UPDATES

വിദേശം

സൗദിക്ക് സ്മാര്‍ട്ട് ബോംബ് വില്‍ക്കാന്‍ അമേരിക്ക

Avatar

ടോണി കപാച്ചിയോ
(ബ്ലൂംബര്‍ഗ് ന്യൂസ്)

1.29 ബില്യണ്‍ ഡോളറിന്റെ യുഎസ് – സൗദി ആയുധക്കരാറില്‍ 13000 സ്മാര്‍ട്ട് ബോംബുകളും സ്‌പെയര്‍ പാര്‍ട്ടുകളും. കരാറിനെപ്പറ്റിയുള്ള പൊതുപ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. ബോയിങ്, റെയ്തിയോണ്‍ ആയുധനിര്‍മാണക്കമ്പനികള്‍ക്കാണ് കരാറിന്റെ പ്രയോജനം ലഭിക്കുക.

കരാറിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി ലഭിച്ചതായി വിദേശ ആയുധ വില്‍പന നിയന്ത്രിക്കുന്ന പെന്റഗന്റെ ഡിഫന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചു. 30 ദിവസത്തിനകം കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ലെങ്കില്‍ കരാര്‍ നിലവില്‍ വരും.

കരാറിനെപ്പറ്റി കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അനൗപചാരിക ബ്രീഫിങ്ങുകള്‍ നല്‍കിത്തുടങ്ങിക്കഴിഞ്ഞു. സൗദിക്കും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലെ മറ്റ് സുന്നി സഖ്യരാജ്യങ്ങള്‍ക്കും യുഎസ് സൈനികസഹായം വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റ് ബരാക് ഒബാമയുടെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ കരാര്‍. നേരത്തെ സാമ്പത്തിക നിയന്ത്രണങ്ങളില്‍ യുഎസ് ഇളവുവരുത്തുന്നതിനു പകരമായി ആണവപദ്ധതികള്‍ വെട്ടിച്ചുരുക്കാന്‍ ഇറാനുമായി ധാരണയായിരുന്നു.

യുഎസിന്റെ ഏറ്റവും കൃത്യതയുള്ള ആയുധങ്ങളില്‍ ഒന്നായ ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂനിഷന്‍സ് (ജെഡിഎഎം) സൗദിക്കു ലഭിക്കുന്നവയില്‍പ്പെടും. ഷിക്കാഗോ ആസ്ഥാനമായ ബോയിങ് ആണ് ഇതിന്റെ നിര്‍മാതാക്കള്‍. 2008ലാണ് ഇവ ആദ്യമായി സൗദിക്കു നല്‍കിയത്. മസാച്ചുസെറ്റ്‌സിലെ റെയ്തിയോണ്‍ കമ്പനി നിര്‍മിക്കുന്ന പാത്‌വേ ലേസര്‍ നിയന്ത്രിത ബോംബുകളും കരാറിലുള്‍പ്പെടുന്നു. ഇവ 2011ലാണ് ആദ്യമായി സൗദിക്കു നല്‍കുന്നത്.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിനും യെമനിലെ വിപ്‌ളവകാരികള്‍ക്കുമെതിരെയുള്ള വ്യോമനീക്കങ്ങളില്‍ സൗദിക്കു കരുത്തുപകരാനെന്ന പേരിലാണ് പുതിയ ആയുധക്കച്ചവടം.

പുറത്താക്കപ്പെട്ട യെമന്‍ സര്‍ക്കാരിനെ തിരികെ കൊണ്ടുവരാനും ഹൗതി റിബലുകളെ അമര്‍ച്ച ചെയ്യാനും വേണ്ടി മാര്‍ച്ചില്‍ സൗദി ബോംബ് ആക്രമണം ആരംഭിച്ചിരുന്നു. യെമന്റെ മിക്ക പ്രദേശങ്ങളും ഇപ്പോഴും റിബലുകളുടെ കീഴിലാണ്. പ്രധാനപ്പെട്ട കപ്പല്‍ച്ചാലുകള്‍ക്കടുത്തുള്ള രാജ്യമാണ് യെമന്‍.

സൗദി നടത്തുന്ന വ്യോമാക്രമണത്തില്‍ യെമന്‍ തലസ്ഥാനമായ സനായിലും മറ്റുപ്രദേശങ്ങളിലും അനവധിപേര്‍ മരിക്കുകയും നിരവധിപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ചൂണ്ടിക്കാണിച്ചിരുന്നു. യുഎസ് ഉദ്യോഗസ്ഥരില്‍ ചിലര്‍തന്നെ സൗദിയുടെ ഇടപെടലിനെ ചോദ്യം ചെയ്തിരുന്നെങ്കിലും ആക്രമണത്തിന് സഹായകമാകുംവിധം സൗദിക്കു വിവരങ്ങള്‍ നല്‍കുകയാണ് ഒബാമ ഭരണകൂടം ചെയ്തത്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് മാര്‍ച്ചിലെ വ്യോമാക്രമണം തുടങ്ങിയശേഷം 2355 പേര്‍ മരിക്കുകയും അയ്യായിരത്തോളം പേര്‍ക്കു മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ല.

കൂടുതല്‍ കൃത്യതയുള്ള ആയുധങ്ങള്‍ ലഭിക്കുന്നതോടെ സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകുന്നത് ഒഴിവാക്കാന്‍ സൗദി പൈലറ്റുമാര്‍ക്കു കഴിയുമെന്നാണ് യുഎസ് സര്‍ക്കാരിന്റെ നിലപാട്. ഈ ആയുധവില്‍പന വര്‍ഷങ്ങളോളം തുടരുമെന്നത് യുഎസ് – സൗദി സഹകരണം നിലനില്‍ക്കുമെന്നതിന്റെ സൂചനയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സൗദിക്ക് 600 പാട്രിയറ്റ് പിഎസി 3 വ്യോമപ്രതിരോധ മിസൈലുകള്‍ നല്‍കുന്നതിന് യുഎസ് കോണ്‍ഗ്രസ് സെപ്റ്റംബറില്‍ അനുമതി നല്‍കിയിരുന്നു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിക്ക് ഇതുവഴി ലഭിക്കുക 5.4 ബില്യണ്‍ ഡോളറിന്റെ ഇടപാടാണ്. മുന്‍പ് സൗദിക്കു നല്‍കിയ 202 മിസൈലുകള്‍ക്കു പുറമെയാണിത്.

ഒക്ടോബറില്‍ നാല് തീരസമീപ യുദ്ധക്കപ്പലുകള്‍ സൗദിക്കു നല്‍കാന്‍ പദ്ധതിയുള്ളതായി പെന്റഗണ്‍ കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. ഇതുവഴി ലോക്ക്ഹീഡിന് 11.25 ബില്യണ്‍ ഡോളറാണു ലഭിക്കുക.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍