UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉറി; യുദ്ധമായിരിക്കരുത് പോംവഴി

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാമ്പിനു നേരെ ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണത്തിന് തക്കതായി ഒരു മറുപടി നല്‍കാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഈ നീക്കം അമര്‍ഷത്തിനും വികാര വിക്ഷോഭത്തിനുമപ്പുറം യുക്തിസഹമായിരിക്കേണ്ടതുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് ആവശ്യപ്പെടുന്നത് പോലെ നയതന്ത്ര പ്രതിബന്ധങ്ങളെ മാറ്റി നിര്‍ത്തി പകരത്തിനു പകരം ചോദിക്കണമെന്ന തരത്തിലുള്ള സമീപനങ്ങളല്ല മുന്നോട്ടുള്ള വഴി. പാക്കിസ്ഥാനുമായി ഇടപെടാന്‍ സര്‍ക്കാര്‍ ഒരു വഴികണ്ടെത്തേണ്ടതുണ്ട്. അത് അവരുടെ പരിമിതികളും ശക്തികളും വിശകലനം ചെയ്തു കൊണ്ടായിരിക്കണം. പാക്കിസ്ഥാനോടുള്ള നയം രൂപീകരിക്കുമ്പോള്‍ സുരക്ഷാ ചട്ടങ്ങളും സമീപനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനുവരിയില്‍ പത്താന്‍കോട്ടിലും ഞായറാഴ്ച ഉറിയിലും സംഭവിച്ചതു പോലെ അതിര്‍ത്തി നിയന്ത്രണ രേഖ മറികടന്ന് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് എങ്ങനെ കഴിയുന്നു എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.

ഭീകരവാദത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഇന്ത്യ ഭരിച്ച വിവിധ സര്‍ക്കാരുകള്‍ക്ക് ഇതു വരെ ഒരു സ്ഥിരതയുള്ള നയം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. മസില്‍ പെരുപ്പിച്ചും വിഘടനവാദ സംഘടകളുടെ മുഖസ്തുതി പാടിയും പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഒന്നും തന്നെ വിജയിച്ചിട്ടില്ല. പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് അടല്‍ ബിഹാരി വാജ്‌പേയി നിലപാട് കടുപ്പിച്ചിരുന്നെങ്കിലും പില്‍ക്കാലത്ത് വാജ്‌പേയി പാക് സന്ദര്‍ശനത്തിനു പോകുന്നതാണ് നാം കണ്ടത്. 2008-ലെ മുംബയ് ആക്രണത്തിനു ശേഷം പോലും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ക്കു ശ്രമം നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ പാതയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. തുടക്കം തന്നെ പാക് പ്രധാനമന്ത്രിയെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ടായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച റദ്ദാക്കുകയും ചെയ്തു. ഇടനിലക്കാര്‍ മുഖേന തങ്ങളുടെ ഭീകരവാദ കയറ്റുമതി എപ്പോഴും തുടരാമെന്നാണ് പാക്കിസ്ഥാന്‍ വിശ്വസിക്കുന്നത്. ആദ്യമായി ഇന്ത്യ ചെയ്യേണ്ടത് പാക്കിസ്ഥാനിലെ ജനാധിപത്യ വിരുദ്ധ സ്വാധീന ശക്തികളുടെ മനസ്സ് വായിച്ചെടുക്കുകയാണ്. അതിനനുസരിച്ചു വേണം സ്പഷ്ടവും നിലനില്‍ക്കുന്നതുമായ ഒരു പ്രതികരണം രൂപപ്പെടുത്തിയെടുക്കാന്‍.

ഉറി ആക്രമണത്തോടുള്ള പ്രതികരണം ഒരിക്കലും ജനരോഷം കണക്കിലെടുത്തോ ബിജെപി ഉന്നത നേതാക്കളുടെ അമര്‍ഷം കൊണ്ടോ രൂപപ്പെടുത്തിയെടുക്കേണ്ട ഒന്നല്ല. ഒരു പ്രതികാര നടപടിക്കായി തിടുക്കപ്പെടുന്ന സൈന്യത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടും ആകരുത്. ഒരു ആണവ രാജ്യത്തോട് എതിരിടുമ്പോള്‍ നേരിട്ടുള്ള ഒരാക്രമണത്തിനോ ചെറിയ സൈനിക നീക്കങ്ങള്‍ക്കോ ഒന്നുമല്ല മുന്‍ഗണന.

ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന ഭീകരരുടെ ക്യാമ്പുകളെ ആക്രമിച്ചു നശിപ്പിക്കുന്നത് പ്രശ്‌നത്തിന്റെ മൂലകാരണത്തെ ഇല്ലാതാക്കുന്നില്ല. അതുപോലെ തന്നെ രഹസ്യ നീക്കങ്ങള്‍ പൊതുജന രോഷത്തെ ശമിപ്പിക്കാന്‍ മതിയാകുകയുമില്ല. സമ്പദ് വ്യവസ്ഥയുടെ ചാലകശക്തികളെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏതു തരത്തിലുള്ള യുദ്ധ നീക്കവും ഒരു പോംവഴിയാകാന്‍ പാടില്ല.

കേന്ദ്ര സര്‍ക്കാരിനു ചെയ്യാവുന്ന മികച്ച ഒരു കാര്യം അന്താരാഷ്ട്ര വേദികളില്‍ പാക്കിസ്ഥാനെ നാണം കെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ്. വിദേശ കാര്യമന്ത്രി യുഎന്നില്‍ പ്രസംഗിക്കാനിരിക്കുന്ന ഈ വേളയില്‍ പാക് നുഴഞ്ഞകയറ്റക്കാരുടെ ആക്രമണത്തിന്റെ തെളിവുകള്‍ യുഎന്‍ പൊതുസഭയില്‍ ഇന്ത്യയ്ക്കു തുറന്നു കാട്ടാം. ആഭ്യന്തരമായി ഒരു രാഷ്ട്രീയ അഭിപ്രായ സമന്വയം ഉണ്ടാക്കുകയും പുറത്ത് പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിലാണ് മുന്നോട്ടുള്ള വഴികള്‍ തെളിയുന്നത്. അതിന് മോദി സര്‍ക്കാരിന് ഏറെ ചെയ്യാനുണ്ട്, ഈ വഴിക്ക് ശക്തമായി മുന്നോട്ടു പോകേണ്ടതുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍