UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംബിബിഎസ് അഡ്മിഷന്‍ കിട്ടിയില്ല; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

25 കാരിയായ ഹരിതയാണ് കൊല്ലപ്പെട്ടത്

എംബിബിഎസ്സിന് പ്രവേശനം ലഭിക്കാതെ പോയ 25 കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതായി കേസ്. ഹൈദരാബാദിനു സമീപം എല്‍ ബി നഗറിലെ റോക്ക് ടൗണ്‍ കോളനിയിലാണ് സംഭവം. ഹരിത കുമാരിയെന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ രുഷി കുമാറിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി രുഷി കുമാറാണ് ഹരിതയുടെ മാതാവിനെ വിളിച്ച് മകള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതായി വിവരം അറിയിക്കുന്നത്.

ഹരിത ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് രുഷി പൊലീസിനോടും പറഞ്ഞത്. എന്നാല്‍ തങ്ങള്‍ ഇവരുടെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നതിനു തെളിവ് ലഭിച്ചുവെന്നു എല്‍ബി നഗര്‍ ഡിവിഷന്‍ എസിപി വേണുഗോപാല റാവു മാധ്യമങ്ങളോടു പറഞ്ഞു.

ഹരിത കഴിഞ്ഞ കാലങ്ങളില്‍ മെഡിക്കല്‍ പ്രവേശനത്തിനായി ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇത്തവണയും അതിനു കഴിഞ്ഞില്ലെന്നും അതേസമയം ഒരു സ്വകാര്യ കോളേജില്‍ ഹരിതയ്ക്ക് ബിഡിഎസ് കോഴ്‌സിന് പ്രവേശനം കിട്ടിയിരുന്നതായും കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഹരിതയുടെ 26 കാരനായ ഭര്‍ത്താവ് ഇതില്‍ തൃപ്തനായിരുന്നില്ലെന്നും എംബിബിഎസ്സിന് അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും മാതാപിതാക്കള്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ രുഷിയും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നുവെന്നും ഹരിതയുടെ മാതാപിതാക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നിരിക്കുന്നതെന്നാണ് ഹരിതയുടെ മാതാവ് ആരോപിക്കുന്നത്. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവഹം.

കഴുത്ത് ഞെരിച്ചു കൊന്നശേഷമാണ് ഹരിതയെ തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമെ പറയാന്‍ കഴിയൂവെന്നും അന്വേഷണം പുരോഗമിക്കുകയാമെന്നും പൊലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍