UPDATES

ട്രെന്‍ഡിങ്ങ്

ഇനിയും ഒരു സമ്പൂര്‍ണ പരാജയം കോണ്‍ഗ്രസ് അതിജീവിക്കുമോ? മഹാരാഷ്ട്രയും ഹരിയാനയും നല്‍കുന്ന സൂചനകള്‍

തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽനിന്ന് നല്ല വാർത്തകളല്ല, കോൺഗ്രസിന് പറയാനുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് മുക്തി നേടുന്നതിന് മുമ്പാണ് മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് നിര്‍ബന്ധിക്കപ്പെടുന്നത്. അത്രയൊന്നും അകലെയല്ലാത്ത ചരിത്രത്തില്‍ മേധാവിത്വം ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നില പരിതാപകരമാണ്. അതുകൊണ്ട് തന്നെ ഇനിയൊരു തിരിച്ചടിയെ അതിജീവിക്കാന്‍ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പാര്‍ട്ടിക്ക് കഴിയുമോ എന്നതാണ് പ്രശ്‌നം.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസം കഴിഞ്ഞ ഉടനെയാണ് രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് കരുതുന്ന കാര്യങ്ങള്‍, ദേശീയതയുള്‍പ്പെടെയുള്ളവയില്‍ കൂടുതല്‍ തീവ്ര നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ് ബിജെപി സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയ്ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയും തുടരെ തുടരെ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തിട്ടും എന്തെങ്കിലും തരത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിന് കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.

ഇന്ത്യയുടെ ചരിത്രത്തിലെ സംഭവബഹുലമായ തുടക്കമാണ് രണ്ടാം മോദി സര്‍ക്കാര്‍ നടത്തിയത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയകയും അമ്പത് ദിവസത്തോളം ആ പ്രദേശത്തെ ഒറ്റപ്പെടുത്തുകയും ചെയ്തിട്ടും എന്തെങ്കിലും ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും ബിജെപി സര്‍ക്കാരിനെ അനുകൂലിക്കുന്ന സാഹചര്യവുമുണ്ടായി. ഇതിനു പുറമെ മുത്തലാഖ് നിയമം, യുഎപിഎ, എന്‍ഐഎ ഭേദഗതി എന്നി കാര്യങ്ങളിലൊന്നും തന്നെ വ്യക്തമായ എന്തെങ്കിലും നയം ആവിഷ്‌ക്കരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധി രാജിവെച്ച് അധ്യക്ഷ സ്ഥാനം സോണിയാഗാന്ധിയെ തന്നെ ഏല്‍പ്പിച്ച് കോണ്‍ഗ്രസ് അതിന്റെ സംഘടനാപരമായ ദൗര്‍ബല്യം ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുകയും ചെയ്തു. ഏറ്റവും ഒടുവിൽ സാമ്പത്തിക പ്രതിസന്ധിയ്ക്ക് സർക്കാരിനെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് ബദൽ നിർദ്ദേശങ്ങൾ നൽകുകയാണ് വേണ്ടതെന്ന നിലപാടുമായി സച്ചിൻ പൈലറ്റ് രംഗത്തെത്തിയത് പാർട്ടിയിലെ ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ്.

ഇതിനെല്ലാം അപ്പുറമാണ് മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും സ്ഥിതി. എന്‍സിപിയുമായി ചേര്‍ന്ന് 15 കൊല്ലം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംഘടനാ ദൗര്‍ബാല്യങ്ങളും പാര്‍ട്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാള്‍ മോശമായ അവസ്ഥയിലാണ് എത്തിച്ചിട്ടുള്ളതെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സഖ്യകക്ഷിയായ എന്‍സിപിയുടെ സ്ഥിതി അതിലും പരിതാപകരമാണ്. നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ഭാഗ്യാന്വേഷികളായി ചേക്കേറിയത്. ഒട്ടേറെ കാര്‍ഷിക സമരങ്ങള്‍ നടന്നെങ്കിലും കര്‍ഷകരുടെയോ ഇടത്തരം കച്ചവടക്കാരുടെയോ രാഷ്ട്രീയ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് ഈ സംസ്ഥാനത്ത് നേരിടേണ്ടി വന്നത്. മഹാരാഷ്ട്രയിലെ ആകെ 48 സീറ്റുകളില്‍ 41 ഉം ബിജെപി ശിവസേന സഖ്യമാണ് നേടിയത്. ലോക്സഭ  തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് മാസവും തിരിച്ചുവരവിനുള്ള എന്തെങ്കിലും ശ്രമം നടത്താന്‍ മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ദേശീയ തലത്തിലെ മാന്ദ്യം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നും മഹാരാഷ്ട്രയായിരുന്നു. ഇതിന്റെ ഫലമായി നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്ന പല ആരോപണങ്ങളും ഫലപ്രദമായി ഉപയോഗിക്കാനാകാതെ എതിരാളികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തു പോന്നത്. അനുദിനം ദുര്‍ബലമായി കൊണ്ടിരിക്കുന്ന എന്‍സിപിയുടെ സൗഹാര്‍ദ്ദം മാത്രമാണ് കോണ്‍ഗ്രസിന് താങ്ങായി ഉള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇരു പാര്‍ട്ടികളും ഇത്തവണ മുന്നണിയായാണ് മല്‍സരിക്കുന്നത്. 2014 ൽ കോണ്‍ഗ്രസ്, എന്‍സിപി, ബിജെപി ശിവസേന എന്നീ പാര്‍ട്ടികള്‍ തനിച്ചായിരുന്നു മല്‍സരിച്ചത്. 260 സീറ്റുകളില്‍ മല്‍സരിച്ച ബിജെപിയ്ക്ക് അന്ന് ലഭിച്ചത് 122 സീറ്റുകളാണ്. ശിവസേനയ്ക്ക് 63 സീറ്റുകളും ലഭിച്ചു. മുന്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ ഇരട്ടി സീറ്റാണ് ബിജെപിയ്ക്ക് 2014 നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. മോദി തരംഗമായിരുന്നു ഇതിന് കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത്. അതേ സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നാണ് നിരീക്ഷകരില്‍ പലരും അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 42 ഉം എന്‍സിപിയ്ക്ക് 41 സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ ഒരു സീറ്റും പ്രകാശ് അംബേദ്ക്കറിന്റെ വിബിഎയ്ക്ക്  കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിച്ചുപോകുന്നതില്‍ ഇത് പ്രധാനപങ്ക് വഹിച്ചു. ഇത്തവണ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് ഇവരെ ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നതും പ്രധാനമാണ്.

ഹരിയാനയിലും കോണ്‍ഗ്രസിന്റെ സ്ഥിതി വ്യത്യസ്തമല്ല. ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഹിന്ദുത്വത്തിന്റെ പ്രധാന പരീക്ഷണശാലകളിലൊന്നാണ് ഹരിയാന. ഹരിയാനയില്‍ ജാട്ട് വിഭാഗങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിനോടുണ്ടായിരുന്ന എതിര്‍പ്പ് ഉപയോഗപ്പെടുത്താന്‍ പോലും കഴിയാത്ത വിധത്തിലായി കോണ്‍ഗ്രസ് അവിടെ. കുമാരി ഷെല്‍ജെയെ പിസിസി അധ്യക്ഷയും ഭുപിന്ദര്‍ സിംങ് ഹൂഡയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാക്കി തിരിച്ചുവരവിന് കോണ്‍ഗ്രസ് അവസാന നിമിഷത്തില്‍ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിലും മോദി പ്രഭാവത്തെ അതീജീവിക്കാന്‍ മാത്രം ഉള്ള കരുത്ത് അതിനുണ്ടോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ഉറപ്പില്ല. കഴിഞ്ഞ തെരഞ്ഞൈടുപ്പില്‍ ആകെ 90 സീറ്റില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 15 സീറ്റുകളായിരുന്നു.

കര്‍ണാടകയില്‍ 15 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാര്‍ പോയതിന് ശേഷം സഖ്യം അവസാനിപ്പിച്ച് തനിച്ച് മല്‍സരിക്കാനാണ് കോണ്‍ഗ്രസും ജെഡിഎസ്സും തീരുമാനിച്ചിട്ടുള്ളത്. ഇവിടെ ഒരു തിരിച്ചുവരവിന് കഴിഞ്ഞാല്‍ തെക്കെ ഇന്ത്യയിലെ ബിജെപി ശക്തികേന്ദ്രത്തില്‍ പിടിച്ചുനില്‍ക്കാനും പൊരുതാനും കഴിയുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിന് കൈവരും. എന്നാല്‍ ഡികെ ശിവകുമാറിനെ പോലുള്ള നേതാവിന്റെ അഭാവം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നതും പ്രധാനമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍