UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട് കിട്ടാന്‍ ഹിന്ദു പേര് പറയേണ്ടി വന്ന സിവില്‍ സര്‍വീസ് റാങ്കുകാരന്റെ ജീവിതം

അഴിമുഖം പ്രതിനിധി

നിങ്ങളൊരു മുസ്ലീമാണോ? എങ്കില്‍ നിങ്ങള്‍ ഇന്ത്യയിലെ വന്‍നഗരങ്ങളിലേക്ക് കുടിയേറുമ്പോള്‍ ജീവിതത്തില്‍ സ്വന്തം പേര് മാറ്റി വച്ച് മറ്റൊന്ന് പറയേണ്ടി വരും. ഒരിക്കലല്ല പലതവണ. നിങ്ങള്‍ക്ക് വാടകയ്ക്ക് ഒരു മുറി കിട്ടണമെങ്കില്‍, ആഹാരം കിട്ടണമെങ്കില്‍, നിങ്ങള്‍ പേര് പോലും മാറിയേ പറ്റൂ. അതാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 361-ാം റാങ്ക് ലഭിച്ച അഹമ്മദ് ഷെയ്ഖിന്റെ ജീവിതം പറയുന്നത്.

പൂനെയിലെ ഷെഡഗാവ് ഗ്രാമത്തില്‍ നിന്നുള്ള ഓട്ടോ റിക്ഷാ ഡ്രൈവറുടെ മകനാണ് 21-കാരനായ അന്‍സാര്‍ അഹമ്മദ് ഷെയ്ഖ്. പുനെ ഫെര്‍ഗൂസണ്‍ കോളെജ് വിദ്യാര്‍ത്ഥിയായ അന്‍സാര്‍ ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കണ്ടു. എന്നാല്‍ പഠനത്തിനായി ഗ്രാമം വിട്ടു വന്ന അദ്ദേഹത്തിന് നഗരത്തിലൊരു വീട് കണ്ടെത്താന്‍ അതിലേറെ ബുദ്ധിമുട്ടേണ്ടി വന്നു.

സിവില്‍ സര്‍വീസ് ലക്ഷ്യമിട്ടാണ് അന്‍സാര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടാനായി പൂനെയിലെത്തിയത്. വീട് കണ്ടെത്താനും ഭക്ഷണം ലഭിക്കുന്നതിനും താന്‍ ഏറെ വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇനിയെനിക്ക് സ്വന്തം പേര് പരസ്യമായി പറയാമെന്ന് അദ്ദേഹം ആഹ്ലാദിക്കുന്നു.

ഒരിടത്ത് റൂമിനായി പോയപ്പോള്‍ കൂടെ വന്ന ഹിന്ദുക്കളായ സൃഹൃത്തുക്കള്‍ക്കെല്ലാം താമസസൗകര്യം ലഭിച്ചു. എന്നാല്‍ അന്‍സാറിന് ലഭിച്ചില്ല. അടുത്ത തവണ പേര് ശുഭം എന്ന് പറഞ്ഞു. ഒരു സുഹൃത്തിന്റെ പേരായിരുന്നു അത്. വീട് കിട്ടി. ഇനിയെനിക്ക് സ്വന്തം പേര് ഒളിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

വളരെ കഷ്ടപ്പാട് നിറഞ്ഞ സാഹചര്യത്തില്‍ നിന്നുമാണ് അന്‍സാര്‍ ഉന്നതനിലയിലേക്ക് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവിന് മൂന്ന് ഭാര്യമാരുണ്ട്. രണ്ടാമത്തെ ഭാര്യയാണ് അന്‍സാറിന്റെ അമ്മ. മൂത്ത സഹോദരന്‍ പഠനം പാതിവഴിയിലുപേക്ഷിച്ചു. രണ്ട് സഹോദരിമാരുടെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞു. അവരും അധികമൊന്നും പഠിച്ചില്ല. ഇതാണ് വീട്ടിലെ സാഹചര്യം. അതുകൊണ്ട് തന്നെ യു പി എസ് സി പരീക്ഷ ജയിച്ചുവെന്നും ഐ എ എസുകാരനാകാന്‍ പോകുകയാണെന്ന് വീട്ടില്‍ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ വീട്ടുകാര്‍ അത്ഭുതസ്തബ്ധരായി.

സ്‌കൂള്‍ തലം മുതല്‍ കോളേജ് വരെ അദ്ദേഹം മികച്ച മാര്‍ക്കോടു കൂടിയാണ് വിജയിച്ചത്. പത്താം ക്ലാസില്‍ മാത്രം അല്‍പം മാര്‍ക്ക് കുറഞ്ഞു. മൂന്നു വര്‍ഷം തുടര്‍ച്ചയായി 10-12 മണിക്കൂര്‍ വരെ സിവില്‍ സര്‍വീസിനുവേണ്ടി പഠിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍