UPDATES

പ്രവാസം

2018ലെ എച്ച്-1ബി വിസയ്ക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ മൂന്ന് മുതല്‍ സ്വീകരിക്കും

എന്നാല്‍ എന്ന് വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല

2018 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള എച്ച്-1ബി വിസയുടെ അപേക്ഷകള്‍ ഏപ്രില്‍ മൂന്നാം തീയതി മുതല്‍ യുഎസ് സ്വീകരിച്ചുതുടങ്ങും. പുതിയ വിസകള്‍ അനുവദിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കവേയാണ് ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളും വിദഗ്ധരും ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന വിസയുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്നുവരെ അപേക്ഷകള്‍ സ്വീകരിക്കും എന്ന് വെളിപ്പെടുത്താാന്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) തയ്യാറായിട്ടില്ല.

സാധാരണഗതിയില്‍ ആദ്യത്തെ അഞ്ച് പ്രവൃത്തി ദിവസങ്ങളിലാണ് വിസയുടെ അപേക്ഷകള്‍ സ്വീകരിക്കുക. മുന്‍വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ നിബന്ധനയായ 85,000 വിസകള്‍ അനുവദിക്കുന്നതിന് തക്കവണ്ണമുള്ള അപേക്ഷകള്‍ ഡിപ്പാര്‍ട്ടുമെന്റിന് ലഭിക്കാറുണ്ട്. പൊതുവിഭാഗത്തില്‍ 65,000 വിസയും അമേരിക്കയിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും നേടിയ മാസ്റ്റേഴ്‌സോ മറ്റേതെങ്കിലും ഉന്നത ബിരുദമോ ഉള്ള വിദേശവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന 20,000 വിസകളുമാണ് എച്ച്-1ബി വിസ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

ചില പ്രത്യേക വിഭാങ്ങളില്‍ ഗവേഷണത്തിനും ശാസ്ത്രീയ പഠനത്തിനുമായി അമേരിക്കയില്‍ എത്തുന്നവരെ ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആറുമാസത്തേക്ക് ഇത്തരം വിസകളുടെ പരിശോധന നടത്തേണ്ടതില്ലെന്ന് യുഎസ്‌സിഐഎസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ ഈ വര്‍ഷം ഇത്തരം വിസകള്‍ അനുവദിക്കപ്പെടാനുള്ള സാധ്യതകള്‍ വിരളമാണ്.

സാധാരണ ഗതിയില്‍ ഈ വര്‍ഷവും എച്ച്-1ബി വിസകള്‍ അനുവദിക്കും എന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വിസകള്‍ അനുവദിക്കുന്നത് തടയുന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് ഉണ്ടാകും എന്ന് ചില മാധ്യമങ്ങള്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമഗ്രമായ കുടിയേറ്റ പരിഷ്‌കരണങ്ങള്‍ക്കാണ് തങ്ങള്‍ തയ്യാറെടുക്കുന്നത് എന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്.

2017 ഒക്ടോബര്‍ ഒന്നു മുതലാണ് അമേരിക്കയില്‍ 2018 സാമ്പത്തികവര്‍ഷം ആരംഭിക്കുന്നത്. താല്‍ക്കാലികമായി വിദേശ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് എച്ച്-1ബി വിസകള്‍ അനുമതി നല്‍കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ, വൈദഗ്ധ്യ ധാരണകള്‍ ആവശ്യമുള്ള ജോലികളാണ് ഇത്. ശാസ്ത്രം, എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലാണ് സാധാരണഗതിയില്‍ എച്ച്-1ബി വിസകള്‍ അനുവദിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍