UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നൈതികജാഗ്രതയുടെ സ്വരം- സി എസ് വെങ്കിടേശ്വരൻ എഴുതുന്നു

Avatar

യു. ആർ അനന്തമൂർത്തിയുടെ വിയോഗം ഇന്ത്യൻ സാഹിത്യത്തിന് സംഭവിച്ച നികത്താനാവാത്ത നഷ്ടം മാത്രമല്ല. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും രാഷ്ട്രമീമാംസയുടെയും രംഗങ്ങളിൽ അനന്തമൂർത്തിയെപ്പോലുള്ളവരുടെ അസാന്നിദ്ധ്യം വലിയ രീതിയിൽ അനുഭവപ്പെടും എന്നതിനു സംശയമില്ല. പ്രത്യേകിച്ചും നമ്മളിന്നു ജീവിക്കുന്ന, അനുദിനം അപരദ്വേഷവും എല്ലാത്തരം സ്വാതന്ത്ര്യത്തോടും പ്രകാശനവൈവിധ്യങ്ങളോടുമുള്ള അസഹിഷ്ണുതയും വളരുന്ന/വളർത്തപ്പെടുന്ന, സാഹചര്യത്തിൽ..

 

ജനാധിപത്യത്തിലും മനുഷ്യസ്വാതന്ത്ര്യത്തിലും നീതിയിലും ആഴത്തിൽ വേരോടിയ / വേരോടേണ്ട ചിന്തകൾക്ക് ഇന്ന് അത്രക്ക് പ്രാധാന്യമുണ്ട്. അങ്ങേയറ്റം ശിഥിലവും സ്വതാല്പര്യങ്ങളെ മാത്രം അടിസ്ഥാനമാക്കുന്നതുമായ ഇന്നത്തെ നമ്മുടെ പൌരമണ്ഡലത്തിൽ അനന്തമൂർത്തിയെ പോലുള്ള വ്യക്തിത്വങ്ങൾക്ക് എന്നത്തേക്കാളും പ്രസക്തിയേറി വരികയാണ്. തന്റെ എഴുത്തിലും പ്രസംഗങ്ങളിലും നിരന്തരമായ നൈതികജാഗ്രതയും സ്വയംവിമർശനശേഷിയും പുലർത്തിയ ഒരാളായിരുന്നു അനന്തമൂർത്തി. ചിന്തിക്കുക എന്ന പ്രവൃത്തി ഒരർത്ഥത്തിൽ സ്വയം നഗ്നനാകുക എന്നതാണെങ്കിൽ അദ്ദേഹം അതിന് ഒരിക്കലും ഒട്ടും മടിച്ചില്ല. 

 

 

കന്നഡസാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ (നവ്യ) മുഖ്യപ്രയോക്താവായിരിക്കുമ്പോഴും അനന്തമൂർത്തിയുടെ സവിശേഷത സ്വന്തം എഴുത്തിലും ദർശനത്തിലും അദ്ദേഹം പുലർത്തിയ കർക്കശവും എന്നാൽ ആർജ്ജവമുള്ളതുമായ വിമർശനാത്മകതയായിരുന്നു. അനന്തമൂർത്തിയുടെ ലാവണ്യദർശനത്തിന്റെ കരുത്ത് അദ്ദേഹം എന്നും പുലർത്തിയ/പിന്തുടർന്ന ചരിത്രബോധവും രാഷ്ട്രീയതയുമായിരുന്നു. ഒരു വശത്ത് മറ്റേതൊരു ഇന്ത്യൻ ഭാഷാസാഹിത്യത്തെയും പോലെ ഇംഗ്ലീഷ്-യൂറോപ്യൻ സാഹിത്യത്തിന്റേയും ദർശനത്തിന്റേയും സ്വാധീനങ്ങൾ, മറുവശത്ത് വളരെ ദീർഘവും സങ്കീർണ്ണവും വൈവിധ്യപൂർണ്ണവുമായ ഇന്ത്യൻ ഭാഷകളുടെ ചരിത്രവും ഊർജ്ജവും. ഈ രണ്ട് പാരമ്പര്യങ്ങളേയും അദ്ദേഹം നിരന്തരം സ്വാംശീകരിക്കയും ഒപ്പം വിമർശനാത്മകമായി വിചാരണ ചെയ്തുകൊണ്ടിരിക്കയും ചെയ്തു. അത് ഒരു തലത്തിൽ ആന്തരികവും മറ്റൊരു തലത്തിൽ പുറം ലോകത്തേയും അഭിസംബോധന ചെയ്യുന്ന ഒരു ബഹു ‘മാന’പ്രക്രിയയായിരുന്നു; കാതും കണ്ണം മനസ്സും ചിന്തയും എല്ലാം ആ രീതിയിൽ അകത്തേക്കും പുറം ലോകത്തേക്കും തുറന്നിടാൻ ധൈര്യപ്പെട്ട ധിഷണയാണ് അദ്ദേഹത്തെ എന്നും പ്രസക്തനാക്കുന്നതും. മാറിവരുന്ന സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളോട് ഈ രീതിയിൽ വളരെ ചടുലമായി പ്രതികരിക്കുകയും ഭാരതീയചിന്താപാരമ്പര്യത്തിനകത്തുള്ള സമാന്തര ചിന്താധാരകളെ – താർക്കിക തുറസ്സുകളെ- അനന്തമൂർത്തി സജീവമായി നിലനിർത്തുകയും അവയെ നിരന്തരം വിചാരണ ചെയ്യുന്നതിലൂടെ സമകാലികവൽക്കരിക്കുകയും ചെയ്തു.

യു ആര്‍ അനന്തമൂര്‍ത്തിയെ കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍ 

ജീവിതം കൊണ്ടും നിലപാട് കൊണ്ടും അസ്തിത്വം നിര്‍വചിച്ചവന്‍
മലയാളിയുടെ പ്രിയപ്പെട്ട അയല്‍ക്കാരന്‍

അനന്തമൂർത്തിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമാവുന്നത് നിതാന്തമായ നൈതികജാഗ്രതയുടെ ഉറച്ചതും വിശ്വാസയോഗ്യവുമായ ഒരു സ്വരമാണ്. രാഷ്ട്രമീമാംസാപരമായും ധൈഷണികമായും സാംസ്ക്കാരികവും ആയ മേഖലകളിൽ വളരെ ഇരുണ്ടതായ ഒരു കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന യാഥാർത്ഥ്യം അനന്തമൂർത്തിയുടെ ബൌദ്ധികപാരമ്പര്യത്തെ കൂടുതൽ വേദനാജനകമായ രീതിയിൽ പ്രസക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍