UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരുന്ന് കടയുടെ ലൈസന്‍സ് റദ്ദാക്കി: ഡ്രഗ് ഇന്‍സ്‌പെക്ടറെ വെടിവച്ചുകൊന്നു

റോപാറില്‍ ജില്ലാ ഡ്രഗ് ഓഫീസര്‍ ആയിരുന്ന നേഹ ഇവിടെ റെയ്ഡ് നടത്തുകയും ലഹരി മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു

മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥയെ ഓഫീസില്‍ കയറി വെടിവച്ച് കൊന്നു. പഞ്ചാബ് ആരോഗ്യവകുപ്പില്‍ സീനിയര്‍ ഡ്രഗ് ഇന്‍സ്‌പെക്ടറായ നേഹ ഷോറിയെയാണ് പോയിന്റ് ബ്ലാങ്കില്‍ നിന്ന് ആക്രമി വെടിവച്ചത്. പിന്നീട് ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയും ചെയ്തു. പഞ്ചാബിലെ മൊഹാലിക്കടുത്ത് ഖരാറിലാണ് സംഭവം.

മോഹാലി, റോപ്പാര്‍ ജില്ലകളുടെ ചുമതലയായിരുന്നു നേഹയ്ക്ക്. മൊറിന്ദ സ്വദേശിയായ ബല്‍വിന്ദര്‍ സിംഗ് ഇവരുടെ ഓഫീസിലെത്തുകയും തന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയുമായിരുന്നു. അക്രമണത്തിന് ശേഷം മോട്ടോര്‍സൈക്കിളില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. ഇന്നലെ രാവിലെ 11.40ഓടെയായിരുന്നു സംഭവം.

സ്ഥലത്തെത്തിയ ഖരാര്‍ ഡിഎസ്പി പ്രതിയെ കസ്റ്റഡിയിലെടുത്തു. സിംഗിനെ ഛണ്ഡിഗഡിലെ എജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ബല്‍വിന്ദര്‍ 2009ല്‍ മൊറിന്ദയില്‍ മരുന്ന് കട നടത്തിയിരുന്നു. അന്ന് റോപാറില്‍ ജില്ലാ ഡ്രഗ് ഓഫീസര്‍ ആയിരുന്ന നേഹ ഇവിടെ റെയ്ഡ് നടത്തുകയും ലഹരി മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

അതേസമയം കൊലപാതകത്തിന്റെ കാരണം ഇത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്നാല്‍ ബല്‍വിന്ദറിന് നേഹയോട് കടുത്ത പകയുണ്ടായിരുന്നുവെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. ഏതാനും മാസം മുമ്പാണ് ഇയാള്‍ .32 റിവോള്‍വറിനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 11 മുതല്‍ എല്ലാവരും തങ്ങളുടെ ലൈസന്‍സുള്ള തോക്കുകള്‍ പോലീസില്‍ സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ ഇയാള്‍ അത് ചെയ്തിട്ടില്ല.

ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കൃത്യനിര്‍വഹണത്തിന്റെ പേരില്‍ ഒരു പൊതുസേവകരും ആക്രമിക്കപ്പെടാന്‍ പാടില്ലെന്നും അമരിന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ പഞ്ചാബിലെ ക്രമസമാധാനം തകര്‍ന്നതായി പ്രതിപക്ഷമായ ശിരോമണി അകാലിദളും ആംആദ്മി പാര്‍ട്ടിയും ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍