UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കുട്ടികള്‍ പീഡന പരാതി നല്‍കുന്നത് മുന്‍കാമുകനെ തിരിച്ചുകിട്ടാന്‍; വിവാദ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി

ഇതാദ്യമായല്ല സ്ത്രീ വിരുദ്ധ പ്രസ്താവനകളില്‍ ബിജെപി മുഖ്യമന്ത്രി വിവാദം ഉണ്ടാക്കുന്നത്

സത്രീകളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ വീണ്ടും വിവാദം സൃഷ്ടിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. മുന്‍കാമുകന്മാരെ തിരിച്ചുകിട്ടാനായി സ്ത്രീകള്‍ വ്യാജ പീഡന പരാതികള്‍ നല്‍കുന്നു എന്ന ഖട്ടാറിന്റെ പ്രസ്താവനയാണ് പുതിയ വിവാദം.

ഹരിയാനയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഖട്ടാറിന്റെ ഈ വാക്കുകള്‍. സ്ത്രീ പീഡനത്തില്‍ അനിയന്ത്രിത വര്‍ദ്ധനവ് ഉണ്ടാകുന്ന സംസ്ഥാനമാണ് ഹരിയാനയെങ്കിലും മുഖ്യമന്ത്രി അത് നിഷേധിക്കുകയാണ്. പീഡനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും അത് സംഭവിക്കുന്നു. പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടോ എന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി; ഖട്ടാര്‍ പറയുന്നു.

80 മുതല്‍ 90 ശതമാനം പീഡനക്കേസുകളിലെയും പ്രതിയും ഇരയും പരസ്പരം അടുത്തറിയാവുന്നര്‍ ആയിരിക്കുമെന്നും ദിവസങ്ങളോളം ഒരുമിച്ച് ചുറ്റിക്കറങ്ങുകയും അവസാനം തമ്മില്‍ത്തല്ലി പിരിയുകയും പെണ്‍കുട്ടി താന്‍ പീഡിപ്പിക്കപ്പെട്ടെന്നു പറഞ്ഞ് പരാതി കൊടുക്കുകയുമാണ് ഉണ്ടാകുന്നതെന്നും സംസ്ഥാനത്തെ സ്ത്രീപീഡനങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഇതാദ്യമായയല്ല മനോഹര്‍ലാല്‍ ഖട്ടാര്‍ ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ശരീരഭാഗങ്ങള്‍ വെളിവാക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് പെണ്‍കുട്ടികള്‍ നടക്കുന്നതുകൊണ്ടാണ് അവര്‍ക്കുനേരെ പീഡനശ്രമങ്ങള്‍ ഉണ്ടാകുന്നതെന്ന് ഒരിക്കല്‍ ഖട്ടാര്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിച്ചു നടന്നാല്‍ ആണ്‍കുട്ടികള്‍ തെറ്റായ രീതിയില്‍ അവരെ നോക്കില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. തങ്ങള്‍ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നത് സ്വാതന്ത്രമാണെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നതെങ്കില്‍ എന്തുകൊണ്ടവര്‍ നഗ്നരായി നടക്കുന്നില്ലെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പാശ്ചാത്യരീതിയാണെന്നും നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമനുസരിച്ച് സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും മുഖ്യമന്ത്രി ഉപദേശിച്ചിരുന്നു.

മനോഹര്‍ലാല്‍ ഖട്ടാറിന്റെ പുതിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ മനസ്ഥിതയാണ് പുറത്തുവന്നതെന്നും സംസ്ഥാനത്ത് നടക്കുന്ന സ്ത്രീപീഡനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചു.

ഹരിയാന നിയമസഭയുടെ മേശപ്പുറത്ത് വച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം 47 ശതമാനം വര്‍ദ്ധനവാണ് 2014-15 മുതല്‍ സ്ത്രീപീഢനക്കേസുകളില്‍ സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലുകളില്‍ 100 ശതമാനം വര്‍ദ്ധനവും. കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ കണക്കില്‍ സ്ത്രീകളെ ലൈംഗികമായി അപമാനിച്ച കേസുകള്‍ 26 ശതമാനവും കൂടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍