UPDATES

വിദേശം

കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്ന കള്ളത്തിന്റെ ആസ്ഥാനമായി വൈറ്റ് ഹൗസ് മാറിയെന്ന് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി; നൂറാം പിറന്നാള്‍ ആഘോഷത്തില്‍ വെനസ്വേലയുടെ പ്രതിനിധിയും

മാര്‍ക്‌സിസം ലെനിനിസം ഉയര്‍ത്തിപ്പിടിച്ച് മുന്നേറുമെന്ന് പാര്‍ട്ടി യോഗം

അമേരിക്കയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കുള്ളില്‍ പോലും ശക്തമായ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ചര്‍ച്ചയാവുന്ന ഘട്ടത്തില്‍ യുഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറാം പിറന്നാള്‍. ചിക്കാഗോയില്‍ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം പിറന്നാള്‍ ആഘോഷം നടന്നു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു. ജര്‍മ്മനി, കാനഡ, തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആശംസ സന്ദേശങ്ങള്‍ കൈമാറി.

തൊഴിലാളിവര്‍ഗ സാര്‍വദേശിയതയും മാര്‍ക്‌സിസം ലെനിനിസവും ഉയര്‍ത്തിപ്പിടിക്കുമെന്ന മുദ്രാവാക്യങ്ങള്‍ സമ്മേളന വേദിയില്‍ ഉയര്‍ന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ഉപരോധവും ശക്തമായ എതിര്‍പ്പും നേരിടുന്ന വെനസ്വേലിയിലെ യൂത്ത് കമ്മ്യൂണിസ്റ്റ് ഓഫ് വെനസ്വേലയുടെ പ്രതിനിധി അലക്‌സ് ഗ്രാനാഡോയെ നീണ്ടുനിന്ന കൈയടികളോടെയാണ് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്ന കള്ളത്തിന്റെ ആസ്ഥാനമായി വൈറ്റ് ഹൗസ് മാറിയിരിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ ജാര്‍വിസ് ടൈനന്‍ പറഞ്ഞു. യുദ്ധത്തിനും വംശീയതയ്ക്കും വേണ്ടിയും അസമത്വം വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന സമീപനങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും ഇതിന് മുന്നില്‍ കീഴടങ്ങാനാണ് തൊഴിലാളി വര്‍ഗത്തെ അധികാര വര്‍ഗം പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ പോലും സോഷ്യലിസ്റ്റ് ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാലത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറാം വാര്‍ഷികം ആചരിക്കുന്നത്.

1980 കളുടെ അവസാനത്തോടെ തീവ്ര വലതുപക്ഷ ആശയക്കാര്‍ പിടിമുറുക്കിയ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ബെര്‍ണി സാന്റേഴ്‌സിന്റെ സ്വാധീനം വലിയ മാറ്റം വരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

1919 ല്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പിളര്‍ന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപികരിക്കപ്പെട്ടത്. ആദ്യ കാലഘട്ടത്തില്‍ ഒളിവിലായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. സോവിയറ്റ് യൂണിയനുമായും മറ്റ് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അമേരിക്കന്‍ പാര്‍ട്ടി 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സജീവമായത്. അമേരിക്കയിലെ കറുത്തവര്‍ഗക്കരുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രസ്ഥാനങ്ങളുമായി സജീവമായി ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ 1960 നുശേഷം പാര്‍ട്ടിയുടെ സ്വാധീനം കുറയുകയായിരുന്നു. അന്തരാഷ്ട്ര രാഷ്ട്രീയ സംഭവ വികാസങ്ങളും ഈ കാലത്ത് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെയും സ്വാധീനത്തെയും പ്രതികൂലമായി സ്വാധീനിച്ചു.

ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ഭരണകൂടം തീവ്ര വലതുപക്ഷ നിലപാടുകള്‍ തുടരുമ്പോള്‍ അതിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിരോധങ്ങളില്‍ സജീവമായി ഇടപെടാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.

Read More: ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍