UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: വെര്‍ണര്‍ വോസ് വീഴുന്നു, സോവിയറ്റ് യൂണിയനും അണുശക്തിയായെന്ന് അമേരിക്ക അംഗീകരിക്കുന്നു

Avatar

1917 സെപ്തംബര്‍ 23
ജര്‍മ്മന്‍ യുദ്ധവൈമാനികന്‍ വെര്‍ണര്‍ വോസ് കൊല്ലപ്പെടുന്നു

ജര്‍മ്മനിയുടെ യുദ്ധവൈമാനികരില്‍പ്രഗത്ഭനായിരുന്ന വെര്‍ണര്‍ വോസ് തന്റെ സാഹസിക പ്രകടനങ്ങള്‍ക്കൊടുവില്‍ ശത്രുവിമാനത്തിനു മുന്നില്‍ കീഴടങ്ങുന്നത് 1917 സെപ്തംബര്‍ 23 നായിരുന്നു. ബല്‍ജിയത്തിന്റെ ആകാശത്ത് ബ്രിട്ടീഷ് പോര്‍വിമാനങ്ങളെ നേരിടുമ്പോഴായിരുന്നു വെര്‍ണറുടെ സാഹസികതയ്ക്ക അന്ത്യം ഉണ്ടാകുന്നത്. ബ്രിട്ടന്റെ പ്രസിദ്ധമായ 56 സ്‌ക്വാഡ്രന്‍ ബി പോര്‍വിമാനങ്ങളുമായിട്ടായിരുന്നു വെര്‍ണറുടെ അവസാന ആകാശയുദ്ധം. പേരെടുത്ത യുദ്ധവൈമാനികരായ ജെയിംസ് മക്ഡന്‍, ആര്‍തര്‍ റൈസ് എന്നിവരായിരുന്നു ബ്രിട്ടീഷ് വിമാനങ്ങളിലെ പൈലറ്റുമാര്‍. വെര്‍ണറുടെ ഫോക്കര്‍ ട്രൈപ്ലൈന്‍ ജെയിംസും ആര്‍തറും കൂടി വീഴ്ത്തുകയായിരുന്നു.

സ്വതന്ത്ര പൈലാറ്റായി ആകാശ യുദ്ധത്തിനായി ഇറങ്ങും മുമ്പ് ജര്‍മ്മനിയുടെ മറ്റൊരു ഇതിഹാസ വൈമാനികനായിരുന്ന മാന്‍ഫ്രഡ് വോന്‍ റിച്‌തോഫന്‍ എന്ന റെഡ് ബാരന്റെ വിംഗ് മാന്‍ ആയിരുന്നു വെര്‍ണര്‍. വെര്‍ണറും റിച്‌തോഫനും തമ്മില്‍ ശത്രുതയിലാവുന്നതോടെയാണ് ആ കൂട്ട് പിരിയുന്നത്.

1917 മേയില്‍ 28 തവണ ആകാശവിജയം നേടിയതിന് വെര്‍ണര്‍ പൗര്‍ ലെ മെറിറ്റ് അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. ശത്രുവിമാനത്താല്‍ തകര്‍പ്പെടുന്നതിന് മുമ്പ് പതിനാലിലധികം വിജയങ്ങള്‍ നേടി നില്‍ക്കുകയായിരുന്നു വെര്‍ണര്‍ വോസ്. ധീരനും സാഹസികനുമായ ഈ വൈമാനികനോട് ശത്രുക്കള്‍ക്ക് പോലും മതിപ്പുണ്ടായിരുന്നു.

1949 സെപ്തംബര്‍ 23 
സോവിയറ്റ് യൂണിയന്‍ അണുശക്തിയായെന്ന് അമേരിക്ക സ്ഥിരീകരിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ 1949 സെപ്തംബര്‍ 23 ന് ഇറക്കിയ പത്രക്കുറിപ്പിലെ വിഷയം അണ്വായുധരംഗത്തെ അമേരിക്കന്‍ മേധാവിത്വം അവസാനിച്ചതായി വെളിവാക്കുന്നതായിരുന്നു. ആ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത് സോവിയറ്റ് യൂണിയന്‍ അണ്വായുധപരീക്ഷണം നടത്തിയെന്നതിന് കൃത്യമായ തെളിവ് അമേരിക്കയ്ക്ക് ലഭിച്ചുവെന്നായിരുന്നു. സെപ്തംബറില്‍ രേഖപ്പെടുത്തിയ ഭൂകമ്പതരംഗങ്ങളില്‍ നിന്നാണ് അമേരിക്കയ്ക്ക് സോവിയറ്റ് യൂണിയന്റെ അണ്വായുധപരീക്ഷണത്തെ കുറിച്ച് വിവരം കിട്ടുന്നത്. ഈ ഭൂകമ്പതരംഗങ്ങള്‍ അണ്വായുധസ്‌ഫോടനത്തിന്റെ ഫലമായി ഉണ്ടായതെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഉറപ്പിച്ചു.

ഈ തിരിച്ചറിവ് അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഈ മേഖലയില്‍ തങ്ങള്‍ക്കുള്ള അപ്രമാദിത്വം ഇത്രവേഗതത്തില്‍ അവസാനിക്കുമെന്നോ സോവിയറ്റ് യൂണിയന്‍ ഈ നേട്ടം ഇത്രനേരത്തെ സ്വന്തമാക്കുമെന്നോ അമേരിക്ക കരുതിയിരുന്നില്ല. 1945 ലായിരുന്നു അമേരിക്ക തങ്ങളുടെ അണ്വായുധം ഹിരോമഷിമയിലും നാഗസാക്കിയിലും പ്രയോഗിച്ചത്. അണ്വായുധശേഷി സോവിയറ്റ് യൂണിയനും നേടിയത് ശീതയുദ്ധകാലത്തെ കൂടുതല്‍ ഭീതിതമാക്കിയിരുന്നു. ഏറ്റവും അപകടകാരിയായ അണ്വായുധം ഇരുരാജ്യങ്ങള്‍ക്കും സ്വന്തമാണെന്നത് കാര്യങ്ങളെ പലപ്പോഴും ഒരു മഹാവിപത്തിന്റെ അരികില്‍ എത്തിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍