UPDATES

പ്രവാസം

കുത്തഴിഞ്ഞതെങ്കിലും യു എസില്‍ വിസാ പരിഷ്ക്കരണങ്ങള്‍ ഉടനില്ല

Avatar

അഴിമുഖം പ്രതിനിധി

യുഎസില്‍ ഈ വര്‍ഷം വളരെ പരിമിതമായ വിസ പരിഷ്‌കരണങ്ങളെ ഏര്‍പ്പെടുത്താന്‍ സാധ്യതയുള്ളു എന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോഴത്തെ ഇമിഗ്രേഷന്‍ സംവിധാനം താറുമാറാണെന്നും അടിമുടി അഴിച്ചുപണി വേണമെന്നും ഡമോക്രാറ്റുകളും റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഒരു പോലെ വിശ്വസിക്കുമ്പോഴും ഇക്കാര്യത്തില്‍ ഉടനടി വലിയ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് നിഗമനം.

സമീപകാലത്ത് ഒബാമ നടത്തിയ ചില നീക്കങ്ങള്‍ ദീര്‍ഘകാലത്തില്‍ ഗുണത്തേക്കാളേറെ ദോഷത്തിനാണ് സാധ്യതയെന്ന് വിദഗ്ധര്‍ കരുതുന്നു. ഏകദേശം നാല് മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് താല്‍ക്കാലിക നിയമ പരിരക്ഷയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള ചില മാറ്റങ്ങള്‍ അടങ്ങുന്ന പരിഷ്‌കരണ പരിപാടി കഴിഞ്ഞ നവംബറിലാണ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാത്തതിനാല്‍ ഈ പരിഷ്‌കരണങ്ങളൊന്നും നടപ്പില്‍ വരുത്താന്‍ സാധിച്ചിട്ടില്ല. യുഎസ് കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഇപ്പോഴുള്ള അനധികൃത കുടിയേറ്റങ്ങള്‍ നിയമവിധേയമാക്കുകയും ഭാവിയില്‍ കുടിയേറ്റങ്ങള്‍ തടയുന്നതിന് അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഒബാമയുടെ ലക്ഷ്യം. യുഎസ് സാമ്പത്തികരംഗത്തിന് ഈ നീക്കം പുത്തനുണര്‍വ് നല്‍കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.

എന്നാല്‍, 2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രണ്ട് ഊഴം പൂര്‍ത്തിയാക്കുന്ന ഒബാമ മാറും എന്ന് ഉറപ്പാണ്. പകരം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ സമീപകാലത്തൊന്നും സമൂല പരിഷ്‌കരണങ്ങള്‍ക്ക് സാധ്യതയില്ല. അങ്ങനെ വരിയാണെങ്കില്‍ ഒബാമയുടെ പരിഷ്‌കരണ പരിപാടികള്‍ വഴി നടപ്പിലാക്കപ്പെട്ട ചില ഇളവുകള്‍ പിന്‍വലിക്കപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ ഒബാമയുടെ പരിഷ്‌കാരങ്ങള്‍ പ്രകാരം നിയമ സാധുതയ്ക്കായി അപേക്ഷ നല്‍കാന്‍ ഭൂരിപക്ഷം അനധികൃത കുടിയേറ്റക്കാരും മടിക്കുന്നു. ഭാവിയില്‍ തങ്ങള്‍ തിരിച്ചറിയപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതാണ് അപേക്ഷ സമര്‍പ്പിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നത്. അടുത്ത പ്രസിഡന്റ് റിപബ്ലിക്കന്‍ ആയിരിക്കുകയും, താല്‍ക്കാലിക നിയമ പരിരക്ഷ നീട്ടാന്‍ അവര്‍ തയ്യാറാവാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ രാജ്യത്ത് നിന്നും മടക്കി അയയ്ക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് അവര്‍ ഭയപ്പെടുന്നു.

നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലും സെനറ്റിലും റിപബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിയിരുന്നു. ഒബാമയുടെ പരിഷ്‌കരണ പദ്ധതി യുഎസ് കുടിയേറ്റ നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, പദ്ധതി നടപ്പിലാകുമോ ഇല്ലയോ എന്നറിയാന്‍ 2016 വരെയെങ്കിലും കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. എ്ന്നാല്‍ ഐടി, ആരോഗ്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരിഷ്‌കരണങ്ങളില്‍ വരുന്ന കാലതാമസം വലിയ പ്രതിസന്ധിക്ക് കാരണമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ യുഎസില്‍ വിരളമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍