UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി വിധിച്ചിട്ടും ആ മാനേജര്‍ അനുസരിച്ചില്ല; ഒരധ്യാപകന്‍ ജീവിതം പറയുന്നു

Avatar

രാകേഷ് നായര്‍

ജനാധിപത്യത്തില്‍ ഒരു പൗരന് നീതി തേടി ചെല്ലാന്‍ പറ്റുന്ന അവസാനത്തെയിടം പരമോന്നത നീതിപീഠമാണ്. എന്നാല്‍ ആ കോടതിക്കും അവന്റെ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ നമ്മുടെയീ ജനാധിപത്യമുണ്ടല്ലോ, അതെന്നോ മരിച്ചൊരു വിശുദ്ധ സങ്കല്‍പ്പം മാത്രമാണെന്ന് പറയേണ്ടി വരും. നീതിയും ന്യായവും അവകാശങ്ങളും ഇവിടെ പണത്തിന്റെയും അധികാരത്തിന്റെയും കൈയ്യൂക്കിനു മുന്നില്‍ അണഞ്ഞുപോയ വെളിച്ചമാണ്. ഭരണകൂടം തങ്ങളെ സഹായിക്കുന്നവരോട് മാത്രം പ്രിയം കാണിക്കുകയും മനുഷ്യകഥനങ്ങള്‍ പറയാന്‍ പണ്ടത്തെയത്ര ആവേശം മാധ്യങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഇവിടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇരകളുടെ എണ്ണവും അവരെ വേട്ടയാടുന്നവരുടെ ശക്തിയും കൂടിക്കൂടി വരുന്നു. 

സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും അര്‍ഹതപ്പെട്ട ജോലി ലഭിക്കാതെ അലയുന്ന ഒരു എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകനാണ് നമ്മുടെ മധുരമനോജ്ഞ ജനാധിപത്യരാജ്യത്തെ പുതിയൊരു ഇര. 

കുട്ടികളെ പഠിപ്പിക്കാന്‍ അറിവും അതിനുള്ള യോഗ്യതയും ഉണ്ടായിട്ടും കുടുംബം പോറ്റാന്‍ ശിപായി പണിയെടുക്കേണ്ടി വന്ന പി എസ് സോമന്‍ എന്ന മനുഷ്യന്റെ ജീവിത കഥ വെറുതെയാണെങ്കിലും നമുക്കൊന്ന് കേള്‍ക്കാം. ഒരദ്ധ്യാപകന്‍ ആകാന്‍ ആഗ്രഹിച്ചതും അതിനുവേണ്ടി പ്രയത്‌നിച്ച് പഠിച്ചു ഡിഗ്രികള്‍ സമ്പാദിച്ചതും ഒരു തെറ്റായിപ്പോയി എന്നതാണ് സോമന്റെ ഇപ്പോഴുള്ള ജീവിതം പറയുന്നത്. സമ്പത്തിന്റെ അളവും ജാതിയും മഹത്വവുമാണ് അറിവിനെക്കാള്‍ വലിയ യോഗ്യതയെന്നു സോമനെ പോലുള്ളവര്‍ തിരിച്ചറിയുന്നില്ല. അതറിഞ്ഞുവരുമ്പോഴേക്കും അവര്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് ജീവിതസമരത്തിന് തയ്യാറെടുക്കുക എന്നതുമാത്രം. അതിന്റെ വിജയത്തിനൊന്നും ഒരു ഗ്യാരണ്ടിയും ഇല്ല. ആരെങ്കിലും കൂടെയുണ്ടാകുമെന്ന് ആഗ്രഹിക്കുകയും അരുത്.

എന്റെ ജീവിതസമരം തുടങ്ങുന്നതിങ്ങനെയാണ്, സോമന്‍ പറഞ്ഞു തുടങ്ങുന്നു
2002-03 കാലത്ത് നാലുമാസത്തേക്ക് വന്ന താത്കാലിക ഒഴിവിലേക്കാണ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള പൊയ്യ എകെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യുപിഎസ്എ ആയി എനിക്ക് പ്രവേശനം ലഭിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ ജോലികിട്ടാന്‍ കൊടുക്കേണ്ട പടി കൊടുത്തു തന്നെയാണ് അവിടെ കയറുന്നത്. താല്‍ക്കാലിക ഒഴിവില്‍ കയറിയ എനിക്ക് ന്യായപ്രകാരം പിന്നീട് വരുന്ന സ്ഥിരം ഒഴിവിലേക്ക് പ്രഥമ പരിഗണ നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ചട്ടവും നിയമവും തങ്ങള്‍ തീരുമാനിക്കുന്നതാണ് എന്ന ധിക്കാരം കൊണ്ടുനടക്കുന്നയാളാണ് ആ സ്‌കൂളിലെ മാനേജര്‍. അവര്‍ എന്റെ ജീവിതത്തിനുമേല്‍ ഒരു ചുവന്ന വരവരച്ചു.

2006 ലാണ് സോമന്റെ നിയമനം അംഗീകരിക്കപ്പെടുന്നത്. ഇതിനിടയില്‍, 2005 ല്‍ സ്‌കൂളില്‍ ഒരൊഴിവ് ഉണ്ടായപ്പോള്‍, അവകാശപ്പെട്ട ജോലി മാനേജരുടെ ബന്ധുവിന് ലഭിക്കുന്നത് കാണേണ്ട ദൗര്‍ഭാഗ്യമായിരുന്നു എനിക്ക് ഉണ്ടായത്. എന്നാല്‍ തളര്‍ന്നിരിക്കാന്‍ പറ്റുമായിരുന്നില്ല, ഹൈക്കോടതിയെ സമീപിച്ചു. 2007 ലാണ് ഇത്. ഹൈക്കോടതി എനിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ഡിഇഒയെ ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ എനിക്ക് അവകാശപ്പെട്ട ജോലി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഡിഇഒ നല്‍കിയ ഓഡര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഹൈക്കോടതി വീണ്ടും ഇടപെടുകയും ഡിഇഒയോട് അന്നത്തെ സ്‌കൂള്‍ മാനേജരായിരുന്ന തങ്കമ്മ ഇട്ടൂപ്പിനെ അയോഗ്യയാക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ വിധിക്കെതിരെ അവര്‍ കോടതിയെ സമീപിക്കുകയും ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ നിന്ന് സ്റ്റേ ഓഡര്‍ വാങ്ങിക്കുയും ചെയ്തു. കോടതി അന്ന് ജനറല്‍ എഡ്യുക്കേഷന്‍ സെക്രട്ടറിയോട് ഇരുവിഭാഗത്തെയും ഹിയറിംഗിന് വിളിപ്പിച്ച് ഈ കാര്യത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ കാര്യങ്ങള്‍ മാനേജ്മെന്‍റിന് അനുകൂലമായി തകിടം മറിക്കപ്പെട്ടു.

ഡിഇഒയുടെ ഉത്തരവ് റദ്ദാക്കാനാണ് ഗവണ്‍മെന്റ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദേശം. മാനേജ്‌മെന്റിന് അനുകൂലമായി ജനറല്‍ എഡ്യൂക്കേഷന്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് തീര്‍പ്പുണ്ടായതിനെ തുടര്‍ന്ന് 2012 ല്‍ ഹൈക്കോടതയില്‍ വീണ്ടും റിട്ട് ഫയല്‍ ചെയ്തു. കോടതിയുടെ ഫുള്‍ബഞ്ചാണ് ഈ റിട്ട് പരിഗണിച്ചത്. 2005 മുതലുള്ള ശമ്പളത്തോടെ എന്നെ ജോലിക്ക് തിരിച്ചെടുക്കണം എന്ന വിധിയാണ് ഫുള്‍ബഞ്ചില്‍ നിന്നുണ്ടായത്.പക്ഷെ, മാനേജ്‌മെന്റ് എന്നോട് ദയ കാണിക്കാന്‍ തയ്യാറല്ലായിരുന്നു. മാനേജര്‍ ഔസേപ്പച്ചന്‍ അമ്പൂക്കനി എന്ന സവര്‍ണ്ണ ക്രിസ്ത്യാനിക്ക് എന്നെപ്പോലൊരാളുടെ മുന്നില്‍ തോല്‍ക്കാന്‍ കഴിയിലില്ലല്ലോ. അവരുടെ അഭിമാനം ഒരു കീഴാളന് മുന്നില്‍ തകര്‍ന്നടിയുക എന്നത് ആത്മഹത്യാപരമാകും. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധിക്കെതിരെ അവര്‍ സുപ്രീം കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. പക്ഷെ ന്യായം എന്റെ ഭാഗത്ത് തന്നെയായിരുന്നു. വീണ്ടും കേസ് പരിഗണിച്ച സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് 2005 മുതല്‍ ശമ്പളമൊഴികെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സഹിതം എന്നെ ജോലിക്ക് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 നായിരുന്നു സുപ്രീംകോടതിയില്‍ നിന്ന് അനൂകൂല വിധി ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇരിങ്ങാലക്കുട ഡിഇഒ യെയാണ് ചുമതലപ്പെടുത്തിയത്. ഉത്തരവ് നടപ്പാക്കേണ്ടതിന് പകരം വീണ്ടുമൊരു ഹിയറിംഗ് വിളിക്കാനാണ് ഡിഇഒ ശ്രമിച്ചത്. ഈ ഹിയറിംഗില്‍ ഇനിയുണ്ടാകുന്ന ഒഴിവിലേക്ക് പരിഗണിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ച് ഡിഇഒ മനേജ്‌മെന്റിനുവേണ്ടി തന്റെ ഭാഗം ആടിത്തീര്‍ത്തു.കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നല്ല സ്വാധീനമുള്ള മനേജര്‍, ആ ബന്ധം തന്നെയാണ് ഇവിടെയും ഉപയോഗിച്ചത്. ഇരിങ്ങാലക്കുട ഡിഇഒ ഓഫിസിലെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഡിഇഒ അല്ല, അവരുടെ പി എ ആണ്. പി എ ആകട്ടെ കോണ്‍ഗ്രസ് അനുകൂല അധ്യാപകസംഘടനയുടെ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ നേതാവും. ഇയാളും മനേജരും തമ്മിലുള്ള അടുപ്പമാണ് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും എനിക്ക് ജോലി ലഭിക്കാതിരിക്കാന്‍ കാരണം.

2005 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തിലെ വേതനമൊഴികെയുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന സുപ്രീം കോടതി വിധിയുള്ളപ്പോള്‍ തന്നെ 2008 ലും 2012 ലും ഉണ്ടായ ഒഴിവുകളില്‍ എന്നെ പരിഗണിക്കാതെ, എന്റെ ജീവിതം തകര്‍ക്കുന്നതരത്തില്‍ കളിക്കുന്ന ഈ മാനേജരുടെ സ്ഥാനം എവിടെയാണെന്നാണ് ഞാന്‍ ആലോചിച്ചു പോകുന്നത്.സുപ്രീം കോടതിയെപ്പോലും ധിക്കരിക്കാന്‍ തക്ക പ്രബലനാണോ ഈ മാനേജര്‍? അങ്ങനെയാണെങ്കില്‍ ഇനി നീതിക്കു വേണ്ടി ഞാന്‍ എവിടെയാണ് പോകേണ്ടത്? ഇക്കാര്യത്തില്‍ ഇനിയെന്നെ സഹായിക്കേണ്ടത് സമൂഹമാണ്. സമരമാണ് ഇനിയെന്റെ ആയുധം. എന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണ് ഈ സമരം തുടങ്ങുന്നത്.എന്റെ വീടും പറമ്പും പണയപ്പെടുത്തി എടുത്ത ലക്ഷങ്ങള്‍ ചെലവാക്കിയാണ് ഹൈക്കോടതിയിലും സുപ്രീം കോടതയിലും ഞാന്‍ കേസിന് പോയത്. പ്രായമായ അമ്മയടക്കം ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന ഒരു കുടുംബം പോറ്റേണ്ടവനാണ് ഞാന്‍. കടബാധ്യതയും നിത്യജീവിത ചെലവുകളും ഒറ്റയ്ക്ക് താങ്ങേണ്ടവന്‍. അധ്യാപകനായി ജോലി നോക്കേണ്ടിടത്ത് ഇപ്പോള്‍ ഞാന്‍ ഒരു സ്ഥാപനത്തില്‍ താല്‍ക്കാലിക പ്യൂണ്‍ ജോലി ചെയ്യേണ്ടി വരുന്നത് കുടുംബം പോറ്റാന്‍ വേണ്ടിയാണ്. നെഞ്ചില്‍ തങ്ങുന്ന വേദന പുറത്തറിയിക്കാതിരിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പഠിച്ചതും സമൂഹത്തിന് മാതൃകയാകുന്ന ഒരു തൊഴില്‍ തെരഞ്ഞെടുത്തതും ഞാന്‍ ചെയ്ത തെറ്റാണോ? അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ട്. അതെനിക്കുവേണ്ടി മാത്രമല്ല, പിന്നാലെ വരുന്ന ഒരു തലമുറയ്ക്കുകൂടി വേണ്ടിയാണ്.

(അഴിമുഖം സ്റ്റാഫ്  റൈറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍