UPDATES

വിദേശം

അമേരിക്ക പേടിക്കുന്ന ചൈനാ ഭൂതം

ബീജിംഗിനെക്കുറിച്ചാണ് വാഷിംഗ്ടണ്‍ ചിന്തിക്കുന്നത് മുഴവനും എന്നു തോന്നും. ചൈനയിലെ ഹാങ്ഷൂവില്‍ നടന്ന ജി-20 ഉച്ചകോടിയും ലാവോസില്‍ നടന്ന ASEAN, കിഴക്കന്‍ ഏഷ്യ ഉച്ചകോടിയും  അമേരിക്കയുടെ ചൈനാവിരുദ്ധ ‘ഏഷ്യയിലേക്കുള്ള പിരിയാണി’ തന്ത്രത്തിന്റെ മുന്നോട്ടുകൊണ്ടുപോകലിനുള്ള മറ്റ് രണ്ടു അവസരങ്ങള്‍ കൂടിയായി.

2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ  പശ്ചാത്തലത്തില്‍  ഒരു പ്രധാന ആഗോള സാമ്പത്തിക വേദിയായി ഉയര്‍ന്നുവന്ന ജി-20, ആഗോള മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ അഞ്ചില്‍ നാലും ഉള്‍ക്കൊള്ളുന്ന സമ്പദ് വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളുടെ ഏകോപനത്തിനും, ആഗോള സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സംരക്ഷണനയങ്ങള്‍ ഉണ്ടാക്കുന്നത് തടയാനുമൊക്കെയാണ്  ഉദ്ദേശിച്ചത്. എന്നാല്‍ എട്ടുവര്‍ഷം കഴിഞ്ഞിട്ടും ഈ രണ്ടു ലക്ഷ്യങ്ങളും അത് നിറവേറ്റിയിട്ടില്ല. ഹാങ്ഷൂ ഉച്ചകോടിയുടെ അവസാനം നല്കിയ പ്രസ്താവനയില്‍ ജി-20 നേതാക്കള്‍, “ആഗോള വളര്‍ച്ചയുടെ ഒരു പുതിയ യുഗത്തിനായി” പ്രതിജ്ഞാബദ്ധമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, വ്യക്തമായ കാര്യം വാഷിംഗ്ടനും ബ്രസല്‍സും, ടോകിയോയും കൂടുതല്‍ ആശങ്കപ്പെടുന്നത് ചൈനയുടെ ഉരുക്ക് വ്യവസായത്തെ പിടിച്ചുനിര്‍ത്താനാണ് എന്നാണ്. പ്രസ്താവനയില്‍ ചൈനയെ പേരെടുത്ത് പറയുന്നില്ല; എന്നാല്‍ വിപണിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന ഉരുക്കിന്റെ അധികോത്പാദനവും അതിനു കാരണമാകുന്ന സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ പിന്തുണയും സര്‍ക്കാര്‍ പ്രായോജക സ്ഥാപനങ്ങളും പ്രസ്താവനയില്‍ പരാമര്‍ശിക്കപ്പെടുന്നു. OECD-യുടെ മേല്‍നോട്ടത്തില്‍ ഉരുക്ക് വര്‍ദ്ധിത ഉത്പാദന ശേഷിയുടെ ഒരു ആഗോള വേദി ഉണ്ടാക്കുമെന്നും അത് പ്രഖ്യാപിച്ചു.

ചൈനയുടെ കണ്ണടച്ചുതുറക്കും വേഗത്തിലുള്ള വ്യവസായവത്കരണവും കയ്യറ്റുമതിയെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയും Triad സമ്പദ് വ്യവസ്ഥകളിലെ (വടക്കേ അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ്, ജപ്പാന്‍)  സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായി. ആഭ്യന്തര ആവശ്യം ഉയര്‍ത്തുകയും മറ്റും ചെയ്ത്, ആഭ്യന്തരമായി ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തുന്നുണ്ടെങ്കിലും ആഭ്യന്തര ഉരുക്കുത്പാദന വ്യവസായത്തിനുമേല്‍ അന്താരാഷ്ട്ര മേല്‍നോട്ടം അംഗീകരിക്കാനുള്ള ട്രിയാഡ് ആവശ്യത്തിന് അവര്‍ക്ക് വഴങ്ങേണ്ടിവന്നു. അല്ലാത്തപക്ഷം ലോക വ്യാപാര സംഘടനയില്‍ (WTO) ‘വിപണി സമ്പദ് വ്യവസ്ഥ’ എന്ന പദവി നേടാന്‍ ചൈനക്ക് ബുദ്ധിമുട്ടേണ്ടിവരും എന്ന ഭീഷണിയുമായി തിരശീലക്കു പിന്നില്‍ യൂറോപ്യന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഴാന്‍ ക്ലോദ് ജന്‍ക്കര്‍ ഇതിന് ചുക്കാന്‍ പിടിച്ചു എന്നറിയുന്നു.

ലോക വ്യാപാര സംഘടനയില്‍ വിപണി സമ്പദ് വ്യവസ്ഥ പദവി ചൈനക്ക് കിട്ടിയാല്‍ അതിലെ അംഗരാഷ്ട്രങ്ങള്‍ക്ക് ഇപ്പോള്‍ ചൈനയുടെ വാണിജ്യനയങ്ങള്‍ക്ക് മേല്‍ എടുക്കുന്ന തരം നടപടികള്‍ അവര്‍ക്ക് മേല്‍ എടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ ചൈനക്ക് ആ പദവി കിട്ടാന്‍ പോവുകയാണ്. വാഷിംഗ്ടന്‍റെ അനുമതി കൂടാതെ ചൈനക്ക് ആ പദവി നിഷേധിക്കും എന്ന തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാകാനിടയില്ല. ഇപ്പോഴത്തെ നിലയില്‍ ഏഷ്യ-പസഫിക് മേഖലയിലെ 12 രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ വാണിജ്യ, നിക്ഷേപ കരാറില്‍-യു എസ് കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കാനിരിക്കുകയാണ്- ചൈനയെ ഉള്‍പ്പെടുത്തിയിട്ടില്ല. ജി-20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ വ്യാപാര തടസങ്ങള്‍ ഉയര്‍ത്താനുള്ള പ്രവണതയെ തടയേണ്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു. WTO പറയുന്നതു 2008-മുതലെടുത്താല്‍ ജി-20-ലെ വികസിത സമ്പദ് വിപണികളില്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഏറ്റവും കൂടിയ നിലയിലാണെന്നാണ്. എന്നാല്‍ 1930-ലെ അയല്‍രാഷ്ട്രത്തെ കുത്തുപാളയെടുപ്പിക്കുക എന്ന തരത്തിലുള്ള നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ഈ ഉപദേശം ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. ചൈനയുടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് പോകാന്‍ അനുവദിക്കാതിരിക്കുക എന്ന ഒറ്റ അജണ്ടയാണ് അവര്‍ക്കുള്ളത്.

ഹാങ്ഷൂവില്‍ വാഷിംഗ്ടണ്‍ തങ്ങളുടെ ‘ഏഷ്യയിലേക്കുള്ള പിരിയാണി’ എന്ന ചൈനാവിരുദ്ധ നയത്തിന്റെ സാമ്പത്തികാസ്ത്രം തൊടുത്തെങ്കിലും അതിന്റെ ഭൌമമാരാഷ്ട്രീയ ആയുധം ലാവോസിലാണ് വന്നത്. ഹാങ്ഷൂവില്‍ യൂറോപ്യന്‍ കമ്മീഷന്‍ അദ്ധ്യക്ഷനായിരുന്നു അമ്പ് തൊടുത്തതെങ്കില്‍ ലാവോസില്‍ ഫിലിപ്പൈന്‍സ് പ്രസിഡണ്ട് റോഡ്രീഗോ ഡ്യൂറ്റെര്‍ട്ടെ ആണ് വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടത് ചെയ്തുകൊടുക്കാന്‍ നിയോഗിക്കപ്പെട്ടത്. മേഖലയിലെ തങ്ങളുടെ ഭൌമ രാഷ്ട്രീയ താത്പര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു ഏഷ്യന്‍ ശബ്ദത്തെ യു.എസ് എപ്പോഴും ഏല്‍പ്പിക്കും. പക്ഷേ യു.എസ് തന്നെ മനുഷ്യാവകാശ പാഠങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങുന്നതില്‍ ഡ്യൂറ്റെര്‍ട്ടേ അസന്തുഷ്ടനായിരുന്നു- യു എസ് പ്രസിഡണ്ട് ബരാക് ഒബാമയെ അയാള്‍ പുലയാടി മോനെ എന്നു വിശേഷിപ്പിച്ചു എന്നാണ് അറിയുന്നതു- അതുകൊണ്ടയാള്‍ ആ കളി യു.എസിന് വേണ്ടി കളിയ്ക്കാന്‍ വിസമ്മതിച്ചു. ഒടുവില്‍ തെക്കന്‍ ചൈന കടലില്‍ ചൈനയുടെ അധികാരവാദങ്ങളെ നിയമസാധുതയില്ലാത്തത് എന്നു പറഞ്ഞു തള്ളിക്കളഞ്ഞ ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ  ജൂലായ് വിധിയെ അംഗീകരിക്കാത്ത ചൈനയെ കുറ്റപ്പെടുത്താന്‍ ഒബാമ തന്നെ വേണ്ടിവന്നു. ആര്‍ബിട്രേഷന്‍ കോടതി വിധി അനുസരിക്കേണ്ടതാണെന്ന് ഒബാമ പറഞ്ഞു. പക്ഷേ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ ഉടമ്പടി അനുസരിച്ച്  അത്തരമൊരു ഒത്തുതീര്‍പ്പില്‍ നിന്നും വിട്ടുപോരാന്‍ ചൈനക്ക് എല്ലാ അവകാശവുമുണ്ട്. മാത്രവുമല്ല കഴിഞ്ഞ കാലങ്ങളില്‍ പല വികസിത മുതലാളിത്ത രാജ്യങ്ങളും, ആസ്ട്രേലിയയും യു കെയും അടക്കം, ഇതുതന്നെ ചെയ്തിട്ടുണ്ട്. യു.എസ് ആണെങ്കില്‍ ഈ -UNCLOS- ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുപോലുമില്ല. സാമാന്യയുക്തി അനുസരിച്ച് ഒരു ഒത്തുതീര്‍പ്പ് സാധ്യമാകുന്നത് ഒരു തര്‍ക്കത്തിലെ കക്ഷികളെല്ലാം ആ പ്രക്രിയയെ അംഗീകരിക്കുമ്പോഴാണ്.

പക്ഷേ വാഷിംഗ്ടണ്‍ തങ്ങളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. തര്‍ക്കത്തിലുള്ള സ്കാര്‍ബറോ തിട്ടയ്ക്കടുത്ത്, ഫിലിപ്പീന്‍സ് നാവികസേനയുമായി ചേര്‍ന്ന് യു.എസ് നാവികസേന സംയുക്ത മേല്‍നോട്ടം നടത്തണമെന്നാണ് യു.എസ് നിര്‍ദേശം. ഇത് നടന്നാല്‍ ചൈനയുടെ കപ്പലുകളുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങില്ലെ? എന്തുകൊണ്ടാണ് തെക്ക്, കിഴക്കു ചൈന കടലുകളിലെ തര്‍ക്കത്തെ അന്താരാഷ്ട്രവത്കരിക്കാനും സൈനികവത്കരിക്കാനും വാഷിംഗ്ടണ്‍ ശ്രമിക്കുന്നത്? എന്താണതിന് അവര്‍ക്കുള്ള തിടുക്കം? ഈ തര്‍ക്കപ്രദേശത്ത്, സംയുക്ത നാവികാഭ്യാസം നടത്താന്‍ റഷ്യയും ചൈനയും ഇതിനകം തീരുമാനിച്ചുകഴിഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍