UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉരു; കലയ്ക്ക് ഒരു തുറമുഖം കൊച്ചിയില്‍-റിയാസ് കോമു എഴുതുന്നു

Avatar

നവംബര്‍ 12 നു കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ റിയാസ് കോമുവിന്‍റെ നേതൃത്വത്തില്‍ ‘ഉരു’ എന്നപേരില്‍ ഒരു ആര്‍ട് ഹാര്‍ബര്‍ തയ്യാറാവുകയാണ്. കേരളത്തിലെ കലാകാരര്‍ക്ക് ഒത്തുകൂടാനും അവരുടെ വര്‍ക്കുകള്‍ പ്രദര്‍ശിപ്പിക്കാനും കുട്ടികള്‍ക്ക് വേണ്ടി റസിഡന്‍ഷ്യല്‍ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കാനും തികച്ചും വ്യത്യസ്ഥമായ ഒരിടം (തുറമുഖം) അതാണ് ‘ഉരു ആര്‍ട്ട് ഹാര്‍ബര്‍. ഉരുവിനെ കുറിച്ച് റിയാസ് കോമു എഴുതുന്നു. 

കലാന്വേഷണങ്ങളുടെ ഭാഗമായി പുറപ്പെട്ടുപോയവനാണ് ഞാന്‍. മറുനാടുകളില്‍ വച്ചാണ്  കലയെപ്പറ്റി കൂടുതല്‍ പഠിക്കുന്നതും പ്രയോഗപരിചയം നേടുന്നതും. സ്വന്തം ചിന്തകളുടെ വ്യക്തതയും ഇതര ചിന്താ – കലാരൂപങ്ങളില്‍ നിന്നുള്ള അറിവും ഈ യാത്ര എനിക്ക് തന്നു.  മാത്രമല്ല  ഈ യാത്രകളില്‍ കലാകാരന് ഒറ്റക്കും കൂട്ടായും പെരുമാറാനും പ്രചോദനം ഉള്‍ക്കൊള്ളാനും പറ്റിയ പല ഇടങ്ങളില്‍ പലവട്ടം തങ്ങാനുമായിട്ടുണ്ടെനിക്ക്! ഇതെല്ലാം ചേര്‍ന്നുരുവായ സംസ്കാരം എന്‍റെ പ്രവര്‍ത്തന മേഖലയിൽ കൂടുതൽ ജാഗ്രതയോടും ശ്രദ്ധയോടും ഉത്തരവാദിത്തത്തോടും പെരുമാറാന്‍ എന്നെ ഏറെ സഹായിച്ചു.

പിന്നീട് കൊച്ചി മുസിരിസ് ബിനാലെയുടെ സന്നാഹങ്ങല്‍ക്കിടയിലുള്ള കഴിഞ്ഞ ആറുവര്‍ഷത്തെ എന്‍റെ ജീവിതകാലത്തില്‍ കൊച്ചി എന്ന ഇടത്തോട് എനിക്ക് വലിയൊരു മമതയുണ്ടായി. ഒരു പ്രവാസി സമൂഹത്തിന്‍റെ തിരിച്ചു വരവുകൂടിയായിരുന്നു ബിനാലെ! ബിനാലെയുടെ ശ്രദ്ധാര്‍ഹമായ വിജയം ബിനാലെ പ്രവര്‍ത്തകരായ ഞങ്ങള്‍ക്കുതന്ന ആത്മവിശ്വാസം വലുതായിരുന്നു. ഈ ആത്മവിശ്വാസം പലയിടങ്ങളിൽനിന്ന് എന്നിലുരുവായ അറിവുകളും പരിചയങ്ങളും സമൂഹവുമായി പങ്കുവെക്കേണ്ട ബാധ്യത എന്ന കുറച്ചു കൂടി വലിയ ഉത്തരവാദിത്തം കലാകാരനെന്നനിലക്കു ഞാന്‍ ഏറ്റെടുക്കെണ്ടതുണ്ട് എന്ന ബോധവും എന്നിലുളവാക്കി. അതിനൊരിടത്തെപ്പറ്റിയുള്ള  ചിന്തകള്‍ എന്നില്‍ സജീവമായി. അനുഭവങ്ങളും അറിവുകളും പങ്കിടാനും പരസ്പരം പ്രചോദിപ്പിക്കാനും അന്വേഷണങ്ങൾക്ക് തുടക്കമിടാനും ഒരിടം. 

2007 ല്‍ ഞാന്‍ പുതിയ വീടു വച്ചപ്പോള്‍ എന്‍റെ സഹോദരന്‍ ബേപ്പൂരുണ്ടാക്കിയ ഒരു പായ്ക്കപ്പലിന്‍റെ മാതൃക സമ്മാനിച്ചു! അതെപ്പോഴും എന്‍റെ മേശപ്പുറത്തിരുന്നു – ഒരുരു! കാലങ്ങളോളം പലവുരു ആ പേര് ഞാനുച്ചരിച്ചിട്ടുണ്ട്!

കലാ പ്രചോദനത്തിനൊരിടം എന്ന ആഗ്രഹം, മട്ടാഞ്ചേരിയില്‍ ഉരു ആര്‍ട്ട്‌ ഹാര്‍ബര്‍ എന്നപേരില്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാവുകയാണ്. തുറമുഖവും പരിസരവുമായി പടര്‍ന്നുവളരുന്ന കൊച്ചി പങ്കുവയ്ക്കുന്ന നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യവും ഈ പേരിനു പ്രചോദനമാണ്.

‘ഉരു’ യാനപാത്രമാണ്. ഈ പേര് വെറുമൊരാകസ്മികതയല്ല. പല സംക്രമണങ്ങള്‍ക്കും പാത്രമായി നിന്ന കപ്പലോട്ടങ്ങളുടെ സ്‌മരണകള്‍ നങ്കൂരമിട്ടു നില്‍ക്കുന്ന മണ്ണാണ് ഇവിടത്തേത്‌. ലോകസഞ്ചാരികളുടെയും തനതു സംസ്കാരങ്ങളുടെയും മിശ്രണം അതിന്‍റെ ദ്വീപുനിര്‍മ്മാണ കൌശലങ്ങളില്‍ വാസ്തുവേലാ വൈഭവങ്ങളില്‍ കറിക്കൂട്ടുകളുടെ സുഗന്ധങ്ങളില്‍ ഒക്കെ പ്രസരിക്കുന്നുണ്ട്. ആ ഭൂമിയില്‍ നിന്നുകൊണ്ടു ചെയ്ത ബിനാലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ പ്രധാനം ആര്‍ട്ടിസ്റ്റുകളുടെ ജീവിതം-സ്വകാര്യമോ കുടുംബപരമോ ആകട്ടെ – സാമ്പത്തിക സ്വയംപര്യാപ്തതയുടെ ആഹ്ളാദങ്ങള്‍ അര്‍ഹിക്കുന്നില്ലേ; അതെങ്ങനെ സാധ്യമാക്കാം എന്നതായിരുന്നു. അറിവുകൾ / വൈഭവങ്ങൾ പങ്കിടാൻ, കൈമാറാൻ  ഒരിടം? കലാപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായൊരിടം! ബിനാലെ നല്‍കിയ പ്രചോദനം ഈ ഇടം സ്ഥലപരമായി നിസ്സംശയം കൊച്ചി എന്നു നിശ്ചയിക്കാന്‍ സഹായിച്ചു. 

അറിവിന്‍റെയും ആവിഷ്കാര പുതുമകളുടെയും കാര്യത്തില്‍ മലയാളി കലാകാരന്‍മാരുടെ ശേഷി അതിശയിപ്പിക്കുന്നതായിരിക്കുമ്പോള്‍ തന്നെ ലോകവുമായി ഇടപഴകുമ്പോളുള്ള അന്യതാബോധം അവരിൽ പലരെയും ഏകാന്തരാക്കിയിട്ടുണ്ട്. ഇതാകട്ടെ സ്വന്തം സൃഷ്ടികളുടെ പൂര്‍ത്തിക്കപ്പുറത്തേക്കവയെ പറഞ്ഞയക്കാതെ തടങ്കലിലാക്കുന്ന ഒരവസ്ഥാവിശേഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഔപചാരികമായാലും അനൗപചാരികമായാലും ഒരു സാംസ്കാരിക ഇടത്തില്‍, അവിടത്തെ ക്രയ വിക്രയങ്ങളില്‍ പെരുമാറിയുള്ള പരിചയക്കുറവ് മലയാളി ആര്‍ട്ടിസ്റ്റുകളില്‍ ഭീതിയായി വളര്‍ന്നിട്ടുണ്ടോ, ഇതു അവർക്ക് സ്വന്തം കഴിവുകളെ / രചനകളെ സ്വന്തം പരിസരങ്ങളിലേക്കും പുറത്തേക്കും എത്തിക്കാനുതകുന്ന പങ്കാളിത്തങ്ങൾ കണ്ടെത്താനുള്ള  ത്രാണിയില്ലാതാക്കുന്നുണ്ടോ തുടങ്ങിയവ പ്രസക്തങ്ങളായ ചോദ്യങ്ങളാണ്. അതുകൊണ്ടുതന്നെ  ഭൌതികതലത്തിൽ അത്തരം പ്രശ്നങ്ങള്‍ നേരിടാനുള്ള ഒരിടമായും കൂടിയാണ് ഉരു വിഭാവന ചെയ്തിരിക്കുന്നത്. ചര്‍ച്ചകളായും സംവാദങ്ങളായും ആവിഷ്ക്കാരങ്ങളുടെ അവതരണങ്ങളായുമുള്ള  ബൌദ്ധികവും സർഗ്ഗാത്മകവുമായ അന്വേഷണങ്ങളുടെ തുടര്‍ച്ചകൊണ്ട് ഈ ഇടത്തെ സജീവമായി നിലനിര്‍ത്തുകയാണ് ഉരുവിന്‍റെ പ്രവര്‍ത്തന ലക്ഷ്യം.

ഈ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഉരു ആവിഷ്ക്കരിക്കുന്ന പരിപാടികളില്‍ പ്രവാസികളായ പല മലയാളികളും അഭിമുഖീകരിച്ച, കേരളത്തില്‍ എങ്ങനെ റീ എസ്റ്റാബ്ലിഷ് ചെയ്യാനാകും – കേരളക്കരയിൽ ഒരു കലാകാരൻ /കലാകാരി എന്ന നിലയിൽ എങ്ങിനെ തിരിച്ചെത്താം, സ്വന്തം ഇടം കണ്ടെത്താം –  എന്ന ഒരു ചോദ്യം കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പല മേഖലകളിലും കഴിവു തെളിയിച്ചിട്ടുള്ള പല പ്രവാസികള്‍ക്കും കേരളീയ പൊതുസമൂഹത്തിൽ  സാര്‍ത്ഥകമായി ഇടപഴകാന്‍ സാധിക്കുന്നില്ല. ഇവിടത്തെ സാമൂഹിക ജീവിതവും തങ്ങള്‍ക്കറിയാവുന്ന ആവിഷ്ക്കാര സാധ്യതകളും രണ്ടു സമയരേഖകളില്‍ സമാന്തരമായി നിലനില്‍ക്കുകയാണിവിടെ. ഈ അവസ്ഥ കലാകാരരെ സംബന്ധിച്ചിടത്തോളം എല്ലാ കാലഘട്ടത്തിലും അനുഭവവേദ്യമായ ഒന്നാണ്. മറ്റൊരു സമയ കേന്ദ്രത്തെയും പുതിയ അറിവുകളെയും പൊതു സമൂഹവുമായി ബന്ധിപ്പിക്കാനുള്ള ഒരിടനാഴി കലാപ്രവര്‍ത്തനം വഴി സാധ്യമാണ്. അതിനു കലാപ്രവർത്തകര്‍ക്ക് സ്വയംപര്യാപ്തത വേണം. നിലനില്പ്പിന്‍റെ ഉല്‍ക്കണ്ഠകള്‍ മാറ്റിവെച്ചു സൃഷ്ടികളിലേര്‍പ്പെടാനും സമൂഹത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ആ പ്രവര്‍ത്തനത്തിന് ക്രയവിക്രയശേഷിയുണ്ടാക്കാനുമാകണം. അതുകൊണ്ടുതന്നെ കലാപ്രദര്‍ശനങ്ങള്‍, ആര്‍ട്ട്‌ റെസിഡെന്‍സികള്‍, കേരളീയ ക്രാഫ്റ്റില്‍ ഉള്ള രൂപകല്‍പ്പനാപരമായ ഇടപെടലുകള്‍ ഇവ ഉരു ഏറ്റെടുത്തു ചെയ്യുമ്പോള്‍ കലാകാരന് സ്ഥിരതയും വരുമാനവും ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള ഇടം എന്ന ആശയത്തിന്‍റെ സാഫല്യവും അതിലുള്ളടങ്ങിയിട്ടുണ്ടാവും.

ഉരു ഒരു വേദിയായി നിന്ന് പുസ്തകപ്രകാശനം, ആര്‍ട്ടിസ്റ്റുകളുമായി ചേര്‍ന്ന് കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ ഉണ്ടാക്കുക കാലികപ്രസക്തിയുള്ള ഡോകുമെന്‍ററികള്‍ നിര്‍മിക്കുക, ആര്‍ട്ടിസ്റ്റ് വർക്ക് ഷോപ്പുകള്‍, ആര്‍ട്ട് ക്യാമ്പുകള്‍, ചര്‍ച്ചകള്‍ സെമിനാറുകള്‍ സംഗീതാവതരണങ്ങള്‍ എന്നിവസംഘടിപ്പിക്കുക തുടങ്ങിയ  പ്രവര്‍ത്തനങ്ങള്‍വഴി കലകാരന്മാരോടൊപ്പം ചിന്തകരെയും എഴുത്തുകാരെയും പൊതുസമൂഹത്തെയും യുവജനങ്ങളെയും ആ വേദിയില്‍ സജ്ജീവ പങ്കാളികളാക്കാന്‍ ആഗ്രഹിക്കുന്നു. 

കലാകാരരുടെ ഒരുമയില്‍നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് സ്വയംപര്യാപ്തമായ ഒരു ആര്‍ടിസ്റ്റ് സമുദായം കെട്ടിപ്പെടുക്കാനും കലാരചനകള്‍ക്ക് കേരളത്തില്‍ മെച്ചപ്പെട്ട വായനാ സാധ്യതകള്‍ ഉണ്ടാക്കാനുമുളള ശ്രമത്തിന്‍റെ തുടക്കംകൂടിയാണ്‌ ഉരു. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍