UPDATES

യു എസ് വ്യോമാക്രമണത്തില്‍ ലിബിയയിലെ ഐ എസ് നേതാവ് സുബൈദി കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ നയിച്ചിരുന്ന ഭീകരന്‍ വിസാം അല്‍ സുബൈദി(അബു നാബില്‍ അല്‍ അന്‍ബാരി) യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത. പെന്റഗണ്‍ അധികൃതരാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം പാരീസില്‍ നടന്ന ഭീകരാക്രമണവുമായി ഇതിനു ബന്ധമില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നുണ്ട്. വെള്ളിയാഴ്ച്ച നടന്ന വ്യോമാക്രമണത്തില്‍ സുബൈദി കൊല്ലപ്പെട്ടതായാണ് പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് അറിയിക്കുന്നത്. ഇറാഖിനും സിറിയയ്ക്കും പുറത്ത് ഐ എസിന്റെ ശക്തമായ ഗ്രൂപ്പിനെ നയിച്ചിരുന്നതു സുബൈദിയാണെന്ന് അമേരിക്കന്‍ സുരക്ഷ ഏജന്‍സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇറാഖില്‍ ഐ എസിന്റെ മുതിര്‍ന്ന നേതാവായി പ്രവര്‍ത്തിച്ചു വന്നിരുന്ന, മുന്‍ ഇറാഖി പൊലിസ് ഉദ്യോഗസ്ഥന്‍ കൂടിയായ സുബൈദി 2014 ലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബു അല്‍ ബാഗ്ദാദിയുടെ നിര്‍ദേശപ്രകാരം ലിബിയയില്‍ ഐ എസ്സിനെ ശക്തിപ്പെടുത്തുന്ന ചുമതലുമായി എത്തുന്നത്. 2003 ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് ബാഗ്ദാദിക്കൊപ്പം തടവിലാക്കപ്പെട്ടയാളാണ് സുബൈദിയും.

ഈ വര്‍ഷം ആദ്യം ലിബിയയില്‍ 21 ഈജിപ്ത്യന്‍ ക്രിസ്ത്യനികളെ ഐ എസ് കൊലപ്പെടുത്തുന്ന വിഡിയൊ പുറത്തുവന്നിരുന്നു. ഈ വിഡിയൊയില്‍ ഉള്ള ശബ്ദം സുബൈദിയുടെതാണെന്നു സംശയിക്കുന്നതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി പറയുന്നു.

കിഴക്കന്‍ ലിബിയയിലെ ഡെര്‍ണയ്ക്കു പുറത്തുള്ള ഒരു ചെറിയ പ്രദേശത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്കാണ് വെള്ളിയാഴ്ച്ച രണ്ടു യു എസ് എഫ്-15 വിമാനങ്ങള്‍ ആക്രമണം നടത്തിയത്. സുബൈദിയെ കൂടാതെ മറ്റു ചിലരും ആക്രമണസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായും ഈ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട അമേരിക്കന്‍ പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഈ ആക്രമണത്തെ വെള്ളിയാഴ്ച്ച രാത്രിയില്‍ പാരീസില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്നും യു എസ് പറയുന്നു. 2001 സെപ്തംബര്‍ 11 ന് ശേഷം പാശ്ചാത്യരാജ്യങ്ങളില്‍ നടക്കുന്നതില്‍വെച്ച് ഏറ്റവും ദുരന്തപൂര്‍ണമായ ഭീകരാക്രമണമാണ് 129 പേരുടെ ജീവനെടുത്തുകൊണ്ട് പാരീസില്‍ സംഭവിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍