UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍: റിസര്‍വ് ബാങ്ക് ഗവര്‍ണറെ കാണാനില്ല

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് രാജ്യം വലിയ പ്രതിസന്ധിയില്‍ പെട്ടിരിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ കാണാനില്ല. ഇന്ത്യയിലെ 86 ശതമാനം കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിന് ശേഷം ഒരു തവണ മാത്രമാണ് ഉര്‍ജിത് പട്ടേല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയ രീതിയെ വലിയ അബദ്ധമായാണ് ഇന്ത്യയിലും വിദേശത്തുമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ കാണുന്നത്.

“സാധാരണയായി ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ജനങ്ങള്‍ക്ക് സമയം നല്‍കുകയും ചെയ്യാറുണ്ട്. കേന്ദ്ര ബാങ്കാണ് ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.” – കോര്‍ണല്‍ സര്‍വകലാശാലയിലെ മോണിറ്ററി ലോ അദ്ധ്യാപകനും ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വിന്‌റെ ഉപദേശകനുമായ റോബര്‍ട്ട് ഹോക്കറ്റ് പറയുന്നു. ഉര്‍ജിത് പട്ടേല്‍ കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്ത് വരാത്തതും മറഞ്ഞിരിക്കുന്നതും റിസര്‍വ് ബാങ്കിന്‌റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതായാണ് പൊതുവായ വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തില്‍ റിസര്‍വ് ബാങ്കിന് എത്രമാത്രം പങ്കുണ്ടെന്ന് പോലും സംശയമുണ്ടെന്നാണ് വാണിജ്യ ബാങ്കിംഗ് രംഗത്തും ബാങ്കിംഗ് നയരൂപീകരണത്തിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള കെസി ചക്രബര്‍ത്തി പറയുന്നത്. 2009 മുതല്‍ 2014 വരെ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു കെസി ചക്രബര്‍ത്തി. കറന്‍സി പിന്‍വലിക്കല്‍ ഉദ്ദേശിച്ച ഫലം കണ്ടെത്താനാവുന്നില്ലെന്ന്  മോദിയുടെ തീരുമാനത്തെ കണ്ണടച്ച് അനുകൂലിച്ച റിസര്‍വ് ബാങ്ക് നിലപാട് തെറ്റായി പോയെന്നാണ് വിലയിരുത്തല്‍. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഉര്‍ജിത് പട്ടേലിന്‌റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‌റ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണ് ഉര്‍ജിത് പട്ടേലിന്‌റെ നിഷ്‌ക്രിയ സമീപനമെന്ന് എഐബിഒസി കുറ്റപ്പെടുത്തി.

 
ഇതൊരു കാബിനറ്റ് തീരുമാനമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിലും നയം സംബന്ധിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിലും പരാജയപ്പെടുന്നത് ഇത് ആദ്യമായല്ല. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രബാങ്ക് ഗവര്‍ണറുടെ വിശദീകരണം എല്ലാവരും പ്രതീക്ഷിക്കുന്നതാണെന്ന് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രോസ്ബ്രിഡ്ജ് കാപ്പിറ്റലിന്‌റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്‌റ് ഓഫീസറായ മനീഷ് സിംഗ് പറയുന്നു.  

ഉര്‍ജിത് പട്ടേലിന്‌റെ അദ്ധ്യക്ഷതയിലുള്ള പത്തംഗ സമിതിയാണ് നോട്ട് പിന്‍വലിക്കാനുള്ള ആശയം മുന്നോട്ട് വച്ചതെന്നാണ് നവംബര്‍ 16-ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത്. അതേസമയം കറന്‍സി പ്രതിസന്ധിയിലും ഉര്‍ജിത് പട്ടേല്‍ മാറി നില്‍ക്കുന്നതിലും പ്രതികരണം ആരാഞ്ഞ് റിസര്‍വ് ബാങ്ക് വക്താവിന് അയച്ച ഇ മെയിലിന് മറുപടി കിട്ടുന്നില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പണലഭ്യത ഉറപ്പാക്കുമെന്ന് പറഞ്ഞ് ഇടയ്ക്കിടെ പ്രസ്താവന ഇറക്കുന്നതൊഴിച്ചാല്‍ ആര്‍ബിഐയുടെ ഭാഗത്ത് യാതൊരു പ്രതികരണവും വരുന്നില്ല. 1978-ല്‍ മൊറാര്‍ജി ദേശായ് സര്‍ക്കാര്‍ 1000, 5000, 10000 നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ അന്നത്തെ ആര്‍ബിഐ ഗവര്‍ണറായിരുന്ന ഐജി പട്ടേല്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. അന്ന് സാധാരണക്കാരെ വലിയ നോട്ടുകളുടെ നിരോധനം ഇന്നത്തെ അത്രയും ബാധിച്ചിരുന്നില്ലെന്ന് ഓര്‍ക്കണം. 2014ല്‍ യുപിഎ സര്‍ക്കാരിന്‌റെ അവസാന കാലത്ത് ഈ നിര്‍ദ്ദേശം വന്നപ്പോള്‍ അന്നത്തെ ഗവര്‍ണര്‍ രഘുറാം രാജന്‍ ഇത് അംഗീകരിച്ചിരുന്നില്ല.

ഉര്‍ജിത് പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി കൊണ്ടുവരുന്നത്. രഘുറാം രാജന്‌റെ കീഴില്‍ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നപ്പോഴും ഉര്‍ജിത് പട്ടേല്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ചിരുന്നില്ല. രഘുറാം രാജന്‍ ആവശ്യമായ ഘട്ടങ്ങളിലെല്ലാം മാധ്യമങ്ങളിലൂടെ റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കുകയും നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ട് മുതല്‍ ഇന്ന് വരെയുള്ള സമയത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആറ് തവണയോളം ടിവിയില്‍ പ്രത്യക്ഷപ്പെട്ട് സംസാരിച്ചു. സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് മിക്കവാറും എല്ലാ ദിവസവും വാര്‍ത്താസമ്മേളനം നടത്തി സര്‍ക്കാര്‍ നിലപാടും തീരുമാനങ്ങളും വിശദീകരിക്കുന്നു. അതേസമയം താന്‍ ഗവണ്‍മെന്‌റിന്‌റെ പ്രതിനിധി എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും ആര് വിശദീകരണം നല്‍കുന്നു, തീരുമാനം അറിയിക്കുന്നു എന്നതിന് പ്രസക്തി ഇല്ലെന്നുമാണ് ശക്തികാന്ത ദാസിന്‌റെ വാദം.

ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉര്‍ജിത് പട്ടേല്‍ ഇങ്ങനെ ഒളിച്ചിരിക്കാന്‍ കാരണമെന്തായിരിക്കും? ഇതിന് മാത്രം എന്ത് സ്മ്മര്‍ദ്ദമാണ് അദ്ദേഹം നേരിടുന്നത്? കേന്ദ്രസര്‍ക്കാരിന്‌റെ ചരടില്‍ കെട്ടിയിരിക്കുന്ന സ്ഥാപനം എന്ന നിലയ്ക്കപ്പുറം റിസര്‍വ് ബാങ്കിന്‌റെ സ്വത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ടോ എന്ന ആശങ്ക തന്നെ ഉണ്ടാവുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍