UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ ഇടപെടാമെന്ന് ട്രംപ്, ആരും ഇടപെടരുതെന്ന് മാക്രോണ്‍, ഇന്ത്യയോട് ചര്‍ച്ച ആവശ്യപ്പെടില്ലെന്ന് ഇമ്രാന്‍ ഖാന്‍

കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്നും മൂന്നാം കക്ഷി ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ഇന്ത്യയേയും പാകിസ്താനേയും സഹായിക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു. ഇരു കക്ഷികളും ആവശ്യപ്പെടുകയാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണ് എന്ന് ട്രംപ് പറഞ്ഞു. കാശ്മീരിലെ സ്ഥിതിഗതികള്‍ യുഎസ് സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ ചര്‍ച്ച നടത്താനിരിക്കെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അതേസമയം മധ്യസ്ഥത ഇന്ത്യ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്നും മൂന്നാം കക്ഷി ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മക്രോണ്‍ ഇക്കാര്യം പറഞ്ഞത്. മോദിയുമായി താൻചർച്ച നടത്തിയെന്നും, വിഷയത്തിൽ ആരും അക്രമത്തിന് മുതിരരുതെന്നും ഊന്നിപ്പറഞ്ഞ മാക്രോണ്‍ മേഖലയില്‍ സ്ഥിരത വേണമെന്നും പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രി മോദി മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ കശ്മീരിനെ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ സമിതി (യുഎന്‍എസ്സി) യോഗത്തില്‍ ജമ്മുകശ്മീര്‍ വിഷയം ചൈന ഉന്നയിച്ചപ്പോളും ഫ്രാന്‍സ് ഇന്ത്യയ്ക്ക് അനുകൂലമായി നിന്നിരുന്നു. അതിനുശേഷം പുറത്തിറക്കിയ മറ്റൊരു സംയുക്ത പ്രസ്താവനയിൽഭീകരതയെക്കുറിച്ച് ആഗോള സമ്മേളനത്തിനുള്ള മോദിയുടെ ആഹ്വാനത്തെ മാക്രോൺ അംഗീകരിക്കുകയും ചെയ്തിരുന്നു. മൂന്നുമാസം മുമ്പ് നടന്ന മാല്‍ദീവ്‌സ്‌
സന്ദർശനത്തിനിടെയാണ് ഭീകരവാദത്തെക്കുറിച്ച് ഒരു കോൺഫറൻസ് നടത്തണമെന്ന നിർദ്ദേശം മോദി മുന്നോട്ടുവച്ചത്.

ബിയാരിറ്റ്‌സില്‍ നടക്കുന്ന ജി- 7 ഉച്ചകോടിക്ക് നാല് ദിവസം മുന്നോടിയായി പാരീസിലെത്തിയതായിരുന്നു മോദി. മാക്രോണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്താന്‍ 60 കിലോമീറ്റര്‍ അകലെയുള്ള ചാറ്റോ ഡി ചാന്റിലിയിലേക്ക് അദ്ദേഹം പോയിരുന്നു. റാഫേൽ യുദ്ധവിമാനം എത്തിക്കുന്നതടക്കമുള്ള പല വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനിൽ സമയബന്ധിതമായി രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടത്തുക, തീവ്രവാദികളുടെ സുരക്ഷിത താവളങ്ങൾ ഇല്ലാതാക്കുക, സ്ത്രീകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ഇന്ത്യയുടെ വീക്ഷണങ്ങളെയും ഫ്രാൻസ് പിന്തുണച്ചു.

അതേസമയം ഇന്ത്യയോട് ഇനി സമാധാന ചര്‍ച്ച ആവശ്യപ്പെടില്ല എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്താന്‍ നിരന്തരം സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടും ഇന്ത്യ ഇതെല്ലാം തള്ളിക്കളയുകയാണുണ്ടായത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഇമ്രാന്‍ ഖാന്‍ വിമര്‍ശനം ശക്തമാക്കി. അവരോട് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാനിതുവരെ സമാധാനത്തിനായി നടത്തിയ നീക്കങ്ങളൊക്കെ വെറുതെയായി. ഇനി ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല – ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്‌ള ഇമ്രാന്‍ ഖാന്റെ വിമര്‍ശനം തള്ളിക്കളഞ്ഞു. പാകിസ്താനുമായി സമാധാനത്തിന് മുന്‍കൈയെടുത്തപ്പോളെല്ലാം ഇന്ത്യക്ക് തിരിച്ചടിയാണുണ്ടായത് എന്ന്് ശ്രിംഗ്‌ള പറഞ്ഞു. പാകിസ്താന്‍ ഭീകരതയ്്‌ക്കെതിരെ വിശ്വാസ്യമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ അംബാസഡര്‍ ആവശ്യപ്പെട്ടു. കാശ്മീരില്‍ സംഘര്‍വും സൈനിക ഓപ്പറേഷനുമുണ്ടാക്കി ഇന്ത്യ തങ്ങള്‍ക്കെതിരെ സൈനിക നടപടി സ്വീകരി്‌ച്ചേക്കും എന്ന ആശങ്ക ഇമ്രാന്‍ ഖാന്‍ ട്രംപുമായി പങ്കുവച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പാകിസ്താന്റെ ഇത്തരം സംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍