UPDATES

ഉരുവിന് കൊച്ചിയില്‍ തുടക്കം; കലാകാരര്‍ക്ക് വേറിട്ട കൂട്ടായ്മ

അഴിമുഖം പ്രതിനിധി

പ്രശസ്ത ചിത്രകാരനും ശില്പിയും കൊച്ചി ബിനാലെയുടെ പ്രധാന സംഘാടകരില്‍ ഒരാളുമായ റിയാസ് കോമുവിന്‍റെ നേതൃത്വത്തില്‍  ‘ഉരു’ എന്നപേരില്‍ ഒരു ആര്‍ട് ഹാര്‍ബര്‍ ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു. കലാകാരന്‍മാര്‍ക്ക് ഒത്തുകൂടാനും അവരുടെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കാനും കുട്ടികള്‍ക്ക് വേണ്ടി റസിഡന്‍ഷ്യല്‍ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കാനും തികച്ചും വ്യത്യസ്ഥമായ ഒരിടം (തുറമുഖം) അതാണ് ‘ഉരു ആര്‍ട്ട് ഹാര്‍ബര്‍. 

ആര്‍ട്ടിസ്റ്റുകള്‍ക്ക് പലരീതിയിലും ഇടപെടാനുള്ള ഒരു ആര്‍ട്ടിസ്റ്റിക് സെന്‍ററായാണ് പ്രധാനമായും ‘ഉരു’ പരിശ്രമിക്കുക. കലാപ്രകടനങ്ങള്‍, പ്രദര്‍ശനങ്ങള്‍, രൂപകല്‍പനയിലുള്ള ഇടപെടലുകള്‍, പ്രസിദ്ധീകരണങ്ങള്‍, പരിപാടികള്‍, ചര്‍ച്ചകള്‍ എന്നിവ ഉരുവിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. അതോടൊപ്പം, കലാവിഷ്‌കാരങ്ങള്‍ക്കും, വിമര്‍ശനാത്മക അന്വേഷണങ്ങള്‍ക്കും ഉള്ള ഒരു സ്വതന്ത്ര ഇടമായിരിക്കും ഇത്. 

കടല്‍ വഴിയുള്ള ഇന്ത്യന്‍ വ്യാപാരത്തിന്‍റെ അത്രയും പഴക്കമുള്ളതും കേരളത്തെ ലോകവുമായി ബന്ധപ്പെടുത്തുകയും ചെയ്ത പരമ്പരാഗത ജലയാനമാണ് ഉരു. സുഗന്ധദ്രവ്യങ്ങളും പാരമ്പര്യങ്ങളും വഴി ലോകം തിരിച്ച് ഇന്ത്യയെ കണ്ടെത്തുകയും ചെയ്തു. ആഗോളീകരണത്തിന്‍റെ ആദ്യ ചോദന എന്ന് സുഗന്ധദ്രവ്യങ്ങളുടെ അന്വേഷണത്തെ വിശേഷിപ്പിക്കാമെന്ന് മാത്രമല്ല, അതിന്‍റെ വ്യാപാരം കൊച്ചിയെ പ്രമുഖ തുറമുഖങ്ങളില്‍ ഒന്നായി വളര്‍ത്തുകയും ചെയ്തു. കൊച്ചിയെ ഒരു ‘സാംസ്‌കാരികമായി ആഴത്തിലുറപ്പിക്കുന്ന വ്യക്തിത്വമാക്കി’ മാറ്റത്തക്ക തരത്തില്‍ മതങ്ങളും സംസ്‌കാരങ്ങളും ഗോത്രസംഘങ്ങളും ആചാരങ്ങളും ആ വ്യാപാരത്തോടൊപ്പം വന്നു.

പക്ഷെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രാദേശിക വൈശിഷ്ട്യങ്ങളെ മായ്ച്ചുകളയാന്‍ ആഗോളീകരണം സാവധാനത്തില്‍, പക്ഷെ ഉറപ്പോടെ, ശ്രമിക്കുകയും പ്രദേശിക സമൂഹങ്ങളുടെ കലയും കലാരൂപങ്ങളും സാംസ്‌കാരിക ആവിഷ്‌കാരങ്ങളും തുടര്‍ച്ചയായി പ്രാന്തവല്‍ക്കരിക്കപ്പെടുകയും വെറും ‘ആകര്‍ഷണമൂല്യം’ മാത്രം അവയ്ക്ക് ചാര്‍ത്തിക്കൊടുക്കപ്പെടുകയും ചെയ്യുമ്പോള്‍, മൗലിക കൂട്ടായ്മയ്ക്ക് ഒരിടം കണ്ടെത്തി  ബദല്‍ കല, സാംസ്‌കാരിക, ബൗദ്ധിക അന്വേഷണങ്ങള്‍ക്കുള്ള ഒരു തുടര്‍ കേന്ദ്രമായി വര്‍ത്തിക്കാനുമാണ് ഉരു കലാതുറമുഖം ശ്രമിക്കുക.

ഡി സി ബുക്സിന്‍റെ പാര്‍ട്ണര്‍ ഷിപ്പോട്കൂടെ ‘ഉരു’ പുസ്തക പ്രസിദ്ധീകരണവും ലക്ഷ്യം വെക്കുന്നുണ്ട്. ഉരു കലാ തുറമുഖത്തിന്‍റെ ആദ്യത്തെ പുസ്തകമായ ‘ഗുരു ചിന്തന – ഒരു മുഖവുര’ എന്ന പുസ്തകം ഉരു കലാതുറമുഖത്തിന്‍റെ ഉത്ഘാടന ദിവസമായ നവംബര്‍ 12 ന് കല്‍പ്പറ്റ നാരായണന്‍ എം എ ബേബിക്കു നല്കി പ്രകാശനം ചെയ്യും. തുടര്‍ന്ന് കെ ആര്‍ മനോജിന്റെ കേസരി ബാലകൃഷ്ണ പിള്ളയെ കുറിച്ചുള്ള ‘കേസരി’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവും നടക്കും 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍