UPDATES

ഡോ. റീന എന്‍ ആര്‍

കാഴ്ചപ്പാട്

നാരീ ആരോഗ്യം

ഡോ. റീന എന്‍ ആര്‍

ഹെല്‍ത്ത് / വെല്‍നെസ്സ്

മൂത്ര ചോര്‍ച്ച; പേടിച്ച് ഒളിക്കേണ്ടതില്ല, ചികിത്സയുണ്ട്

മൂത്ര ചോര്‍ച്ച വ്യക്തികളെ സമൂഹ്യജീവിതത്തില്‍ നിന്നും ഉള്‍വലിഞ്ഞു നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന മാനസികാവസ്ഥയില്‍ എത്തിക്കുന്നതാണു പതിവായി കാണുന്നത്

മൂത്ര സഞ്ചിക്കുണ്ടാകുന്ന ചോര്‍ച്ച (urinary incontinence) എന്നത് ഒരു രോഗം എന്നതിലുപരി ഒരു വ്യക്തിയുടെ സാമൂഹികവും തൊഴില്‍ പരവും ലൈംഗികവുമായ ജീവിത നിലവാരത്തെ തകര്‍ക്കുന്ന ഒന്നാണ്. ചികിത്സ തേടാനോ രോഗ ലക്ഷണങ്ങള്‍ പുറത്തു പറയാനോ പോലും മടി കാണിക്കുന്നവരാണ് അധികവും. 5% ല്‍ താഴെ മാത്രം പുരുഷന്‍മാരില്‍ ഈ രോഗം കാണുമ്പോള്‍ 30% ത്തിലേറെ സ്ത്രീകള്‍ ഈ രോഗത്തിന്റെ വൈഷമ്യം അനുഭവിക്കുന്നവരാണ്. പ്രായം കൂടുന്നതിനനുസരിച്ച് മൂത്ര ചോര്‍ച്ച കാണപ്പെടുന്നവരുടെ എണ്ണം കൂടുന്നു എങ്കിലും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ഒരു അവസ്ഥയായി ഇതിനെ കരുതരുത്. അധികം സ്ത്രീകളും കരുതുന്നത് ഒരു പ്രസവം കഴിഞ്ഞാല്‍ ഇത്തരം ലക്ഷണങ്ങളൊക്കെ സ്വാഭാവികമാണ് എന്നാണ്.

ഒരു വ്യക്തിയുടെ ജീവിത നിലവാരത്തില്‍ മൂത്ര ചോര്‍ച്ച ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഒന്നാമതായി ആ വ്യക്തിയുടെ ആത്മവിശ്വാസം നഷ്ടമാകുന്നു. സാമൂഹ്യ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഇവര്‍ക്ക് പല കാര്യങ്ങളും നിയന്ത്രിക്കേണ്ടി വരുന്നു. വീടിനു പുറത്തിറങ്ങുന്നതും സുഹൃത് സന്ദര്‍ശനങ്ങളും വിനോദയാത്രകളും ഒക്കെ ഇവര്‍ ഒഴിവാക്കുന്നു. പലപ്പോഴും ലൈംഗിക വിരക്തി കാണിക്കുന്നതിന്റെ കാരണം മൂത്ര ചോര്‍ച്ച ആകാം.

എത്രയൊക്കെ ഉള്ളിലേക്ക് ഒതുങ്ങുമ്പോഴും ഈ രോഗ വിവരങ്ങളോ ലക്ഷണങ്ങളോ പുറത്തു പറയാനോ വൈദ്യ സഹായം തേടാനോ ഇവരില്‍ ബഹുഭൂരിപക്ഷവും വിമുഖത കാണിക്കുന്നു എന്നതാണ് ഏറെ പരിതാപകരം.

മൂത്രസഞ്ചിക്കുണ്ടാകുന്ന ചോര്‍ച്ച പല തരത്തിലാകാം.
1. വയറിനകത്ത് ഉണ്ടാകുന്ന അതി സമ്മര്‍ദ്ദംമൂലമുണ്ടാകുന്ന മൂത്ര ചോര്‍ച്ച(Stress urinary incontinence)
2. ദ്രുത മൂത്ര ചോര്‍ച്ച (urge incontinence) മൂത്രമൊഴിക്കണം എന്നു തോന്നി കഴിഞ്ഞാല്‍ ഒരു നിമിഷം പോലും പിടിച്ചിരിക്കാന്‍ കഴിയാത്ത അവസ്ഥ.
3. മൂത്ര സഞ്ചിയുടെ അമിത പ്രവര്‍ത്തനം മൂലമുണ്ടാകുന്ന മൂത്ര ചോര്‍ച്ച (Over Active Bladder)
4. മൂത്ര സഞ്ചി നിറഞ്ഞു കവിഞ്ഞുണ്ടാകുന്ന മൂത്ര ചോര്‍ച്ച (Over flow incontinence)

 അതി സമ്മര്‍ദ്ദംമൂലമുണ്ടാകുന്ന മൂത്ര ചോര്‍ച്ച( stress Urinary incontinence)
ചുമയ്ക്കുകയോ ചിരിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ വയറിനകത്തെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും മൂത്രസഞ്ചിയിലെ പേശികളില്‍ ഈ വര്‍ദ്ധിച്ച സമ്മര്‍ദ്ദം പ്രയോഗിക്കപ്പെടുന്നതിന്റെ ഫലമായി ചെറിയ അളവില്‍ മൂത്രം ചോരുകയും ചെയ്യുന്നു. ആവര്‍ത്തിച്ചുണ്ടാകുന്ന പ്രസവങ്ങളുടെ ഫലമായി ഇടുപ്പിലെ പേശികള്‍ക്ക്(pelvic floor muscles) ബലം കുറയുകയും മൂത്ര നാളിയും (urethra) മൂത്രാശയ ഗളവും (bladder neck) സ്ഥാനചലനം സംഭവിച്ച് ഇടുപ്പിലെ പേശികളിലേക്ക് താഴ്ന്ന് ഇറങ്ങുകയും തല്‍ഫലമായി വയറിനകത്തെ അമിത സമ്മര്‍ദ്ദം മൂത്രാശയ ഗളത്തിലേക്ക് എത്താതിരിക്കുകയും ചെയ്യുന്നതു മൂലമാണ് ഈ ചോര്‍ച്ച ഉണ്ടാകുന്നത്.

രോഗത്തിന്റെ കാഠിന്യം അനുസരിച്ച് മൂന്നു ഗ്രേഡുകളായി തരം തിരിച്ചിരിക്കുന്നു.

Grade 1 : വയറിനകത്തെ സമ്മര്‍ദ്ദം ശക്തമായി കൂടുമ്പോള്‍ ഉണ്ടാകുന്ന മൂത്ര ചോര്‍ച്ച.
ഉദാ: ശക്തമായി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മൂത്ര ചോര്‍ച്ച.

Grade 2 : വയറിനകത്തുണ്ടാകുന്ന അത്ര ശക്തമല്ലാത്ത സമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന മൂത്ര ചോര്‍ച്ച.
ഉദാ: പെട്ടെന്ന് നടക്കുകയോ പടിക്കെട്ട് കയറി ഇറങ്ങുമ്പോഴോ ഉണ്ടാകുന്ന മൂത്ര ചോര്‍ച്ച.

Grade 3 : വയറിനകത്ത് ഉണ്ടാകുന്ന ചെറിയ സമ്മര്‍ദ്ദം കൊണ്ടു തന്നെ മൂത്ര ചോര്‍ച്ച ഉണ്ടാകുന്നു.
ഉദാ : എഴുന്നേറ്റു നില്‍ക്കുമ്പോള്‍ തന്നെ മൂത്ര ചോര്‍ച്ച ഉണ്ടാകുന്നു. കിടക്കുന്ന സമയത്ത് ഉണ്ടാവുകയുമില്ല.

അമിത സമ്മര്‍ദ്ദം മൂലം മൂത്ര ചോര്‍ച്ച ഉണ്ടാകുന്നത് മൂത്രാശയ ഗളപേശികള്‍ക്ക് ഉണ്ടാകുന്ന ബലക്കുറവു കൊണ്ടോ മൂത്രാശയ ഗളം ഇടുപ്പിലെ പേശികളിലേക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടോ ആണ്. ഇതിന്റെ കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

a. മൂത്രാശയ ഗളത്തിലെ പേശികള്‍ക്ക് ജന്മനാ ഉണ്ടാകുന്ന ബലക്കുറവ്
b. പ്രസവാനന്തരമോ ശസ്ത്രക്രിയക്ക് ശേഷമോ മൂത്രാശയ ഗള പേശികള്‍ക്കുണ്ടാകുന്ന ക്ഷതം
c. ആര്‍ത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന ഹോര്‍മോണ്‍ തകരാറുകള്‍
d. ഗര്‍ഭ ധാരണം

ഗര്‍ഭ ധാരണത്തോടൊപ്പം 90% സ്ത്രീകളിലും മൂത്രാശയ ഗളത്തിന്റ ചലനം കൂടുകയും മൂത്രാശയ ഗളം ഇടുപ്പിലെ പേശികളിലേക്ക് താഴ്ന്നിറങ്ങുകയും ചെയ്യുന്നു.

ദ്രുത മൂത്ര ചോര്‍ച്ച (urge incontinence)
മൂത്രമൊഴിക്കണം എന്ന തോന്നലുണ്ടായി കഴിഞ്ഞാല്‍ പിന്നെ ഒരു നിമിഷം പോലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്. കൈ കഴുകുമ്പോഴോ കാലില്‍ വെള്ളം വീഴുമ്പോഴോ,തുണി കഴുകുമ്പോഴോ ഒക്കെ ഈ തോന്നല്‍ ഉണ്ടാകാം. തോന്നലുണ്ടാകുമ്പോള്‍ തന്നെ അനിയന്ത്രിതമായി മൂത്രം മുഴുവന്‍ പുറത്തു പോകുന്നു. പലപ്പോഴും ശുചി മുറി വരെ എത്തുന്നതിന് മുന്‍പ് ധരിച്ചിരിക്കുന്ന വസ്ത്രത്തിലൂടെ മൂത്രം ഒഴിച്ചു പോകുന്നു. രോഗിക്ക് വളരെയേറെ അപകര്‍ഷതാ ബോധം ഉളവാക്കുന്ന അവസ്ഥയാണിത്. വസ്ത്രത്തില്‍ തങ്ങി നില്‍ക്കുന്ന മൂത്ര മണവും ഈര്‍പ്പവും ഒക്കെ ചേര്‍ന്ന് ഇവരുടെ സാമൂഹിക ജീവിതം ദുരിത പൂര്‍ണ്ണമാക്കുന്നു. കാരണങ്ങള്‍ പ്രധാനമായും താഴെ പറയുന്നവയാണ്.

1. വൈകാരികമായ പ്രശ്‌നങ്ങള്‍
2. നാഡീ വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍
3. മൂത്ര സഞ്ചിക്കുണ്ടാകുന്ന അസുഖങ്ങള്‍
a. മൂത്രത്തില്‍ കല്ല്
b. മൂത്രത്തിനുണ്ടാകുന്ന അണു ബാധ
c. മൂത്രസഞ്ചിക്കുണ്ടാകുന്ന അര്‍ബുദം

കാരണം കണ്ടെത്തി ശരിയായി ചികില്‍സിച്ചാല്‍ സുഖപ്പെടുത്താവുന്നവയാണ് ഇതില്‍ പലതും.

മൂത്ര സഞ്ചിയുടെ അമിത പ്രവര്‍ത്തനം(over Active Bladder)
മേല്‍ പറഞ്ഞ കാരണങ്ങളൊന്നുമില്ലാതെ മൂത്ര സഞ്ചിയുടെ പേശികള്‍(detrusor muscle) പെട്ടെന്ന് സങ്കോചിക്കുകയും അനിയന്ത്രിതമായി മൂത്രം മുഴുവന്‍ പുറത്തു പോവുകയും ചെയ്യുന്നു. ദ്രുത മൂത്ര ചോര്‍ച്ച പോലെ മൂത്രമൊഴിക്കണം എന്നു തോന്നുന്നതിന് ഒപ്പം തന്നെ മൂത്രം മുഴുവനും അനിയന്ത്രിതമായി പുറത്തു പോകുന്നഅവസ്ഥയാണിത്.

മൂത്ര സഞ്ചി കവിഞ്ഞുണ്ടാകുന്ന മൂത്ര ചോര്‍ച്ച (Overflow Incontinence)
മൂത്ര സഞ്ചി നിറഞ്ഞു കഴിഞ്ഞാലും മൂത്രം ഒഴിക്കണമെന്ന തോന്നല്‍ വരാതിരിക്കുകയും തല്‍ഫലമായി മൂത്ര സഞ്ചി അമിതമായി നിറഞ്ഞു കവിഞ്ഞ് മൂത്രം അനിയന്ത്രിതമായി പോവുകയും ചെയ്യുന്ന അവസ്ഥയാണിത്.

സാധാരണയായി വേദന രഹിത പ്രസവത്തിന് വേണ്ടി epidural anesthesia സ്വീകരിക്കുന്ന സ്ത്രീകളില്‍ താല്‍കാലികമായി ഈ അവസ്ഥ ഉണ്ടാകുന്നു. കുറച്ചു ദിവസത്തിനകം പൂര്‍വ സ്ഥിതിയിലാവുകയും ചെയ്യുന്നു. പ്രമേഹം, നാഡീവ്യവസ്ഥക്കുണ്ടാകുന്ന തകരാറുകള്‍, ഗര്‍ഭപാത്രത്തിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.

stress urinary incontinence അഥവാ അമിത സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന മൂത്ര ചോര്‍ച്ചയാണ് വളരെ സാധാരണമായി കാണപ്പെടുന്നത്. അതിന്റെ ചികിത്സ രീതികള്‍ ചുരുക്കി പറയാം.

സംരക്ഷിത ചികില്‍സ (Conservative treatment)
ചെറിയ രീതിയിലുള്ള മൂത്ര ചോര്‍ച്ച, ഇനിയും പ്രസവിക്കണമെന്ന് ആഗ്രഹമുള്ള രോഗികള്‍, അല്ലെങ്കില്‍ ശസ്ത്രക്രിയക്ക് വേണ്ടുന്ന ആരോഗ്യ സഥിതി ഇല്ലാത്ത രോഗികള്‍ അതുമല്ലെങ്കില്‍ അമിത സമ്മര്‍ദ്ദം മൂലമുള്ള മൂത്ര ചോര്‍ച്ചയോടൊപ്പം മറ്റ് രീതിയിലുള്ള മൂത്ര ചോര്‍ച്ച കൂടിയുള്ള രോഗികള്‍ എന്നിവരിലാണ് സംരക്ഷിത ചികില്‍സ അഥവാ conservative treatment പ്രധാനമായും ചെയ്യുന്നത്. ലഭ്യമായ സംരക്ഷിത ചികില്‍സാരീതികള്‍ താഴെ പറയുന്നവയാണ്.

1. വസ്തി പ്രദേശത്തെ പേശികള്‍ക്കുള്ള വ്യായാമം:
മൂത്രമൊഴിക്കുന്നതിനിടെ മൂത്രം നിര്‍ത്താന്‍ ശ്രമിക്കുന്നതു പോലെ പേശികള്‍ ഉള്ളിലേക്ക് വലിച്ച് പിടിക്കുകയും അല്പ സമയത്തിനു ശേഷം ആ പേശികളെ അയഞ്ഞു പൂര്‍വ്വ സ്ഥിതിയിലാകാന്‍ അനുവദിക്കുകയും ചെയ്യുക. ഈ രീതിയില്‍ വസ്തി പ്രദേശത്തെ പേശികളെ പത്തു മുതല്‍ പതിനഞ്ചു പ്രാവശ്യം വരെ വികസിപ്പിക്കുകയും സങ്കോചിപ്പിക്കുകയും ചെയ്യുക. രാവിലെയും വൈകുന്നേരവും ഇത് ആവര്‍ത്തിക്കുക. നിവര്‍ന്ന് നിന്ന് കാലുകള്‍ പിരിച്ച് വച്ച് ചെയ്യുന്നതാണ് ഉത്തമം.

ഫാരഡിക് കറന്റ് ഉത്തേജനം (faradic current stimulation)
വസ്തി പ്രദേശത്തെ പേശിയായ levator ani ലേക്ക് ചെറിയ കറന്റ് കൊടുത്ത് ഉത്തേജിപ്പിക്കുക.

Vaginal cones
20g മുതല്‍ 100g വരെ തൂക്കമുള്ള ലോഹ സ്തൂപങ്ങള്‍, ( 5 മുതല്‍ 9 വരെ എണ്ണം )
രോഗി സ്വന്തമായി ഏറ്റവും ഭാരം കുറഞ്ഞ സ്തൂപം യോനിക്കുള്ളില്‍ വച്ച് 15 മിനിറ്റു നേരം ഉള്ളില്‍ സൂക്ഷിക്കുന്നു. ദിവസേന രണ്ടു നേരം ഇതാവര്‍ത്തിക്കുന്നു. അടുത്ത ദിവസം അല്പം കൂടി തൂക്കം കൂടിയ സ്തൂപം ഉള്ളില്‍ വയ്കുന്നു.

വസ്തി പ്രദേശത്തെ പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

ഈസ്‌ട്രൊജന്‍
ഗുളികകളായോ, യോനിയില്‍ ഉപയോഗിക്കുന്ന കുഴമ്പുകളായോ ഈസ്‌ട്രൊജന്‍ നല്‍കി വരുന്നു. ആര്‍ത്തവ വിരാമം വന്ന സ്ത്രീകളിലാണ് ഈ ചികില്‍സാ രീതി ഫലപ്രദം.

വജൈനല്‍ പെസ്സറി
പ്ലാസ്റ്റിക്ക് കൊണ്ടോ റബ്ബര്‍ കൊണ്ടോ ഉണ്ടാക്കിയ വളകള്‍ യോനിയില്‍ ഒരു പ്രത്യേക രീതിയില്‍ നിക്ഷേപിക്കുന്നതിലൂടെ മൂത്ര ചോര്‍ച്ച ഒഴിവാക്കാം.

കാപ്പി പുകവലി തുടങ്ങിയ ദുഃശ്ശീലങ്ങള്‍ ഒഴിവാക്കുക, അമിത വണ്ണം കുറക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍.

ഇതുകൊണ്ട് ശരിയായില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്യുക എന്നതാണ് അടുത്ത പോംവഴി.

ശസ്ത്ര ക്രിയകള്‍ യോനി വഴിയോ വയറു കീറിയോ അതുമല്ലെങ്കില്‍ താക്കോല്‍ ദ്വാര ശസ്ത്ര ക്രിയ വഴിയോ ചെയ്യാവുന്നതാണ്.

Detrusor instability യുടെ ചികില്‍സ
വെള്ളം കാണുമ്പോള്‍ അല്ലെങ്കില്‍ വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ മൂത്ര സഞ്ചിയിലെ പേശികള്‍ പെട്ടെന്ന് സങ്കോചിക്കുകയും മൂത്രം അനിയന്ത്രിതമായി പോവുകയും ചെയ്യുന്ന ഈ അവസ്ഥയില്‍ മൂത്ര സഞ്ചിക്ക് പരിശീലനം നല്‍കുകയാണ് ആദ്യ പടി.

ഒരു മണിക്കൂര്‍ ഇട വിട്ട് മൂത്രമൊഴിക്കാന്‍ രോഗിയോട് നിര്‍ദ്ദേശിക്കുന്നു. ഒരാഴ്ചക്ക് ശേഷം 15 മിനിറ്റ് കൂട്ടാനും അങ്ങനെ ഒടുവില്‍ 2-3 മണിക്കൂറില്‍ ഒരിക്കല്‍ മൂത്രമൊഴിക്കുന്ന നിലയില്‍ എത്താനും പരിശീലിപ്പിക്കുന്നു.

ഈ പരിശീലനം ഫലപ്രദമായില്ലെങ്കില്‍ephedrine, anti muscarinic ഗ്രൂപ്പില്‍ പെടുന്ന ഗുളികകള്‍, tricyclic antidepressant എന്ന ഗ്രൂപ്പില്‍ പെടുന്ന Imipramine തുടങ്ങിയ ഗുളികകളും നല്‍കാറുണ്ട്.

മൂത്ര ചോര്‍ച്ച ഒരു രോഗം തന്നെയാണ്. ആ രോഗത്തിന് ചികിത്സകളുണ്ട്. പ്രസവ ശേഷം എല്ലാവരിലും ഉണ്ടാകുന്ന അവസ്ഥയായി കരുതി സാമൂഹിക ജീവിതത്തില്‍ നിന്ന് ഉള്‍വലിയുന്നതിനു മുന്‍പ് പരിചയ സമ്പന്നരായ ഗൈനക്കോളജിസ്റ്റിന്റെയോ യൂറോളജിസ്റ്റിന്റെയോ സേവനം തേടുക.

(ഗൈനക്കോളജിസ്റ്റാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. റീന എന്‍ ആര്‍

ഡോ. റീന എന്‍ ആര്‍

കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ. റീന എന്‍ ആര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍