UPDATES

ഗുജറാത്ത് കലാപം; നരേന്ദ്ര മോദിക്കെതിരായ പരാതി യുഎസ് കോടതി തള്ളി

2002 ഗുജറാത്ത് കലാപക്കാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ മുസ്ലീംഹത്യ തടയാന്‍ നടപടിയെടുക്കാത്തതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതി യുഎസ് കോടതി തള്ളി. ന്യൂയോര്‍ക്കിലെ യുഎസ് ഫെഡറല്‍ കോടതിയുടേതാണ് തീരുമാനം.

ഒരു രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയ്ക്ക് വേണ്ട നിയമപരിരക്ഷ മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കുന്നതെന്ന് ജഡ്ജി അനാലിസ ടോറസ് പറഞ്ഞു. യുഎസിലെ മനുഷ്യാവകാശ സംഘടനയായ അമേരിക്കന്‍ ജസ്റ്റിസ് സെന്ററാണ് മോദിക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. കലാപം നടക്കുമ്പോള്‍ മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്ക് ഒന്‍പത് വര്‍ഷത്തോളം അമേരിക്ക വിസ നിഷേധിച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് 2005ലാണ് മോദിക്ക് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മോദിക്ക് വിസ അനുവദിക്കുന്നതിനെതിരെ യുഎസ് കോണ്‍ഗ്രസിലെ ഒരു വിഭാഗം അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ഒബാമ നരേന്ദ്ര മോദിയെ യുഎസിലേക്ക് ക്ഷണിക്കുകയും കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹം അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വിഷയത്തെ കുറിച്ച് ഉടനടി പ്രതികരിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ല. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയും പ്രതികരിക്കാന്‍ തയ്യാറായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍