UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി കെ സിംഗിന്‍റെ’പട്ടി’ വിളിയും സംഘികളുടെ വിശാല ഹിന്ദു സ്വപ്നവും

Avatar

രാകേഷ് സനല്‍ 

രാമനാമം ജപിക്കുന്നവരോട് ഒരിക്കല്‍ ശ്രീനാരായണ ഗുരു ചോദിച്ചു; രാമന്റെ കാലത്തായിരുന്നെങ്കില്‍ നമുക്കിതിനൊക്കെ ആകുമായിരുന്നോ? വളരെ പ്രകോപനപരമായൊരു ചോദ്യമായിരുന്നു ഗുരുവിന്റേത്. വേദപുസ്തകം കണ്ടവന്റെ കണ്ണിലും കേട്ടവന്റെ കാതിലും ഈയമുരുക്കിയൊഴിച്ചവരുടെ രാജാവിന്റെ കാലത്തായിരുന്നെങ്കില്‍ അധഃകൃതരുടെ സ്ഥാനം മാത്രമുണ്ടാകുമായിരുന്ന ഒരു ജനത്തിന്, സ്വന്തം രാജാവിന്റെയാണെങ്കില്‍ പോലും നാമം ജപിച്ചു പ്രാര്‍ത്ഥിക്കാന്‍ അവസരമുണ്ടാകുമായിരുന്നില്ലെന്നു തന്നെയാണ് ഗുരു വ്യക്തമാക്കിയത്. ആ രാമരാജ്യമാണ് ഇവിടെ പുനര്‍നിര്‍മിക്കപ്പെടുന്നത്. അതിനുള്ള കുരുതികളാണ് തല്ലിയും ചുട്ടുമൊക്കെ സമര്‍പ്പിക്കപ്പെടുന്നത്; അത് വൃദ്ധശരീരങ്ങളോ പിഞ്ചു ശരീരങ്ങളോ ആകുന്നു.

ഫരീദാബാദില്‍ രണ്ടുവയസും പതിനൊന്നുമാസവും പ്രായമുള്ള രണ്ടു കുട്ടികള്‍ തീയില്‍ വെന്തു മരിച്ചു. ജാതിപ്പോര്, അയല്‍വക്ക വഴക്ക് അങ്ങനെ പലതും എതൊരു മരണത്തിനും ഉണ്ടാകേണ്ടതുപോലെ ആ കുട്ടികളുടെ ചുട്ടുകൊലയ്ക്കും കാരണങ്ങളായി പറഞ്ഞു കേട്ടു. കാരണങ്ങളെന്തുമായിക്കോട്ടെ, അതിന്റെ പേരില്‍ കൊലയോ കൊള്ളിവയ്‌പ്പോ എന്തു നടന്നാലും അതിനെല്ലാം ഉത്തരം പറയാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കരുതെന്ന് ഒരു ഭരണപ്രതിനിധി തന്നെ മുന്നറയിപ്പു നല്‍കിയിരിക്കുന്നു. ‘ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാരിനാണെന്നു പറയരുതെന്ന്’ കേന്ദ്രമന്ത്രി വി കെ സിംഗ് പറയുമ്പോള്‍ അതൊരു മുന്നറിയിപ്പ് തന്നെയാണ്.

കൊന്നവരേക്കാള്‍ ക്രൂരതയാണ് ഇങ്ങനെ പറയുന്നൊരാള്‍ക്ക് ഉണ്ടാവുക. വി കെ സിംഗിന്റെ പരമാര്‍ശം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ അഭിപ്രായം തന്നെയാണ്. ഇന്ത്യയിലെ ദളിതര്‍ക്കെതിരെയുള്ള ആക്രമണം ബിജെപി വര്‍ദ്ധിപ്പിക്കുന്ന ഒരു കാലത്ത് അതിന്റെ പ്രതിനിധിക്ക് ഇത്തരത്തിലൊക്കെ പറയാന്‍ ഒരു മടിയും കാണില്ല; സിപിഐഎം നേതാവും എംഎല്‍എയുമായ കെ രാധാകൃഷണന്‍ പറയുന്നു.

രാജ്യത്ത് ചാതുര്‍വര്‍ണ്യം കൊണ്ടുവരാനുള്ള ശ്രമമാണ് ബിജെപി നടത്തി കൊണ്ടിരിക്കുന്നത്. അതിനുള്ള പ്രധാന തടസ്സമായി അവര്‍ കാണുന്നത് സംവരണമാണ്. സംവരണം വേണ്ടെന്നു ആര്‍എസ് എസ് പറയുമ്പോള്‍ അതിനര്‍ത്ഥം ബ്രാഹ്മാണാധിപത്യം സ്ഥാപിക്കുകയെന്നതു തന്നെയാണ്. സംവരണത്തിലൂടെയാണ് രാജ്യത്ത് ദളിതനും പിന്നാക്കക്കാരനും തൊഴില്‍-വിദ്യാഭ്യാസ-ഭരണ രംഗത്ത് സ്ഥാനം കിട്ടുന്നത്. ഇതില്ലാതായാല്‍ പിന്നെ അധഃകൃതര്‍ അധഃകൃതരായി തന്നെ തുടര്‍ന്നോളും. ഇത്രയൊക്കെ സംവരണാനുകൂല്യങ്ങള്‍ ഉണ്ടായിട്ടുപോലും പിന്നാക്ക-ദളിത് ജീവിതങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ അങ്ങനെയല്ലാതാകുന്നൊരു കാലത്തെ കുറിച്ചു ചിന്തിച്ചു നോക്കൂ. ഒരു കാലത്ത് നിലനിന്നിരുന്നതും പിന്നീട് മാറ്റം വന്നതുമായൊരു സാമൂഹികാവസ്ഥയെ തിരിച്ചുകൊണ്ടുവരുകയെന്ന ബ്രാഹ്മാണാധികരമനോഭാവത്തിന്റെ തയ്യാറെടുപ്പുകളായിട്ടു തന്നെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെ കാണാം. അമ്പലത്തില്‍ കയറുന്ന ദളിതനെ പണ്ട് അടിച്ചോടിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തീകൊളുത്തി കൊല്ലുകയാണ്. സവര്‍ണാധിപത്യത്തിനായുള്ള ആര്‍എസ്എസ്സിന്റെ ബോധപൂര്‍വമായ ശ്രമങ്ങളാണിത്; രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

അധികാരം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ആരെയും നിങ്ങള്‍ക്ക് അനുസരിപ്പിക്കാം, അതിനു തയ്യാറാകാത്തവരെ കൊന്നുകളയാം എന്നു പറയുന്ന ഫാസിസ്റ്റ് മാനിഫെസ്റ്റോയുടെ നടപ്പാക്കല്‍ ആണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ തുടങ്ങിവച്ചിരിക്കുന്നതെന്നുള്ള ആക്ഷേപങ്ങളെ രാഷ്ട്രീയപരമെന്നു പറഞ്ഞ് എതിര്‍ക്കാമെങ്കിലും അതില്‍ സത്യമില്ലാതാകുന്നില്ല എന്നതാണ് വി കെ സിംഗിനെ പോലൊരാളുടെ വായില്‍ നിന്നും വന്നത്. തന്നെ തെറ്റിദ്ധരിച്ചതാണെന്നും മാധ്യമങ്ങള്‍ വാര്‍ത്തയ്ക്കുവേണ്ടി വളച്ചൊടിച്ചതാണെന്നും പിന്നീട് ഈ മന്ത്രി പറയുന്നുണ്ട്. ആരെങ്കിലും വേദനിച്ചെങ്കില്‍ അവരോടു മാപ്പും പറയുന്നതായി മന്ത്രിയുടെ പ്രതികരണമുണ്ടായി. പക്ഷെ ഒരു കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ വി കെ സിംഗ് വ്യക്തതവരുത്തിയില്ല. ഒരു സംസ്ഥാനത്ത് നടക്കുന്ന അക്രമത്തില്‍ അതാതു സര്‍ക്കാരിനാണ് ഉത്തരവാദിത്വം എന്നു ഫെഡറല്‍ പോളിസിയുടെ അടിസ്ഥാനത്തില്‍ ന്യായീകരിക്കുമ്പോള്‍, രണ്ട് പിഞ്ചുകുട്ടികള്‍, എന്തിന്റെ പേരിലാണെങ്കിലും- ചുട്ടെരിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം രാജ്യം ഭരിക്കുന്ന തങ്ങള്‍ക്കും ഉണ്ടെന്നും ഈ ക്രൂരഹത്യകള്‍ക്കു പിന്നിലുള്ളവരെ കണ്ടുപിടിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെങ്കില്‍ കേന്ദ്രം അതിനു തയ്യാറാകുമെന്നും പറയാന്‍ സിംഗ് എന്തുകൊണ്ടു തയ്യാറായില്ല? ഇന്ത്യയുടെ കരസൈന്യത്തിന്റെ തലവനായിരുന്നൊരാള്‍ ആണു സിംഗ്. പക്ഷെ പക്കാ രാഷ്ട്രീയം തന്നെയാണ് സിംഗ് കളിച്ചത്. ഒഴിഞ്ഞുമാറലിന്റെ രാഷ്ട്രീയം.

സ്വന്തം കുഞ്ഞുങ്ങളെയാണ് ഇത്തരത്തില്‍ ചുട്ടുകൊന്നിരുന്നതെങ്കില്‍ ഇയാള്‍ ഇങ്ങനെയെ പ്രതികരിക്കുകയുള്ളോ? ആദിവാസിഗോത്ര മഹാസഭ നേതാവ് സി കെ ജാനു ചോദിക്കുന്നു.

വികെ സിംഗ് വോട്ട് നേടി ജയിച്ച് അധികാരത്തില്‍ എത്തിയെങ്കില്‍ അയാള്‍ക്ക് വോട്ട് ചെയ്തത് ഇവിടുത്തെ സവര്‍ണന്‍ മാത്രമല്ല, പിന്നാക്കക്കാരനും കൂടിയാണ്. അങ്ങനെയുള്ളൊരാള്‍ക്ക് ദളിതന്‍ പട്ടിയായി തോന്നുകയാണെങ്കില്‍ ഇയാളെ പോലുള്ള  നികൃഷ്ടരെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ ജനകീയ കൂട്ടായ്മ ഉണ്ടാകണം. ജനങ്ങളുടെ ചെറുത്തുനില്‍പ്പിനു മാത്രമെ ഇത്തരം പ്രവണതകളെ ഇല്ലാതാക്കാന്‍ കഴിയൂ– സി കെ ജാനു പറയുന്നു. 

ബോധപൂര്‍വമായ രാഷ്ട്രീയം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. അപകടകരമായൊരു രാഷ്ട്രീയം; ദളിത് ചിന്തകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ എം സലീം കുമാര്‍ ഈ വിഷയങ്ങളെ കാണുന്നത് ഇങ്ങനെയാണ്. എന്നാല്‍ ഇത് ഇപ്പോള്‍ തുടങ്ങിയതാണെന്നു പറയാന്‍ കഴിയില്ല, കൂടുതല്‍ പ്രകടമാകുന്നത് ഇപ്പോഴാണെന്നു മാത്രം. മോദി സര്‍ക്കാരിന്റെ ആവിര്‍ഭാവത്തിനുശേഷം സവര്‍ണ ഫാസിസം കൂടുതല്‍ ശക്തിപ്പെടുകയും ഹിന്ദുരാഷ്ട്രീയം തീവ്രമാവുകയുമാണുണ്ടായിട്ടുള്ളത്. ദളിത് വിരുദ്ധ മനോഭാവം പക്ഷെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ മാത്രം കെട്ടിവെച്ച് മാറി നില്‍ക്കരുത്. ഇന്ത്യയിലെ ഭൂരിപക്ഷം പാര്‍ട്ടികള്‍ക്കും ഇതേ മനഃസ്ഥിതി തന്നെയാണ്. ദളിത് വിരുദ്ധത കാലങ്ങളായി രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ബിജെപിക്കു മുമ്പ് ഭരിച്ചിരുന്നവരുടെ കാലത്തും ഇതൊക്കെ ഇവിടെ നടന്നിട്ടുണ്ട്. ബ്രാഹ്മണാധിപത്യത്തിനെതിരെ ശക്തമായ നടപടികളെടുക്കാതെ ഒഴിഞ്ഞുനില്‍ക്കുകയല്ലേ കോണ്‍ഗ്രസും ചെയ്തിട്ടുള്ളത്. എസ്എന്‍ഡിപി ബിജെപിക്കൊപ്പം പോയാലും തങ്ങള്‍ക്കു കുഴപ്പമില്ലെന്നു പറയുന്ന എ കെ ആന്റണി കോണ്‍ഗ്രസിന്റെ നിസ്സംഗതയുടെ തെളിവാണ്. ഒരു വ്യത്യാസം എന്തെന്നാല്‍- ദളിതനെ ദളിതനെന്നു മുഖത്തു നോക്കി തന്നെ വിളിക്കാവുന്ന രാഷ്ട്രീയം ഇപ്പോഴത്തേതാണ്; സലീം കുമാര്‍ പറയുന്നു.

പിന്നാക്കാക്കാരിലൊരു വിഭാഗത്തെ കൈയിലെടുക്കാന്‍ സാധിച്ചതും ദളിത് മണ്ഡലങ്ങള്‍ നിശബ്ദതയില്‍ നില്‍ക്കുന്ന സാഹചര്യവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ജീവത്വവുമാണ് സവര്‍ണാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണം. എതിര്‍ക്കാനുള്ളവരുടെ ശക്തി ദുര്‍ബലമാണ്. ഇതു ശത്രുവിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്. വെള്ളാപ്പള്ളിയെ പോലുള്ളവര്‍ എസ്എന്‍ഡിപിയെ പോലുള്ള സംഘടനകളെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പിറകെ കൊണ്ടുപോവുകയണ്. മറ്റു പിന്നാക്ക സമുദായ സംഘടനകളുടെയും ന്യൂനപക്ഷ സംഘടനകളുടെയും സ്ഥിതി ഇങ്ങനെയാണ്. അതിന്റെയൊക്കെ തലപ്പത്തിരിക്കുന്നവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുകയും സമുദായംഗങ്ങള്‍ വഞ്ചിക്കപ്പെടുകയുമാണ്. ഹൈന്ദവാശയം എന്നത് ബ്രാഹ്മണാശയങ്ങളാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കും; സലീം കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. 

ജനാധിപത്യമണ്ഡലം നമുക്കിവിടെ നിലനില്‍പ്പുണ്ടെന്നാണ് കമ്യൂണിസ്റ്റുകാരടക്കം പറയുന്നത്. ഇവര്‍ പറയുന്ന തരത്തിലൊരു മണ്ഡലം ഉണ്ടെങ്കില്‍ അതിലെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ഉപരിപ്ലവമായി മാത്രമെ പറയാനാകൂ. കാസ്റ്റ് സിസ്റ്റത്തിനകത്തു കിടക്കുന്ന ചെറിയൊരു ജനാധിപത്യസംവിധാനം മാത്രമാണ് നമുക്കുള്ളതെന്നും സലീം കുമാര്‍ പറയുന്നു.

എന്നാല്‍ ഇപ്പോഴത്തെ ഫാസിസത്തെ ചെറുക്കാന്‍ നിലവില്‍ പോരാടുന്ന ഒരേയൊരു ശക്തിയായി കെ രാധാകൃഷ്ണന്‍ എടുത്തുകാണിക്കുന്നത് ഇടതുപക്ഷത്തെയാണ്. ഭക്ഷണത്തിലൂടെയാണ് അവരിപ്പോള്‍ തങ്ങളുടെ അജണ്ടകള്‍ വ്യാപിക്കുന്നത്. പശുമാംസം കഴിക്കരുതെന്നു പറയുന്നു. നാളെയിവര്‍, മത്സ്യമോ ആമയോ കഴിക്കരുതെന്നു പറയും; അവയൊക്കെ വിഷ്ണുവിന്റെ അവതാരങ്ങളാണല്ലോ! ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷം അല്‍പ്പമെങ്കിലും ശക്തമായി നില്‍ക്കുന്നയിടങ്ങളില്‍ മാത്രമാണ് ഈ ചെറുത്തുനില്‍പ്പ് നടക്കുന്നുള്ളൂ. ഒഡീഷയില്‍ നാം കണ്ടതാണ്. അവിടെ ആക്രമിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തിന് പാര്‍ട്ടി ഓഫീസുകളാണ് അഭയകേന്ദ്രമായത്. കേരളത്തില്‍ അതിശക്തമായി തന്നെ ഫാസിസത്തെ എതിര്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ; സവര്‍ണാധിപത്യത്തിന്റെ പ്രധാന ഇരകളാരൊക്കെയാണോ അവരാണ് കേരളത്തില്‍ ബിജെപിയുടെയും സംഘ പരിവാറിന്റെയുമൊക്കെ പിന്താങ്ങികളാകുന്നത്. സംവരണം എടുത്തു കളയാന്‍ യത്‌നിക്കുന്ന പാര്‍ട്ടിയുടെ കൂടെയാണ് എസ്എന്‍ഡിപി പോലൊരു പിന്നാക്ക സമുദായ സംഘടന പോകുന്നതെന്നോര്‍ക്കണം. സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ആദ്യം രംഗത്തിറങ്ങേണ്ടവരാണവര്‍. കെപിഎംഎസ്സിന്റെ കാര്യവും അങ്ങനെ തന്നെ. വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ നടത്തുന്നത് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. അതിനുവേണ്ടിയാണ് ബിജെപിയുടെ പടിവാതില്‍ക്കല്‍ പോയി കിടന്ന് ഉച്ഛിഷ്ടത്താനായി കേഴുന്നത്.

അതേസമയം നമ്മള്‍ ഇവിടെ ഈ വിഷയങ്ങളെ രാഷ്ട്രീയമായി മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ? രാഷ്ട്രീയമായി നോക്കിയാല്‍ അതൊരു പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കും. രാഷ്ട്രീയമായി തന്നെ അവര്‍ക്കതിനെ പ്രതിരോധിക്കാനും കഴിയും. ദാദ്രിയിലെ വിഷയം അവിടുത്തെ സംസ്ഥാന സര്‍ക്കാരിനു മേലുള്ള ഉത്തരവാദിത്വമാക്കിയും മുന്‍ സര്‍ക്കാരുകളുടെ കാലത്തും ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും പറയുന്ന രാഷ്ട്രീയം കേള്‍ക്കാനും ആളുകൂടും. 

ഇത് കാലങ്ങളായി നടന്നുവരുന്ന ജാത്യാധിപത്യത്തിന്റെ തുടര്‍ച്ചമാത്രമാണ്. ഇന്ത്യയുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്കാര്‍ക്കും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ വലിയ അത്ഭുതവും തോന്നില്ലെന്നു പറയുന്നു ആക്ടിവിസ്റ്റായ ചെറായി രാംദാസ്. ഞാന്‍ താമസിക്കുന്ന ചെന്നൈയില്‍ ഇപ്പോള്‍ പോലും ദളിതര്‍ക്ക് ചെരുപ്പ് ഇട്ടു നടക്കാന്‍ അനുവാദമില്ലാത്ത സ്ഥലങ്ങളുണ്ട്. അയ്യങ്കാളി ജനിക്കുന്നതിനും മുന്നേ അമ്പതിനായിരം ദളിതരെ സംഘടിപ്പിച്ച് ജാഥ നടന്ന സ്ഥലമാണ് ചെന്നൈ. അങ്ങനെയുള്ളൊരിടത്താണ് ഒന്നര നൂറ്റാണ്ടു കഴിഞ്ഞിട്ടുപോലും ഇപ്പോഴും ദളിതന് ചെരുപ്പിടാന്‍ അനുവാദമില്ലാത്തത്. ദ്രാവിഡ സംസ്‌കാരം കൊട്ടിഘോഷിക്കുന്ന ഒരു നാട്ടില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇത്തരമൊരു ദ്രാവിഡ സംസ്‌കാരമൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത യുപിയിലോ ഹരിയാനയിലോ കര്‍ണാടകയിലോ എന്തായിരിക്കും അവസ്ഥ? ചെറായി രാംദാസ് ചോദിക്കുന്നു.

ഇന്ത്യയുടെ മുക്കാല്‍ പങ്ക് പ്രദേശങ്ങളിലും ജാതിവിദ്വേഷം നടക്കുന്നുണ്ട്. കേരളത്തില്‍ പ്രകടമായ തരത്തില്‍ ഈ ബ്രാഹ്മണ-സര്‍വണാധിപത്യം നടക്കുന്നില്ലെങ്കില്‍ അതിവിടെ ശക്തമായിരുന്ന കമ്യൂണിസ്റ്റ് പ്രതിരോധം കൊണ്ടാണ്. ആ സേഫ്റ്റി വാല്‍വ് ഇപ്പോഴും ഉള്ളതുകൊണ്ടു തന്നെയാണ് ഈ കാലത്തുപോലും മലയാളി സുരക്ഷിത്വം അനുഭവിക്കുന്നത്. എന്നാല്‍, ഇവിടെ ഒന്നും നടക്കില്ല എന്നു പറയാനുമാകില്ല. ഇവിടെയും ഏതു നിമിഷവും പൊട്ടിത്തെറികളുണ്ടാവും. കാരണം ജാതിചിന്തകള്‍ ശക്തമായി നിലനില്‍ക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. വി ടി ഭട്ടതിരിപ്പാടിനെയും എംആര്‍ബിയെയും വിധവാവിവാഹത്തെയുമെല്ലാം തങ്ങളുടെ ചരിത്രത്തില്‍ നിന്ന് പൊട്ടിച്ചെറിയാന്‍ തയ്യാറാകുന്ന സവര്‍ണബോധം കേരളത്തില്‍ ഉണ്ടെന്നത് സ്പഷ്ടമായ കാര്യമാണ്. ജനാധിപത്യവാദികളുടെ ശക്തി കുറയുന്ന കാലത്ത് ഇവരുടെ ആധിപത്യം വീണ്ടും ഉണ്ടാകുമെന്ന് രാംദാസ് പറയുന്നു.

ഫാസിസത്തെ പരാമര്‍ശിക്കുമ്പോള്‍ ഹിറ്റ്‌ലറുടെ ജര്‍മനിയോടാണ് ഇന്ത്യയുടെ പുതിയകാലത്തെ ബന്ധപ്പെടുത്തുന്നത്. ജര്‍മനിയിലെ ഫാസിസം ഒരു കാലത്തേക്കു മാത്രമായി കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നെങ്കില്‍ ഇന്ത്യയിലിത് മൂവായിരത്തോളം വര്‍ഷങ്ങളായി തുടരുന്നതാണ്. അതുകൊണ്ടു തന്നെ ബിജെപിയുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ പുറത്താണ് ഫാസിസം ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്നു പറയരുത്. കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളുമെല്ലാം ഫാസിസത്തെ വളര്‍ത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ ഇവരാരും ഫാസിസത്തെ തളര്‍ത്താന്‍ ആയി ഒന്നും ചെയ്തിട്ടില്ല. രണ്ടും തെറ്റാണ്. അതുകൊണ്ട് ഇന്ത്യയിലെ ഫാസിസത്തെ കേവലമായ പ്രകടനങ്ങള്‍ കൊണ്ട് നേരിടുന്നത് എത്രകണ്ടു
ഫലവത്താകുമെന്നു അറിയില്ല. കാരണം വലിയൊരു ജനവിഭാഗം (സവര്‍ണരല്ലാത്തവര്‍ പോലും) ഫാസിസത്തിന്റെ പ്രചാരകരായി രംഗത്തുണ്ട്.

എന്താണ് ഫാസിസം എന്നതും ശ്രദ്ധിക്കണം. ഫാസിസം എന്നാല്‍ ഹൈന്ദവവത്കരണമാണ് ഇന്ത്യയില്‍. ആരാണ് ഹിന്ദു എന്നതും നിര്‍വചിക്കണം. ദളിതനോ പിന്നാക്കക്കാരനോ ഹിന്ദുവായി കണക്കാക്കപ്പെടുന്നില്ല. ഫരീദാബാദില്‍ പിഞ്ചുകുട്ടികളെ ചുട്ടുകൊന്നാല്‍ അതിനെ ന്യായീകരിക്കാന്‍ സവര്‍ണന് കാരണമുണ്ട്. ഏഴുജന്മം ജനിച്ച് പവിത്രമായി കിട്ടുന്നതാണ് ബ്രാഹ്മണജന്മം. തെറ്റുചെയ്തവനാണ് ദളിതനും പിന്നാക്കക്കാരനുമായി പിറക്കുന്നത്. ആ കുട്ടികള്‍ തീയില്‍ വെന്തു മരിച്ചാല്‍ അത് കഴിഞ്ഞ ജന്മം അവര്‍ ചെയ്ത തെറ്റിന്റെ ഫലം. ഒരു കീഴാളന്‍ ഭിക്ഷയെടുത്തു നടന്നാല്‍ അവനു ഒരു നാണയ തുട്ടുപോലും എറിഞ്ഞുകൊടുക്കരുത്; അതവന്റെ ജന്മദോഷം. ഇത്തരത്തില്‍ ചിന്തിക്കുന്നവരാണ് ഇവിടെയുള്ള യഥാര്‍ത്ഥ ഹിന്ദു അഥവ സവര്‍ണ ഹിന്ദു. ഈ ഹൈന്ദവതയാണ് രാജ്യവ്യാപകമായി പ്രാവര്‍ത്തികമാക്കാന്‍ യത്‌നിക്കുന്നത്. 

ചാന്നാര്‍ ലഹള കാലത്തെ പ്രധാനിയായ അവര്‍ണ വിപ്ലകാരി വൈകുണ്ഠസ്വാമിയോട് തിരുവിതാംകൂര്‍ രാജാവ് ചെയ്തതെന്താണ്? നാഗര്‍കോവിലെ സ്വാമി തോപ്പില്‍ നിന്ന് അടിച്ചിഴച്ച് കിഴക്കെക്കോട്ടയിലെ ശിങ്കാരത്തോപ്പിലുള്ള തുറന്ന ജയിലില്‍ കൊണ്ടുവന്നു തള്ളി. ഒരവര്‍ണ്ണന്‍ സ്വയം താന്‍ വിഷ്ണുവിന്റെ അവതാരമെന്നു പറഞ്ഞതടക്കം വൈകുണ്ഠസ്വാമികള്‍ ചെയ്ത പിഴകള്‍ രാജവൃന്ദങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. ശ്രീനാരായണഗുരുവിനു പോലും ഇടം കിട്ടിയത് അദ്ദേഹം കുറച്ചുകൂടി തെളിഞ്ഞൊരു കാലത്ത് ജീവക്കാന്‍ സാധിച്ചു എന്നതുകൊണ്ടാണ്. ബ്രിട്ടീഷുകാര്‍ കാരണമാണ് തനിക്കൊരു സന്ന്യാസി ആകാന്‍ കഴിഞ്ഞതെന്നു ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. ഗുരുവിന്റെ ഈ പരമാര്‍ശങ്ങളൊക്കെയാണ് ഇന്നത്തെ നേതാക്കന്മാര്‍ ചര്‍ച്ച ചെയ്യേണ്ടത്. പണ്ട് പ്രജാസഭാംഗം ആയിരുന്ന ആലുംമൂട്ടില്‍ ചാന്നാര്‍(ഇന്ത്യയില്‍ തന്നെ ഒരു നിയമനിര്‍മാണാസഭ അംഗമാകുന്ന ആദ്യത്തെ അവര്‍ണനാണ് ചന്നാന്‍) തനിക്കു കാറില്‍ പോകേണ്ടി വരുമ്പോഴത്തെ അനുഭവം പറയുന്നുണ്ട്. ഹരിപ്പാട് അമ്പലത്തിന്റെ മുന്നിലെത്തുന്നതിനു മുമ്പ് താന്‍ കാറില്‍ നിന്നിറങ്ങി മറ്റൊരു വഴിയിലൂടെ നടന്ന് അപ്പുറമെത്തും. തന്റെ ഡ്രൈവര്‍ നായരായതുകൊണ്ട് അയാള്‍ക്ക് അമ്പലത്തിനു മുന്നിലൂടെ കാറുകൊണ്ടുപോകാം. എന്നാല്‍ ഈ സാമൂഹികപ്രശ്‌നം ഒരിക്കല്‍പ്പോലും ചാന്നാന്‍ പ്രജാസഭയില്‍ ഉന്നയിച്ചിരുന്നില്ല. ഈ മൗനമാണ് ഇപ്പോഴുള്ള പലരും തുടരുന്നതും; ചെറായി രാമദാസ്  പറയുന്നു. 

ഇത്തരമൊരു രാഷ്ട്രീയകാലത്ത് ദളിത് കുഞ്ഞുങ്ങളെ പച്ചയ്ക്കു കത്തിക്കാനും അമ്പലത്തില്‍ കയറുന്ന ദളിത് വൃദ്ധനെ കൊല്ലാനും പശുയിറച്ചി തിന്നയാളെ തല്ലിക്കൊല്ലാനുമൊക്കെ പകല്‍വെളിച്ചത്തിലും ധൈര്യം വരും. രാജ്യത്താകമാനം ഇതിനായുള്ളൊരു സവര്‍ണ്ണ ഹൈന്ദവ മനോനില ഒരുങ്ങി കഴിഞ്ഞു. പക്ഷെ മനസ്സിലാക്കേണ്ട ഒന്നുണ്ട്. ഹിന്ദു എന്നാല്‍ ബ്രാഹ്മണനും അവനു താഴെ വരുന്ന മറ്റു സവര്‍ണജാതിക്കാരനുമാണ്. എസ്എന്‍ഡിപിയോ കെപിഎംഎസിന്റെ ഒരു വിഭാഗമോ വിഎസ്ഡിപിയോ കരുതുന്നതുപോലെ നിങ്ങളും ഹിന്ദുക്കളാകുന്നില്ല. നിങ്ങള്‍ ഇപ്പോള്‍ വെറും ആയുധങ്ങള്‍ മാത്രമാണ്. അവര്‍ക്കുവേണ്ടി പൊരുതാനും കൊല്ലാനുമുള്ളവര്‍.

ഇവിടെ മൗനം പാലിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് പഴയ ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ സഹായിക്കലാണ്. പഴയ സാമൂഹിക വ്യവസ്ഥിതിയുടെ പുനര്‍നിര്‍മാണം അതിലൂടെ വേഗത്തില്‍ സാധ്യമാവുകയാണ്. ഇതൊരു കക്ഷി രാഷ്ട്രീയപ്രശ്‌നമായി മാത്രം കണ്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നതെങ്കില്‍ യഥാര്‍ത്ഥ ഫാസിസം തടയുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍