനത്തില്‍ റീമയ്ക്ക് 30-35 ശതമാനമാണ് പൊള്ളലേറ്റിരിക്കുന്നതെന്ന് അവരെ ചികിത്സിക്കുന്ന എസ് സി ബി മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആനന്ദ പട്‌നായിക് അറിയിച്ചു. അതേസമയം സ്‌ഫോടനത്തില്‍ ആരെയും സംശയമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

റീമ ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നതിനാല്‍ ദമ്പതികള്‍ അവിടെ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. വിവാഹം നടന്ന ഫെബ്രുവരി 18ന് ശേഷം ഇവര്‍ സൗമ്യ ശേഖര്‍ സാഹുവിന്റെ മാതാപിതാക്കള്‍ക്കൊപ്പം പാട്‌നാനഗറിലാണ് താമസിച്ചത്. മാതാപിതാക്കള്‍ പുറത്തു പോയ സമയത്താണ് സ്‌ഫോടനമുണ്ടായത്. വിവാഹത്തിന് ലഭിച്ച സമ്മാനപ്പൊതികളിലൊന്ന് തുറക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ശേഖറും അമ്മൂമ്മയും അത് അടുക്കളയില്‍ ഒരു കത്തി ഉപയോഗിച്ച് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. റീമ ഇവരെ അന്വേഷിച്ച് അവിടേക്ക് എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തികള്‍ തകര്‍ന്നു. കൊറിയറായി ലഭിച്ച സമ്മാനപ്പൊതികളിലൊന്നിലാണ് ബോംബ് ഉണ്ടായിരുന്നത്. ഫെബ്രുവരി 23ന് ഉച്ചയോടെയാണ് ഈ സമ്മാനപ്പൊതി വീട്ടിലെത്തിയത്. റായ്പൂരില്‍ നിന്നുമാണ് ഈ പൊതി എത്തിയതെന്ന് ഇത് ഇവിടെ എത്തിച്ച കൊറിയര്‍ ഏജന്‍സിയുടെ ഉടമ ദിലിപ് കുമാര്‍ ഡാഷ് അറിയിച്ചു. രണ്ട് കിലോയാണ് ഇതിന് ഭാരമുണ്ടായിരുന്നത്. ഇതിന്റെ രസീത് ഡാഷ് പാട്‌നാനഗര്‍ പോലീസിന് കൈമാറി. സ്‌ഫോടക വസ്തുക്കള്‍ കൂടാതെ 20,000 രൂപ വില വരുന്ന സ്വര്‍ണ നാണയങ്ങളും ഇതിനുള്ളില്‍ ഉണ്ടായിരുന്നു.

കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് പാട്‌നാനഗര്‍ എംഎല്‍എയും ബിജെപി നേതാവുമായ കെ വി സിംഗ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനോട് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍