UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹകരണ മേഖലയെ തകര്‍ക്കുന്നവര്‍ ഐടി പാര്‍ക്ക് വരെ നടത്തുന്ന ഈ കൂട്ടായ്മയുടെ ചരിത്രം വായിക്കണം

Avatar

രാജേഷ് പി സി 

(1924 മാര്‍ച്ച് 24നു ഇന്നത്തെ വടകര താലൂക്കില്‍പ്പെട്ട ഊരാളുങ്കലില്‍ രൂപം കൊണ്ട് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായക സംഘം ഇപ്പോള്‍ ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസേറ്റിയായി വിജയഗാഥ രചിച്ചിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ തൊഴിലാളികളുടെ സഹകരണ സംഘമാണ് ഇത്. 925 രൂപയില്‍ തുടങ്ങിയ പ്രസ്ഥാനം കോടികളുടെ  പ്രവൃത്തി ഏറ്റെടുക്കുന്ന സ്ഥാപനമാണ് ഇപ്പോള്‍. സ്വന്തമായി ഒരു ഐ ടി പാര്‍ക്ക് വരെ നടത്തിക്കൊണ്ടു പോകുന്നതിലേക്ക് ഈ സംഘം വളര്‍ന്നു കഴിഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാന്‍ നടത്തുന്ന പ്രചരണങ്ങള്‍ക്ക്  മറുപടിയാണ് ഊരാളുങ്കലിന്റെ വിജയഗാഥ. വാഗ്ഭടാനന്ദന്‍  എന്ന സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ ദീര്‍ഘ വീക്ഷണ പദ്ധതി ഒരു നാടിനെ തന്നെ മാറ്റി ത്തീര്‍ക്കുകയായിരുന്നു. ഊരാളുങ്കലിന്റെ ചരിത്രം ഒരു ഓര്‍മപ്പെടുത്തലാണ്. അതിലേക്ക്.) 

‘ഉണരുവിന്‍
അഖിലേശ്വരനെ സ്മരിപ്പിന്‍
ക്ഷണമെഴുന്നേല്‍പ്പിന്‍
അനീതിയോടെതിര്‍പ്പിന്‍’-വാഗ്ഭടാനന്ദന്‍

ജാതിയും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന, തൊഴിലിനു കൂലി സ്വപ്‌നമായിരുന്ന കാലത്ത്, ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഇന്ത്യയിലാകെ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്ന വേള. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മലബാറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ശിവാനന്ദ പരമഹംസരും ബ്രഹ്മാനന്ദ ശിവയോഗിയും അടക്കമുള്ള സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടലുകള്‍ നാടിന് പുതുവെളിച്ചം പകരുന്ന പശ്ചാത്തലം.

സൈദ് സൈന്‍ കോയ തങ്ങളും റാവുബഹദൂര്‍ വലിയ വീട്ടില്‍ ഗോവിന്ദനും കണ്ണന്‍ ഗുരിക്കളും മുത്തുക്കോയ തങ്ങളും അടക്കമുള്ളവര്‍ കുറുമ്പ്രനാട് താലൂക്കിലെ തീരദേശ ഗ്രാമമായ കാരക്കാടിന്റെ പരിഷ്‌കരണത്തിന്റെ പുതിയ പാത വെട്ടിത്തെളിച്ചവരായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പാട്യം ഗ്രാമത്തിലെ വയലേരി തറവാട്ടില്‍ 1885 ഏപ്രില്‍ 27ന് കോരന്‍ ഗുരുക്കളുടെയും ചീരുവമ്മയുടെയും മകനായി ജനിച്ച കുഞ്ഞിക്കണ്ണന്‍ പിന്നീട് വാഗ്ഭടനാനന്ദനായി മലബാറിന്റെ പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്നു. അദ്ദേഹം 1917ല്‍ സ്ഥാപിച്ച ആത്മവിദ്യാസംഘവും അതിന്റെ പ്രവര്‍ത്തകരുമാണ് പില്‍ക്കാലത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന പേരില്‍ പടര്‍ന്നു പന്തലിച്ച കൂലിവേലക്കാരുടെ പരസ്പര സഹായ സംഘത്തിന് രൂപം നല്‍കിയത്.

മാഹി പുത്തലത്ത് ക്ഷേത്രത്തില്‍ തറയില്‍ കയറിനിന്ന് നടത്തിയ പ്രസംഗം കേള്‍ക്കാനിടയായ കറപ്പയില്‍ കണാരന്‍ മാസ്റ്റര്‍, ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യുവാക്കളായ ശിഷ്യരുടെ ക്ഷണം സ്വീകരിച്ച് ചോമ്പാലില്‍നിന്നും കാരക്കാട്ടേക്കെത്തിയ വാഗ്ഭടാനന്ദന്‍ തന്റെ സ്വാധീനംകൊണ്ട് ഒരു പ്രദേശത്തിന്റെ സാംസ്‌കാരത്തെത്തന്നെ മാറ്റിത്തീര്‍ക്കുകയായിരുന്നു. വിഗ്രഹാരാധനയെയും ക്ഷേത്രാരാധനയെയും വഴിപാടുകളെയുമെല്ലാം ചോദ്യംചെയ്യുന്നിടത്തേക്ക് സാധാരണ ജനങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തി. ആചാരാനുഷ്ടാനങ്ങളുടെ യുക്തിരാഹിത്യത്തെ ചോദ്യം ചെയ്ത സാധാരണക്കാരായ അനുയായികള്‍ക്ക് 1917ല്‍ ആത്മവിദ്യാസംഘം രൂപം കൊണ്ടതു മുതല്‍ തന്നെ പലവിധ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. കൂലിത്തൊഴിലാളികളായ സാധാരണക്കാരന്‍ തങ്ങളുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ യാഥാസ്ഥിതികരുടെ കണ്ണിലെ കരടായി. ഭൂവുടമകള്‍ പലരുടെയും തൊഴില്‍ നിഷേധിച്ചു. മറ്റു വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത തൊഴിലാളികള്‍ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. ജാതിപരമായ ചൂഷണങ്ങളും ജാതിക്കുള്ളില്‍ തന്നെയുള്ള പരമ്പരാഗത വിശ്വാസികളുടെ എതിര്‍പ്പും ഒറ്റപ്പെടുത്തലും ആത്മവിദ്യാസംഘം പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും കടുത്ത സമ്മര്‍ദ്ദത്തിലേക്ക് നയിച്ചു.

ഊരാളുങ്കല്‍ മേഖലയിലെ ഭൂവുടമാവകാശം അക്കാലത്ത് കടത്തനാട് രാജവംശത്തിനായിരുന്നു. കടത്തനാട് കോവിലകം, എടവലത്ത് കോവിലകം, വെള്ളിക്കുളങ്ങര ദേവസ്വം എന്നിവയിലൂടെ ഈ അധികാരം അവര്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. കടത്തനാട് രാജവംശത്തിന്റെ അഭ്യുദയകാംക്ഷികളായിരുന്ന നായര്‍, നമ്പ്യാര്‍ വിഭാഗങ്ങളില്‍പ്പെട്ട തറവാടുകളും വിവിധ ഘട്ടങ്ങളില്‍ തങ്ങള്‍ക്ക് ലഭ്യമായ ഭൂവുടമാവകാശം നിലനിര്‍ത്തിപ്പോന്നു. കച്ചവട ബന്ധങ്ങളുടെ ഭാഗമായി മുസ്ലിം വിഭാഗത്തിലും സമ്പന്ന വിഭാഗങ്ങള്‍ ഉയര്‍ന്നു വന്നു. മലയ, ബര്‍മ കച്ചവട ബന്ധങ്ങളിലൂടെ സമ്പന്ന വിഭാഗമായി മാറിയ മാപ്പിള വിഭാഗത്തിനും ഭൂമി കൈവശപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ സമൂഹത്തിലെ വലിയ അളവു വരുന്ന തീയ്യ, മുകയ, ചാലിയ വിഭാഗങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞ ഭൂമിയുടെ അളവ് തുലോം കുറവായിരുന്നു. ഈ അന്തരം അനുദിനം വര്‍ദ്ധിച്ചു വരികയും ജാതി ഉച്ചനീചത്വങ്ങള്‍ കൊടികുത്തി വാഴുകയും ചെയ്ത കാലത്താണ് തിയ്യ വിഭാഗത്തിലെ ചെറുപ്പക്കാര്‍ സംഘടിക്കുകയും അത് ആത്മവിദ്യാ സംഘമായി രൂപാന്തരപ്പെടുകയും ചെയ്തത്. സ്വാഭാവികമായി തന്നെ സവര്‍ണ ജന്മിമാരും ഭൂവുടമകളും ഇത്തരം മുന്നേറ്റങ്ങള്‍ക്കെതിരായി വന്നു. അസംഘടിതരായ താഴ്ന്ന ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാനും അവരെ തൊഴിലില്‍നിന്നും മാറ്റി നിര്‍ത്താനും ലഭ്യമാകുന്ന എല്ലാ വരുമാനങ്ങളും ഇല്ലാതാക്കാനും ശാരീരികമായ ആക്രമണം നടത്താനും അവര്‍ തയ്യാറായി. ഇതിനെ വളരെ സഹിഷ്ണുതയോടെയാണ് ആത്മവിദ്യാ സംഘം നേരിട്ടത്. തൊഴില്‍പരവും ജാതീയവുമായ ചൂഷണങ്ങളെയും മര്‍ദന സംവിധാനങ്ങളെയും അതി ജീവിക്കുന്നതിന് ആത്മവിദ്യാ സംഘം അവലംബിച്ച രീതി ബദല്‍ പ്രതിരോധ മാഗങ്ങള്‍ തീര്‍ക്കുക എന്നതായിരുന്നു. ഇതിന്റെ ഭാഗമായി പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനായി ഒരു പ്രൈമറി സ്‌കൂളും അത്യാവശ്യ ക്രയവിക്രയത്തിനായി ഐക്യനാണയ സംഘവും തൊഴില്‍ നിഷേധത്തിനെതിരായി ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘവും രൂപീകരിക്കാന്‍ സന്നദ്ധരായി.

1917-ല്‍ ആത്മ വിദ്യാസംഘം സ്ഥാപിക്കുകയും പ്രതിരോധ ബദല്‍ എന്ന നിലയില്‍ 1922 ഫെബ്രുവരി 2-ന് ഊരാളുങ്കല്‍ ഐക്യനാണയ സംഘം എന്ന പേരില്‍ ഒരു സംഘം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. തിയ്യ വിഭാഗത്തില്‍ പെട്ട പതിനൊന്ന് പേരായിരുന്നു അതിന്റെ പഞ്ചായത്ത് സമിതിയില്‍ ഉണ്ടായിരുന്നത്. ഇതേ കാലത്ത് തന്നെ വിദ്യാഭ്യാസ നിഷേധത്തിനെതിരായി ആത്മവിദ്യാ സംഘം പ്രൈമറി സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു.

1924 ഏപ്രില്‍ 19-ന് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാര്‍ത്ത ഉത്പതിഷ്ണുക്കളായ ആത്മവിദ്യാസംഘം പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കി. പരസ്പര സഹായ സംഘങ്ങള്‍ക്ക് എങ്ങനെ നാടിന്റെ മുഖഛായ മാറ്റാന്‍ കഴിയുമെന്ന് മലബാര്‍ ജില്ലാ പരസ്പര സഹായ സംഘം കോണ്‍ഫറന്‍സിനെ കുറിച്ചുള്ള വാര്‍ത്തയില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. വാഗ്ഭടാനന്ദന്റെ ആശയങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഒരു പരസ്പര സഹായ സംഘം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ആത്മവിദ്യാ സംഘം പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. 1920ല്‍ മൂന്ന് സഹകരണ സംഘങ്ങളില്‍നിന്നും മലബാര്‍ ജില്ലയിലാകെ മൂന്ന് വര്‍ഷം കൊണ്ട് പത്ത് സഹകരണസംഘങ്ങള്‍ രൂപീകരിക്കപ്പെട്ടതിന്റെ ചരിത്രവിവരണവും വാര്‍ത്തയിലുണ്ടായിരുന്നു. ഈ വാര്‍ത്ത നല്‍കിയ ആവേശവും ഐക്യനാണയ സംഘമെന്ന തങ്ങളുടെ തന്നെ മുന്‍കാല സംഘത്തിന്റെ അനുഭവങ്ങളുമാണ് കൂലിവേലക്കാരുടെ സഹകരണ സംഘത്തിന് ബീജാവാപം നല്‍കിയത്.

ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം
സംഘം രൂപീകരിക്കുന്നതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 14 പേരടങ്ങുന്ന ഒരു പ്രമോട്ടിംഗ് കമ്മിറ്റി രൂപീകരിച്ചു. പ്രമോട്ടിംഗ് കമ്മിറ്റിയില്‍ കൃഷിക്കാരനായ പുന്നേരി പൊക്കായിയും കച്ചവടക്കാരനായ കോയന്റ വളപ്പില്‍ ആണ്ടിയും കരാറുകാരനായ പറമ്പത്ത് ചാത്തനുമൊഴികെ ബാക്കിയെല്ലാവരും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന കൂലിപ്പണിക്കാരായിരുന്നു. ഇവരില്‍ വണ്ണാത്തിക്കണ്ടി കണ്ണന്‍, ചാപ്പയില്‍ കുഞ്ഞ്യേക്കുരിക്കള്‍, കോയന്റ വളപ്പില്‍ ആണ്ടി എന്നിവര്‍ ഐക്യനാണയ സംഘത്തിന്റെ പഞ്ചായത്ത് അംഗങ്ങളും ആയിരുന്നു. മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ജില്ലയില്‍ പെട്ട കുറുമ്പ്രനാട് താലൂക്കില്‍ ചോമ്പാല പോസ്റ്റാഫീസില്‍ പെട്ട ഊരാളുങ്കല്‍ ആണ് സംഘത്തിന്റെ ആസ്ഥാനമായി നിശ്ചയിക്കപ്പെട്ടത്. ഊരാളുങ്കല്‍, വെള്ളികുളങ്ങര ദേശങ്ങള്‍ ഉള്‍പ്പെട്ട ഊരാളുങ്കല്‍ അംശവും, മടപ്പള്ളി, മുട്ടുങ്ങല്‍, രയരേങ്ങാത്ത് ദേശങ്ങള്‍ ഉള്‍പ്പെട്ട മുട്ടുങ്ങല്‍ അംശവുമായിരുന്നു അധികാര പരിധിയായി നിശ്ചയിച്ചത്.

1912-ലെ 2ാം നമ്പര്‍ ഇന്ത്യ ആക്ട് പ്രകാരം ക്ലിപ്തപ്പെടുത്തിയ ബാധ്യതയോടു കൂടിയ പരസ്പര സഹായ സംഘം രൂപീകരിക്കുന്നതിനാണ് അപേക്ഷ നല്‍കിയത്. ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചു കിട്ടുന്നതിന് സമര്‍പ്പിച്ച നിയമാവലി പ്രമോട്ടിംഗ് കമ്മിറ്റി തയ്യാറാക്കി. ഊരാളുങ്കല്‍, മുട്ടുങ്ങല്‍ അംശത്തില്‍ പെട്ടവരും 18 വയസിനു മുകളില്‍ പ്രായമുള്ളവരുമായ തൊഴിലാളികള്‍ക്ക് 4 അണ പ്രവേശന ഫീസായി നല്‍കി ഒരു ഓഹരി എടുത്ത് സംഘത്തിന്റെ അംഗമാകാവുന്നതാണെന്ന് നിയമാവലിയില്‍ വ്യവസ്ഥ ചെയ്തു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു പഞ്ചായത്ത് ഉണ്ടായിരിക്കണമെന്ന് വിഭാവനം ചെയ്തു. സംഘത്തിന് ഒരു പ്രസിഡന്റും സെക്രട്ടറിയും ഉണ്ടായിരിക്കണമെന്നും നിയമാവലി ശുപാര്‍ശ ചെയ്തു. 1925 ഫെബ്രുവരി 13 വെള്ളിയാഴ്ച സംഘം രജിസ്റ്റര്‍ ചെയ്യപ്പെടുകയും 699ാം നമ്പര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ സഹകരണ സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാറില്‍ നിന്നും കൈപ്പറ്റുകയും ചെയ്തതോടുകൂടി നാടിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്നതിലേക്ക് നയിച്ച ഒരു പ്രസ്ഥാനത്തിന് തുടക്കമായി.

പ്രമോട്ടിംഗ് കമ്മിറ്റി അംഗങ്ങള്‍
1. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍, 45 വയസ്, ഊരാളുങ്കല്‍ ദേശം, ചെത്തിക്കെട്ട് തൊഴില്‍.
2. പുന്നേരി പൊക്കായി, 40 വയസ്സ്, ഊരാളുങ്കല്‍ ദേശം, കൃഷി.
3. പറമ്പത്ത് ചാത്തന്‍, 38 വയസ്സ്, ഊരാളുങ്കല്‍ ദേശം, കരാര്‍ പ്രവൃത്തി.
4. കോയാന്റ വളപ്പില്‍ ആ്യൂി, 42 വയസ്സ്, ഊരാളുങ്കല്‍ ദേശം, കച്ചവടം.
5. കിഴക്കയില്‍ ശങ്കരന്‍, 55 വയസ്സ്, ഊരാളുങ്കല്‍ ദേശം, ചെത്തിക്കെട്ട് തൊഴില്‍.
6. വണ്ണാത്തിക്കണ്ടി കണാരന്‍, 25 വയസ്സ്, ഊരാളുങ്കല്‍ ദേശം, കൂലി പ്രവൃത്തി.
7. വണ്ണാത്തിക്കണ്ടി കണ്ണന്‍, 22 വയസ്സ്, ഊരാളുങ്കല്‍ ദേശം, കൂലി പ്രവൃത്തി.
8. കുന്നോത്ത് കണ്ണന്‍, 30 വയസ്സ്, മുട്ടുങ്ങല്‍ ദേശം, കൂലി പ്രവൃത്തി.
9. ചെമ്പൊത്താന്‍കണ്ടി കുഞ്ഞിരാമന്‍, 25 വയസ്സ്, ഊരാളുങ്കല്‍ ദേശം, കൂലി പ്രവൃത്തി.
10. സറാങ്കിന്റവിട കണാരന്‍, 27 വയസ്സ്, ഊരാളുങ്കല്‍ ദേശം, കൂലി പ്രവൃത്തി.
11. മഠത്തില്‍ പൊക്കായി, 52 വയസ്സ്, ഊരാളുങ്കല്‍ ദേശം, കൂലി പ്രവൃത്തി.
12. പുളിഞ്ഞോളി കണാരന്‍, 21 വയസ്സ്, ഊരാളുങ്കല്‍ ദേശം, കൂലി പ്രവൃത്തി.
13. തട്ടാന്റവിട കണാരന്‍, 25 വയസ്സ്, ഊരാളുങ്കല്‍ ദേശം, കൂലി പ്രവൃത്തി.
14. കുന്നോത്ത് കണാരന്‍, 22 വയസ്സ്, മുട്ടുങ്ങല്‍ ദേശം, കൂലി പ്രവൃത്തി.

സ്ഥാപക അംഗങ്ങള്‍
1. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍
2. പുന്നേരി പൊക്കായി
3. പറമ്പത്ത് ചാത്തന്‍
4. കോയാന്റ വളപ്പില്‍ ആണ്ടി
5. വണ്ണാത്തിക്കണ്ടി കണാരന്‍
6. വണ്ണാത്തിക്കണ്ടി കണ്ണന്‍
7. കുന്നോത്ത് കണ്ണന്‍
8. മഠത്തില്‍ പൊക്കായി
9. കുന്നോത്ത് കണാരന്‍
10. സറാങ്കിന്റവിട കണാരന്‍
11. മുതിരയില്‍ ചെക്കോട്ടി
12. കാട്ടില്‍ രാമന്‍
13. കുനിയില്‍ കണ്ണന്‍
14. വണ്ണാത്തിക്കണ്ടി വലിയ കണ്ണന്‍
15. മഞ്ചേരിന്റവിട കുഞ്ഞിരാമന്‍
16. ചെമ്പോത്തന്‍കണ്ടി കുഞ്ഞിരാമന്‍

ആദ്യ പഞ്ചായത്ത് അംഗങ്ങള്‍
1. മുതിരയില്‍ ചെക്കോട്ടി
2. വണ്ണാത്തിക്കണ്ടി വലിയ കണ്ണന്‍
3. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍
4. പുന്നേരി പൊക്കായി
5. കാട്ടില്‍ രാമന്‍

*തുടരും

(കോഴിക്കോട് ജില്ലയില്‍ അധ്യാപകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍