UPDATES

മുംബൈയെ മുള്‍മുനയില്‍ നിര്‍ത്തി ‘അജ്ഞാത തോക്കുധാരി’കള്‍

അഴിമുഖം പ്രതിനിധി

മുംബൈയെ മുള്‍മുനയില്‍ നിര്‍ത്തി ‘അജ്ഞാത തോക്കുധാരി’കള്‍. ഉറാന്‍ നാവിക ആസ്ഥാനത്തിന് സമീപത്ത് അഞ്ചു തോക്കുധാരികളെ കണ്ടു എന്നു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നവി മുംബൈ, റൈഗാദ്, മുംബൈ, താനെ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്കിയിരിക്കുകയാണ്. അതേ സമയം  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടുവെന്നു പറയുന്ന തോക്കുധാരികളില്‍ ഒരാളുടെ രേഖാചിത്രം നവി മുംബൈ പോലീസ് പുറത്തുവിട്ടു. മുഖംമൂടി അണിഞ്ഞും അല്ലാതെയുമുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഒരുക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ വിഭാഗത്തെ(എന്‍ എസ് ജി) വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പൊലീസും ഭീകര വിരുദ്ധ സേനയും നാവികസേനയ്ക്കൊപ്പം ചേര്‍ന്ന് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ ഏഴു മണിയോടെ മുംബൈയിലെ ഉറാനില്‍ ആയുധധാരികളെ കണ്ടെന്ന വിവരം ഉറാന്‍ എഡ്യൂക്കേഷന്‍ സൊസേറ്റി സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പോലിസിനെ അറിയിക്കുകയും ചെയ്തു. കറുത്ത പഠാന്‍ വേഷം ധരിച്ച അഞ്ചുപേര്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നത് കണ്ടെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. ഇവര്‍ സംസാരിച്ച ഭാഷ മനസിലായില്ലെന്നും എന്നാല്‍ ‘ഒഎന്‍ജിസി’ എന്നും ‘സ്‌കൂള്‍’ എന്നും പറഞ്ഞിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തുടര്‍ന്ന് ഒഎന്‍ജിസി (ഓയില്‍ ഗ്യാസ് കോര്‍പ്പറേഷന്‍) പ്ലാന്റും, ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടും, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റെറും അടച്ചു. കൂടാതെ എല്ലാ സ്‌കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചു. മുംബൈ തുറമുഖത്തിന് എതിരായി സ്ഥിതി ചെയ്യുന്ന നേവിയുടെ ആയുധ ഡിപ്പോയായ ഐഎന്‍എസ് അഭിമന്യൂവിലും ജാഗ്രതാ നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്.

2008ല്‍ ലഷ്‌കര്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് 150 പേരാണ് കൊല്ലപ്പെട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍