UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയുടെ ജനപിന്തുണ കുറഞ്ഞോയെന്ന് ജനങ്ങള്‍ പറയട്ടെ: യെച്ചൂരി

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും യെച്ചൂരി

മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപിന്തുണ കുറഞ്ഞോയെന്നത് ജനങ്ങള്‍ പറയട്ടേയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയുടെ പിന്തുണ തീരുമാനിക്കേണ്ടത് മറ്റാരുമല്ലെന്നും അത് ജനങ്ങള്‍ മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

അധികാരമേറ്റ ശേഷം പിണറായി വിജയന്റെ ജനപിന്തുണ കുറഞ്ഞോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളില്‍ നിന്നും അകലാതെ പ്രവര്‍ത്തിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസുമായി ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും സഹകരിക്കുകയെന്ന കൃത്യമായ സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിന് നല്‍കിയത് പോലെ പുറത്തുനിന്നുള്ള പിന്തുണയായിരിക്കും സിപിഎം നല്‍കുകയെന്നും യെച്ചൂരി വ്യക്തമാക്കി.

കോണ്‍ഗ്രസ് സഹകരണം കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഒന്നാം യുപിഎ കാലത്ത് എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നത് ഉദാഹരിച്ചാണ് അദ്ദേഹം നയം വിശദീകരിച്ചത്. ഐക്യമുന്നണി സര്‍ക്കാരിനും യുപിഎ സര്‍ക്കാരിനും സിപിഎം പുറത്തുനിന്നും പിന്തുണ നല്‍കിയ ചരിത്രവും യെച്ചൂരി എടുത്തു പറഞ്ഞു.

ഹൈദ്രാബാദില്‍ വിജയിച്ചത് പാര്‍ട്ടിയാണ്. നിലപാടുകളില്‍ അഭിപ്രായഭിന്നതയുണ്ടായിട്ടുണ്ടെങ്കിലും അന്തിമതീരുമാനമെടുത്താല്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പുണ്ടായിരുന്ന ഉത്കണ്ഠ തന്റെ പദവിയെക്കുറിച്ചായിരുന്നില്ല, പാര്‍ട്ടിയുടെ ഐക്യത്തെക്കുറിച്ചായിരുന്നുവെന്നും യെച്ചൂരി വിശദമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍