UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കളക്ടര്‍ക്ക് പത്താം ക്ളാസ് ഇംഗ്ളീഷ് എങ്കിലും അറിയേണ്ടേ?

Avatar

ടീം അഴിമുഖം

സ്‌കൂളില്‍ പോകുന്ന 15 വയസുള്ള കുട്ടിക്കുള്ള ഭാഷാപരിജ്ഞാനം തെളിയിക്കാന്‍ രാജ്യം ഭരിക്കാന്‍ പോകുന്ന സിവില്‍ സര്‍വീസുകാരോട് ആവശ്യപ്പെടുമ്പോള്‍ അവര്‍ ഇരകളാക്കപ്പെട്ടു എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ആശങ്കയ്ക്ക് വകനല്‍കുന്ന കാര്യമാണ്. ഭരണ നിര്‍വഹണത്തിന്‍റെ നിലവാരത്തില്‍ ഗൗരവമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്ന വിധത്തില്‍ ഈ ‘ഇരകളുടെ’ ആവശ്യങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുന്ന ഒരു സര്‍ക്കാര്‍ നടപടി അതിലും ആശങ്കാജനകമാണ്. 

സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷയിലെ ഇംഗ്ലീഷ് അഭിരുചി പരീക്ഷ സംബന്ധിച്ച അതിന്റെ നിലപാട് സര്‍ക്കാര്‍ ഇപ്പോള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. അടുത്ത ഘട്ടത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ ഇംഗ്ലീഷ് അഭിരുചി പരീക്ഷയിലെ മാര്‍ക്കുകള്‍ കണക്കിലെടുക്കരുതെന്ന പ്രതിഷേധക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. ഇംഗ്ലീഷ് പരിജ്ഞാനം കുറവുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെയുണ്ട് എന്ന് ആരോപിക്കപ്പെടുന്ന വിവേചനത്തിലും ശാസ്ത്ര, എഞ്ചിനീയറിംഗ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് ഹൂമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ചവരെക്കാള്‍ പ്രാധാന്യം നല്‍കുന്നുവെന്നതിലുമായിരുന്നു പ്രതിഷേധക്കാര്‍ക്ക് എതിര്‍പ്പ്. ഒരു കമ്മിറ്റി റിപ്പോര്‍ട്ട് അതിന്റെ നിര്‍ദ്ദേശങ്ങളുമായി വരട്ടെ എന്ന് ചൂണ്ടിക്കാട്ടി, വിഷയത്തില്‍ സര്‍ക്കാര്‍ ഒഴിഞ്ഞുമാറാനും തീരുമാനമെടുക്കുന്നത് നീട്ടിവയ്ക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നു എന്ന് മാത്രമല്ല അവരുടെ തന്നെ വിദഗ്ധര്‍ പ്രശ്‌നത്തില്‍ എടുത്ത നിലപാടില്‍ നിന്നും വ്യത്യസ്തവുമാണത്. പ്രതിഷേധക്കാരുടെ ആവശ്യത്തില്‍ നിന്നും വ്യത്യസ്തമായി അഭിരുചി പരീക്ഷ നിലനില്‍ക്കും. പക്ഷെ ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് നിലവാരത്തിനപ്പുറമുള്ള ഇംഗ്ലീഷ് നിലവാരമൊന്നും തെളിയിക്കേണ്ടതില്ല; ഇതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടവര്‍ക്ക് ഒരവസരം കൂടി ലഭിക്കുകയും ചെയ്യും. 

ഇത് പ്രതീകാത്മകമായും അല്ലാതെയും അപകടകരമായ ഒരു ഒത്തുതീര്‍പ്പാണ്. മോഹനമായ ഒന്നാണ് സിവില്‍ സര്‍വീസ്. താന്‍ ആഗ്രഹിച്ചെത്തുന്ന ഈ തസ്തികളില്‍ ഇരുന്ന് ജീവിതകാലം മുഴുവന്‍ രാജ്യത്തെ സേവിക്കാനാഗ്രഹിക്കുന്നവര്‍ ഹൈസ്‌കൂള്‍ തലത്തില്‍ മാത്രം ചിന്തിയ്ക്കുകയും ആശയവിനിമയം ചെയ്യുകയും ചെയ്യുന്നതും വലിയ ആശങ്കകളാണ് ഉണര്‍ത്തുന്നത്. മാത്രമല്ല ന്യായയുക്തമല്ലാത്ത യോഗ്യതാ മാനദണ്ഡങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇത്രയധികം ഭാഷാ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്തെ ഒന്നിപ്പിച്ച് നിറുത്തുന്ന അടിസ്ഥാന ആശയ വിനിമയ മാധ്യമം ഹിന്ദിയെക്കാള്‍ ഇംഗ്ലീഷാണ്. കൂടാതെ, തങ്ങളുടെ രാജ്യത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യേണ്ടവരാണ് സിവില്‍ സര്‍വീസുകാര്‍. ഇംഗ്ലീഷ് വിരുദ്ധതയുടെ മൗലികവാദവും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുള്ള രാഷ്ട്രീയവും ചേര്‍ന്ന് മികവും യോഗ്യതയും അഭിലഷണീയതയായിരിക്കേണ്ട ഒരു മേഖലയുടെ നിലവാരം കുത്തനെ കുറയ്ക്കുകയാണ് ചെയ്യുന്നത്. 

പ്രക്ഷോഭകര്‍ സര്‍ക്കാരിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യേണ്ട ശരിയായ രീതിയല്ല തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇംഗ്ലീഷ് അഭിരുചി ഒഴിവാക്കുക എന്നത്. കാരണം ഹിന്ദി മേഖലയില്‍ ഉള്ളവര്‍ക്ക് പ്രിലിമിനറി തലത്തില്‍ ഉള്ള 22.5 മാര്‍ക്കിന്റെ ഈ ഇംഗ്ളീഷ് ഗ്രഹണശേഷി പരീക്ഷ മാത്രമേ ഇംഗ്ളീഷില്‍ എഴുതേണ്ടതുള്ളൂ. പ്രിലിമിനറി കടന്നു കഴിഞ്ഞാല്‍ പരീക്ഷയും അഭിമുഖവും മാതൃഭാഷയില്‍ തന്നെ അഭിമുഖീകരിക്കാന്‍ കഴിയും. മോശം ഇംഗ്ലീഷ് എന്ന പിന്നോക്കാവസ്ഥയെ അഭിസംബോധന ചെയ്യുന്നതിന് പാഠ്യപദ്ധതി വിചാരങ്ങളില്‍ ഗൗരവതരമായ മാറ്റം വരുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം. ഒരു വിഭാഗം വരേണ്യര്‍ക്ക് മാത്രം ഗുണം ചെയ്യുന്ന രീതിയില്‍ നിന്നു മാറി പുതിയ പരീക്ഷാ സമ്പ്രദായം യു.പി.എസ്.സി ഏര്‍പ്പെടുത്തിയത് എല്ലാ വിഭാഗത്തില്‍ ഉള്ളവരെയും ഉള്‍ക്കൊള്ളിക്കാന്‍ കൂടിയാണ്. കേവലം ക്ളറിക്കല്‍ ജോലികളില്‍ നിന്നു വ്യത്യസ്തമായി ഭരണനിര്‍വഹണ കാര്യങ്ങളില്‍ ശേഷി പ്രകടിപ്പിക്കേണ്ടവരാണ് സിവില്‍ സര്‍വീസ് സമൂഹം എന്നത് കൂടി ഇക്കാര്യത്തില്‍ യു.പി.എസ്.സി കണക്കിലെടുത്തിട്ടുണ്ട്. അപ്പോള്‍ പത്താം ക്ളാസിലെ ഇംഗ്ളീഷ് പോലും അറിയേണ്ടതില്ല എന്നുള്ള ഒരു വിഭാഗത്തിന്റെ വാദവും അതിനെ ശരിവച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെയും മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും നടപടികളും തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍