UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിവില്‍ സര്‍വ്വീസ്; വേണ്ടത് അടിസ്ഥാനമാറ്റങ്ങള്‍

Avatar

ലിപിന്‍ രാജ്, വിഷ്ണു കാന്ത്

 

യു പി എസ് സി സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷ നടത്തുന്ന രീതിക്കെതിരെ ഹിന്ദിക്കാരായ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം വലിയ വാര്‍ത്തയായിട്ടുണ്ട്. പ്രാഥമിക പരീക്ഷയിലെ രണ്ടാം പേപ്പര്‍ എടുത്തുകളയണമെന്നാണ് ഹിന്ദി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യം. സിവില്‍ സര്‍വ്വീസ് അഭിരുചി പരീക്ഷ (CSAT) വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. എന്നാല്‍ ആഗസ്ത് 24-നു നടക്കേണ്ട പ്രാഥമിക പരീക്ഷ നീട്ടിവയ്ക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ വിവിധ സംസ്ഥാന PSC-കളും UPSC-യും സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ നടത്തുന്ന രീതിയിലെ പല പ്രശ്നങ്ങളും പരിശോധിക്കപ്പെടേണ്ടതാണ്.

 

CSAT പേപ്പറില്‍ അതിന്റെ രീതിയിലാണ് പ്രശ്നം. വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതേണ്ട ഖണ്ഡികകള്‍ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളില്‍നിന്നും എടുത്ത ഭാഗങ്ങള്‍ തീര്‍ത്തും യാന്ത്രികമായാണ് ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്. ഫലമോ, ഹിന്ദി തര്‍ജ്ജമ വായിച്ചാല്‍ കാര്യമെന്താണെന്ന് പിടികിട്ടാത്ത അവസ്ഥ. ഹിന്ദി മാധ്യമമായി  പരീക്ഷയെഴുതുന്നവര്‍ക്ക് , വിലപ്പെട്ട സമയം ചെലവിട്ടു ഹിന്ദി തര്‍ജ്ജമ വായിച്ചു കാര്യം പിടികിട്ടാതെ പിന്നെ ഇംഗ്ലീഷ് തന്നെ വായിച്ചു സംഗതി മനസ്സിലാക്കേണ്ടിവരുന്നു. CSAT പേപ്പറിന്റെ വെയിറ്റെജ് കുറക്കുക എന്നതാണ് ഒരു പരിഹാരം. ഈ വിഭാഗത്തില്‍ ഇന്ത്യന്‍ ഭാഷകളിലെ പുസ്തകങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്താം. തര്‍ജ്ജമയുടെ നിലവാരവും മെച്ചപ്പെടുത്തേണ്ടതാണ്. തീര്‍ത്തും യാന്ത്രികമായ രീതി മാറ്റി, അതിന്റെ കാമ്പ് പിടികിട്ടുന്ന രീതിയിലായിരിക്കണം തര്‍ജ്ജമ. വായിച്ചാല്‍ മനസ്സിലാകണമെന്ന് ചുരുക്കം. മറ്റൊരു പ്രധാന വിഷയം ഹിന്ദി മാധ്യമമായ വിദ്യാര്‍ത്ഥികളും, മറ്റ് പ്രാദേശിക ഭാഷക്കാരും തമ്മിലുള്ള തുല്യതയാണ്. ചോദ്യങ്ങളും, ഖണ്ഡികകളുമൊക്കെ ഹിന്ദിയില്‍ മാത്രം തര്‍ജ്ജമ ചെയ്താല്‍ പോര, മറിച്ച് മറ്റ് പ്രാദേശിക ഭാഷകളിലും ഇത് വേണം.

 

ഓരോ കൊല്ലം കഴിയുന്തോറും പ്രധാന പരീക്ഷയില്‍ തെരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ പേപ്പറുകളില്‍ മാര്‍ക് നല്‍കുന്നതില്‍ ഒരു തുല്യതയുമില്ല എന്നു കാര്യവും സമിതി പരിശോധിക്കണം. കഴിഞ്ഞ വര്‍ഷം സാഹിത്യ പേപ്പറുകളില്‍ നല്ല മാര്‍ക്ക് ലഭിച്ചപ്പോള്‍, ഭൂമിശാസ്ത്രവും പൊതുഭരണവും നിരാശക്കിട നല്കി. ഈവര്‍ഷവും സ്ഥിതി അതൊക്കെതന്നെ. ഇത് പരീക്ഷയെ ഒരു പലപ്പോഴും ഒരു ‘ഭാഗ്യക്കുറി’യാക്കുന്നുണ്ട്. നിങ്ങള്‍ തെരഞ്ഞെടുത്ത പേപ്പറിന് ഭാഗ്യക്കുറി അടിച്ചാല്‍ നിങ്ങള്‍ക്ക് കടമ്പ കടക്കാനുള്ള സാധ്യത ഏറെ കൂടുതലായി എന്നര്‍ത്ഥം. 2012-ലെ പരീക്ഷയില്‍ ഇതാണ് സംഭവിച്ചത്. സാഹിത്യ പേപ്പര്‍ എടുത്ത പല ഉദ്യോഗാര്‍ത്ഥികളും ഐ എ എസില്‍ എത്തിയാണ് നിന്നത്. CSE 2013 മുതല്‍ തെരഞ്ഞെടുക്കാവുന്ന പേപ്പറുകളുടെ എണ്ണം UPSC രണ്ടില്‍നിന്നും ഒന്നാക്കി. സാഹിത്യ പേപ്പര്‍ തെരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തി. ഈ ഉപാധികള്‍ പിന്നീട് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. മാര്‍ക്ക് ലഭിക്കുന്നതുവെച്ച് നോക്കിയാല്‍ ചില പേപ്പറുകള്‍ മറ്റുള്ളവയെക്കാള്‍ എളുപ്പമാണെന്ന് UPSC തന്നെ സമ്മതിച്ചു എന്നര്‍ത്ഥം. ഈ മുന്‍വിധി ഒഴിവാക്കാനും, എല്ലാവര്‍ക്കും ഒരു പൊതുനില നല്‍കുന്നതിനും ഇപ്പോഴുള്ള തെരഞ്ഞെടുക്കാവുന്ന ഒരു പേപ്പര്‍ എന്ന അവസ്ഥ ഇല്ലാതാക്കണം. പൊതുവായ പേപ്പറുകളിലെ പ്രകടനം വെച്ചാകണം ഓരോരുത്തരേയും അളക്കേണ്ടത്. രാജസ്ഥാനിലും കേരളത്തിലും പി‌എസ്‌സി-കള്‍ ഇപ്പോള്‍ ഈ മാതൃക നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത പരീക്ഷ മുതല്‍ ഝാര്‍ഖണ്ട് PSC-യും ഈ മാതൃക പിന്തുടരും. നിര്‍ബന്ധിത ഭാഷാ പേപ്പറിലെ മാര്‍ക്കുകള്‍ അവസാന മാര്‍ക്കിനൊപ്പം കൂട്ടണമെന്നും ആവശ്യമുണ്ട്. ഇത് പരീക്ഷയെഴുതുന്നവരുടെ ഭാഷാ ശേഷി അളക്കാന്‍ മാത്രമല്ല, വര്‍ഗ, പ്രദേശ വിഭിന്നതകള്‍ക്ക് തുല്യനില നല്കുകയും ചെയ്യും. അറിയപ്പെടുന്ന ഇന്ത്യന്‍ എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുത്തി ഈ പേപ്പര്‍ കാലാനുസൃതമായി മെച്ചപ്പെടുത്തുകയുമാകാം.

 

 

പ്രധാന പരീക്ഷയിലെ ഉപന്യാസ പേപ്പറും തര്‍ക്കവിഷയമാണ്. CSE 2013 വരെ ഉദ്യോഗാര്‍ത്ഥികള്‍ തന്നിരിക്കുന്ന വിഷയങ്ങളിലൊന്നില്‍ മൂന്നുമണിക്കൂറിനുള്ളില്‍ ഒരു ഉപന്യാസം എഴുതണമായിരുന്നു. ഈ ഒരൊറ്റ ഉപന്യാസത്തിന് 250 മാര്‍ക്കാണ്. ഇതല്‍പം  കൂടുതലാണെന്ന് മിക്ക ഉദ്യോഗാര്‍ത്ഥികളും കരുതുന്നു. ഉപന്യാസ പേപ്പര്‍ പരിശോധിക്കുന്നതിലെ വസ്തുനിഷ്ഠതയ്ക്ക് ഇത് ഇടിവ് വരുത്തുന്നു. രണ്ടോ മൂന്നോ വിഷയങ്ങളില്‍ ഉപന്യാസമെഴുതാന്‍ ആവശ്യപ്പെടുന്നതാണ് കൂടുതല്‍ ഉചിതം. ഈ വിഷയങ്ങളോട് എഴുതന്നയാള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നു മനസ്സിലാക്കാന്‍ ഇത് കൂടുതല്‍ സഹായിക്കും. തങ്ങളെ ന്യായമായാണ് വിലയിരുത്തിയിരിക്കുന്നതെന്ന് എഴുതിയവര്‍ക്കും തോന്നും. ഉത്തര്‍പ്രദേശ് PSC-യിലും ഉത്തരാഖണ്ഡ് PSC-യിലും ഈ സമ്പ്രദായം ഇപ്പോഴുണ്ട്. ഇത്തവണത്തെ പരീക്ഷാ വിജ്ഞാപനത്തില്‍ ഒന്നിലേറെ വിഷയങ്ങളില്‍ ഉപന്യാസമെഴുതണമെന്ന് UPSC വ്യക്തമാക്കിയിട്ടുണ്ട്. ഇത് ശരിയായ ദിശയിലുള്ള നീക്കമാണ്. ഉദ്യോഗാര്‍ത്ഥികളുടെ മൂല്യബോധവും വ്യക്തിത്വവും അളക്കുന്നതിന് UPSC മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കണം. നിലവിലെ ചോദ്യങ്ങള്‍ എഴുത്തിന് പ്രാധാന്യം നല്‍കുന്നതും, ഏതെങ്കിലും പരിശീലന സ്ഥാപനത്തില്‍ പോയി മിനുക്കിയെടുക്കാവുന്നതുമാണ്. അതുകൊണ്ടുതന്നെ ഈ പേപ്പര്‍ പരിശീലന കേന്ദ്രങ്ങള്‍ കൂണ് പോലെ മുളക്കാനും ഇടയാക്കി. 

ബെസ്റ്റ് ഓഫ് അഴിമുഖം 

തേക്ക്, മാഞ്ചിയം, ഇംഗ്ലീഷ് മീഡിയം തട്ടിപ്പുകള്‍
ശൈശവ വിവാഹക്കാര്‍ അറിയേണ്ട പാത്തു അമ്മായിയുടെ ജീവിതം
ഒരു ഔട്ട്സോഴ്സ്ഡ് ഇന്ത്യന്‍ പറ്റിക്കല്‍ (ദുരന്ത) കഥ
പുരുഷന്മാര്‍ക്കായുള്ള അക്കാദമിക് ദന്തഗോപുരങ്ങള്‍

പ്രധാന പരീക്ഷയില്‍ നല്‍കുന്ന മാര്‍ക്ക് കുറച്ചു വര്‍ഷങ്ങളായി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പൊതുവിഭാഗത്തിലെ നിശ്ചിത മാര്‍ക് പരിധി (cut off) CSE 2013-ല്‍ 842, 2012-ല്‍ 698, 2013-ല്‍ 564 എന്നിങ്ങനെയായിരുന്നു. ഇത് പ്രധാന പരീക്ഷയിലെ മാര്‍ക് കുറക്കുകയും അഭിമുഖത്തിലെ മാര്‍ക്കിന് (നിലവില്‍ 275) പ്രാധാന്യം കൂട്ടുകയും ചെയ്തു. ഇതാകട്ടെ അഭിമുഖസമിതിക്ക് ഏതാണ്ടൊരു വീറ്റോ അധികാരം നല്കുന്നുണ്ട്. പ്രധാന പരീക്ഷയുടെ മാര്‍ക് പരിധി താഴ്ത്തിയതോടെ അഭിമുഖത്തിനുള്ള മാര്‍ക്കും താഴ്ത്തിക്കൊണ്ടുവരേണ്ടതാണ്. അഭിമുഖത്തിലെ മാര്‍ക്ക് സമിതി അദ്ധ്യക്ഷന്‍ മാത്രമല്ല എല്ലാ അംഗങ്ങളും മാര്‍ക്ക് നല്കുകയും ഒടുവില്‍ അതിന്റെ ശരാശരി കണക്കിലെടുക്കുകയും വേണം. ഓരോ അംഗവും നല്കിയ മാര്‍ക്കുകള്‍ വിവരാവകാശ നിയമാനുസരണം ലഭ്യമാക്കുകയും വേണം.

 

ഈ പ്രക്രിയയിലാകെ പരിശീലന കേന്ദ്രങ്ങളുടെ പങ്കിനെ തളിക്കളയാനാവില്ല. ഇത്തരം സ്ഥാപനങ്ങള്‍ ഡല്‍ഹിയില്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. കനത്ത തുകയാണ് ഇവര്‍ ഈടാക്കുന്നതും. ഡല്‍ഹിയിലെ ജീവിതച്ചെലവും ഭയാനകം. ഡല്‍ഹിയില്‍ താമസിക്കുന്നതിന്റെ ഒരു ഗുണം പുതിയ പഠനവസ്തുക്കള്‍ ധാരാളം ലഭ്യമാണെന്നാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ താമസിച്ചു പഠിക്കുക അത്ര എളുപ്പമല്ല. ഇതവരെ മത്സരത്തില്‍ പിറകോട്ടു തള്ളുന്നു. സ്ത്രീകള്‍ക്കാകട്ടെ പണമുണ്ടെങ്കില്‍ക്കൂടി സുരക്ഷാ കാരണങ്ങളാല്‍ ഡല്‍ഹിവാസം അത്ര എളുപ്പമല്ല. ഈ രണ്ടു വിഭാഗങ്ങള്‍ക്കും ഡല്‍ഹിയില്‍ ഹോസ്റ്റല്‍ സൌകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കണം. പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍വ്വകലാശാലകള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യവും ആലോചിക്കേണ്ടതാണ്. ഇത്തരം പരിശീലനകേന്ദ്രങ്ങള്‍ സാമ്പത്തികമായി  പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും വലിയൊരു അനുഗ്രഹമായിരിക്കും.

 

 

പരീക്ഷയെഴുതിയവരുടെ മാര്‍ക് UPSC പുറത്തുവിടുന്നത് അന്തിമഫലത്തിന് ശേഷമാണ്. അതായത് പ്രാഥമിക പരീക്ഷയുടെ മാര്‍ക്കറിയാന്‍ 10 മാസവും പ്രധാന പരീക്ഷയുടെതിന് മൂന്നുമാസവും കാത്തിരിക്കണം. ശരിയായ സമയത്ത് ഇതറിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടവിധത്തില്‍ തന്റെ തയ്യാറെടുപ്പുകളില്‍ മാറ്റം വരുത്താനാകും. വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസുകള്‍ പരീക്ഷയെഴുതിയവരെ കാണിക്കാന്‍ തയ്യാറല്ലെന്ന കുപ്രസിദ്ധ നിലപാടാണ് UPSC-യുടേത്. സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി ഈ പ്രശ്നം പരിശോധിക്കുകയും ഉത്തര്‍ക്കടലാസുകളും മാര്‍ക്കും വലിയ പൊല്ലാപ്പ് കൂടാതെ ലഭിക്കാവുന്ന അവസ്ഥ ഉണ്ടാക്കുകയും വേണം.

 

വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ഈ പ്രക്രിയക്ക് UPSC 15 മാസമെടുക്കും. ഹിന്ദി മേഖലയിലെ PSC-കള്‍ ഇക്കാര്യത്തില്‍ ഇതിലും മോശമാണ്. ഒരുദാഹരണം പറഞ്ഞാല്‍ 2010-ലെ പി സി എസ് പരീക്ഷയുടെ ഫലം ഉത്തരാഖണ്ഡ് PSC ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷ നടന്ന്‍ ഒരു കൊല്ലത്തിന് ശേഷമാണ് ഉത്തര്‍പ്രദേശ് PSC ഫലം പ്രഖ്യാപിക്കുന്നത്. ബിഹാര്‍ പി‌എസ്‌സി തങ്ങളുടെ അവസാന പി‌സി‌എസ് പരീക്ഷ നടത്താന്‍ മൂന്നു വര്‍ഷമെടുത്തു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2013-ലെ CGL പരീക്ഷ നടത്താന്‍ ഇപ്പോളും കഷ്ടപ്പെടുകയാണ്. അപ്പോള്‍പ്പിന്നെ ഇക്കൊല്ലത്തെ കഥ പറയണോ. കേരളത്തില്‍ പല പരീക്ഷകളുടെയും ഫലം ഇന്നുവരെ പുറത്തുവന്നിട്ടില്ല. മറ്റൊരു മാര്‍ഗവുമില്ലാത്ത 2.5 ദശലക്ഷം  ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നീതി നിഷേധിക്കപ്പെടുന്നത്. ഈ രാജ്യത്തെ യുയവാക്കളുടെ മേലുള്ള ക്രൂരതയാണ് ഇത്. സമിതി ഈ വിഷയങ്ങള്‍കൂടി പരിഗണിക്കണം.

 

സിവില്‍ സര്‍വ്വീസ് പരീക്ഷയെ സമഗ്രമായി കാണാനാണ് സമിതി ശ്രമിക്കേണ്ടത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള എല്ലാ തരക്കാരുമായ ഉദ്യോഗാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണം. ഏറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ഘടനാപരമായ പരിഷ്ക്കാരങ്ങളാണ് സമിതി നിര്‍ദ്ദേശിക്കേണ്ടത്. അല്ലെങ്കില്‍ നിലവിലെ സംവിധാനം രാജ്യത്തെ യുവാക്കളുടെ ആത്മവിശ്വാസത്തെ കെടുത്തും. ആത്മവിശ്വാസമില്ലാതെ പ്രതീക്ഷയില്ല. പ്രതീക്ഷയില്ലാതെ വളര്‍ച്ചയും.

 

2012 ബാച്ച് സിവിൽ സർവീസ് ട്രെയിനികളാണ് ലേഖകര്‍. 

*Views are personal 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍