UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടൂര്‍ കെ എ പി ക്യാമ്പിലെ വനിതാ കോണ്‍സ്റ്റബിള്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്നലെ നിലയ്ക്കലില്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഏഴുമണിയോടെ വീട്ടിലെത്തിയതാണ് ഹണി

അടൂര്‍ കെ എ പി ക്യാമ്പിലെ പോലീസ് കോണ്‍സ്റ്റബിളിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാം ബറ്റാലിയനിലെ വനിതാ കോണ്‍സ്റ്റബിള്‍ ഹണിരാജിനെ(27) ആണ് റാന്നി വലിയകുളത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ നിലയ്ക്കലില്‍ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിയതാണ് ഹണി. ക്ഷീണം കാരണം ഉറങ്ങാന്‍ പോകുന്നുവെന്ന് മാതാവിനോട് പറഞ്ഞിരുന്നു. ഇന്ന് രാവിലെ എട്ട്‌ മണിയോടെ ഉണര്‍ന്ന് കാപ്പി കുടിച്ച ശേഷം വീണ്ടും ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ബെഡ്‌റൂമിലേക്ക് പോയതാണ്.

എട്ടരയോടെ മാതാവ് ചെന്ന് നോക്കുമ്പോള്‍ ഹണി തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. നാല് മാസം മുന്‍പ് ആയിരുന്നു റയില്‍വേ ഉദ്യോഗസ്ഥനായ സ്വരാജുമായുള്ള ഹണിയുടെ വിവാഹം. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ആത്മഹത്യയുടെ കാരണം സംബന്ധിച്ച് കുടുംബാംഗങ്ങളോടും ബന്ധുക്കളോടും അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട എസ്.പി ജി.ജയദേവ് അറിയിച്ചു. ആത്മഹത്യയുടെ കാരണമെന്തെന്നോ സംഭവത്തില്‍ ദുരൂഹതയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആലുവ തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു. കുട്ടമശ്ശേരി പുല്‍പ്ര വീട്ടില്‍ പി സി ബാബു(48) ആണ് തൂങ്ങി മരിച്ചത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം. ജോലിഭാരം താങ്ങാനാകാതെ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇയാള്‍ അറിയിച്ചിരുന്നു. സമ്മര്‍ദ്ദം താങ്ങാനാകാതെ സ്ഥലം മാറ്റത്തിനും അപേക്ഷ നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ക്യാമ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ കൂടി ആത്മഹത്യ ചെയ്തത് പോലീസിന് തലവേദനയായിരിക്കുകയാണ്. ക്യാമ്പുകളിലും സ്റ്റേഷനുകളിലും പോലീസുകാര്‍ ജോലി ഭാരം മൂലം മാനസിക സമ്മര്‍ദ്ദത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഇത്തരം ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

also read:കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി; നീനുവിന്റെ സഹോദരൻ ഉൾപ്പെടെ 10 പ്രതികൾ കുറ്റക്കാർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍