UPDATES

വിദേശം

അമേരിക്കയില്‍ 2,15,000 തൊഴില്‍ അവസരങ്ങളുടെ വര്‍ധന

ലാന്‍ ക്യു മുയി
(വാഷിങ്ടണ്‍ പോസ്റ്റ്)

അമേരിക്കയുടെ തൊഴില്‍ സമൂഹം വീണ്ടും വര്‍ദ്ധിക്കുന്നു. വര്‍ഷങ്ങളായി കുറഞ്ഞുവന്നിരുന്ന ഇതിലുള്ള വര്‍ദ്ധന സ്വന്തം നാട്ടില്‍ തൊഴില്‍ ലഭിക്കുമെന്ന ശരാശരി അമേരിക്കക്കാരന്റെ പ്രതീക്ഷയ്ക്കു കരുത്തേകുന്നതാണ്.

കഴിഞ്ഞ രണ്ടുവര്‍ഷം തൊഴില്‍ അന്വേഷകരുടെ നല്ല കാലമായിരുന്നു. തൊഴില്‍ ഉടമകള്‍ കൂടുതല്‍ ജോലിക്കാരെ നിയമിച്ചു. വിദേശത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത് അമേരിക്കയിലെ തൊഴില്‍രംഗത്തെ ബാധിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ കാണിക്കുന്നത്. കഴിഞ്ഞ മാസം 215000 ജോലികളാണ് സമ്പദ് വ്യവസ്ഥയിലേക്ക് വാതില്‍ തുറന്നത്.

തൊഴില്‍ വിപണിയുടെ സാധ്യതകള്‍ ആളുകളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു. തൊഴിലാളികളുടെ എണ്ണം കൂടിയതോടെ തൊഴിലില്ലായ്മനിരക്ക് നേരിയ തോതില്‍ ഉയര്‍ന്ന് മാര്‍ച്ചില്‍ അഞ്ചു ശതമാനത്തിലെത്തി. കഴിഞ്ഞ ആറുമാസത്തിനിടെ 2.4 മില്യണ്‍ ജോലിക്കാരാണ് തൊഴില്‍ കണ്ടെത്തുകയോ അതിനായുള്ള ശ്രമം തുടങ്ങുകയോ ചെയ്തതെന്ന് സര്‍ക്കാര്‍ വിവരങ്ങള്‍ കാണിക്കുന്നു. സാമ്പത്തികമാന്ദ്യത്തിനുശേഷമുള്ള ആദ്യത്തെ സുസ്ഥിരമായ വര്‍ദ്ധനയും രണ്ടുദശാബ്ദത്തിലേറെയായി കണ്ടതില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയുമാണ് ഈ നേട്ടം കാണിക്കുന്നത്.  സമ്പദ് വ്യവസ്ഥ മെച്ചപ്പെടുകയാണ് എന്നതിന്റെ സൂചനയാണിത്.

‘സമ്പദ് വ്യവസ്ഥയുടെ സ്ഥാനത്തില്‍ ആളുകള്‍ സന്തുഷ്ടരാണ്. അവര്‍ തൊഴില്‍ വിപണിയിലേക്കു വരാന്‍ ശ്രമിക്കുകയാണ്. അത് വളരെ ശുഭപ്രതീക്ഷ നല്‍കുന്ന വിവരമാണ്,’ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡപ്യുട്ടി സെക്രട്ടറി ക്രിസ് ലൂ പറയുന്നു.

സാമ്പത്തികമാന്ദ്യത്തിന്റെ നിഴലില്‍ ജനസംഖ്യയിലെ തൊഴിലെടുക്കുന്നവരുടെ എണ്ണം സെപ്റ്റംബറില്‍ 40 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞനിരക്കായ 62.4ല്‍ എത്തി. ജോലിയുള്ളവരുടെ എണ്ണവും തൊഴില്‍ അന്വേഷകരുടെ എണ്ണവും കണ്ടെത്തിയാണ് സര്‍ക്കാര്‍ ഈ കണക്കിലെത്തുന്നത്. വിദ്യാര്‍ത്ഥികള്‍, വിരമിച്ചവര്‍, വീടിനു പുറത്ത് ജോലി ചെയ്യാത്ത രക്ഷിതാക്കള്‍ എന്നിവരൊന്നും ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല.

ജനസംഖ്യാപരമായ വ്യതിയാനങ്ങളാണ് അമേരിക്കയുടെ തൊഴില്‍ ശക്തിയുടെ കുറവിനെ ബാധിക്കുന്ന പ്രധാനഘടകം. 2000ല്‍ 67.3ശതമാനത്തില്‍ എത്തിയ തൊഴിലാളികളുടെ എണ്ണം പിന്നീട് കുറഞ്ഞുവരികയായിരുന്നു. പ്രതിദിനം 10,000 എന്ന കണക്കില്‍ 65 വയസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന ‘ബേബി ബൂമേഴ്‌സാ’ണ് പ്രധാന കാരണം. ഇതിനൊപ്പം സ്‌കൂള്‍ ജീവിതത്തിന്റെ കാലാവധി കൂടിയതും വിദ്യാര്‍ത്ഥികള്‍ പഠനത്തിനിടെ ജോലി ചെയ്യാനുള്ള സാധ്യത കുറഞ്ഞതും ഘടകങ്ങളാണ്.

തൊഴിലാളികളായി കണക്കാക്കപ്പെടുന്നതിന്റെ അതിര്‍ത്തിരേഖകള്‍ വ്യക്തമല്ല. 1.7 മില്യണ്‍ ആളുകള്‍ തൊഴില്‍രംഗത്തോട് നേരിയ തോതില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തൊഴില്‍ വേണമെങ്കിലും കഴിഞ്ഞ വര്‍ഷം അതിനായി ശ്രമിക്കാത്തവരാണിവര്‍. വിദ്യാഭ്യാസ, കുടുംബ കാരണങ്ങള്‍ കൊണ്ടോ തൊഴില്‍ ലഭിക്കില്ലെന്ന തോന്നല്‍ കൊണ്ടോ ആകാം ഇത്. ഇവരുടെ എണ്ണം ഇനിയും കൂടാമെന്നാണ് ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് രണ്ടുമില്യണ്‍ ആളുകള്‍ തൊഴിലിടങ്ങളില്‍ അപ്രത്യക്ഷരാണ്.

‘സോഷ്യോളജിയും സൈക്കോളജിയുമാണ് ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നത്. എന്നെപ്പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് അത് എളുപ്പമല്ല,’ വെല്‍സ് ഫാര്‍ഗോയിലെ ചീഫ് ഇക്കണോമിസ്റ്റായ ജോണ്‍ സില്‍വിയ പറയുന്നു.

പലപ്പോഴും വ്യക്തിപരമായ തിക്താനുഭവങ്ങളാണ് തൊഴില്‍തേടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. സാമ്പത്തിക മാന്ദ്യകാലത്ത് ആരംഭിച്ച കാറ്ററിങ് ബിസിനസ് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ ബ്രാന്‍ഡന്‍ ജോണ്‍സ്, 39, നിരാശനായി. തൊഴില്‍ സാധ്യതകള്‍ വിരളമാണെന്നു കണ്ട് പഠനം തുടരാന്‍ ജോണ്‍സ് തീരുമാനിച്ചു. കഴിഞ്ഞ മാസം ഡിപോള്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഓര്‍ഗനൈസേഷനല്‍ സൈക്കോളജിയില്‍ പഠനം പൂര്‍ത്തിയാക്കി.

‘ഇപ്പോള്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന തൊഴില്‍സാധ്യതയുമായാണ് ഞാന്‍ വിപണിയിലേക്കിറങ്ങുന്നത്.’

തൊഴില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുവെങ്കിലും ഇതുവരെ ജോണ്‍സിന് ജോലി കണ്ടെത്താനായിട്ടില്ല. കോളജ് ഡിഗ്രിയുണ്ടെങ്കിലും കടുത്ത മത്സരമുള്ള വിപണിയും അനാകര്‍ഷകമായ ശമ്പളവുമാണ് ജോണ്‍സിനെ കാത്തിരിക്കുന്നത്. 1990കളില്‍  ഡോട്ട് കോം ബൂമിന്റെ കാലത്ത് ക്ലര്‍ക്കായി ജോലി ചെയ്തപ്പോഴത്തെ ശമ്പളമെങ്കിലും കിട്ടണമെന്നാണ് ജോണ്‍സിന്റെ ആഗ്രഹം.

‘തൊഴില്‍ സാധ്യതകളുണ്ട്. പക്ഷേ വിപണിയില്‍ മാന്ദ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം.’

ഗോള്‍ഡ്മാന്‍ സാഷ് കഴിഞ്ഞ മാസം നടത്തിയ പഠനം അനുസരിച്ച് ജോണ്‍സിനെപ്പോലുള്ള ആളുകളാണ് തൊഴില്‍ വിപണിയുടെ ശക്തി. വിദ്യാഭ്യാസം തുടരുക എന്ന വഴി ഉപേക്ഷിച്ച് തൊഴില്‍ തേടുന്നവര്‍. വിരമിക്കുകയോ അവശ ഇന്‍ഷുറന്‍സിന് അപേക്ഷിക്കുകയോ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. തൊഴില്‍ കിട്ടില്ലെന്നു കരുതുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.

രംഗം മെച്ചപ്പെടുന്നുവെന്നു പ്രതീക്ഷിക്കാമെങ്കിലും തൊഴിലാളികള്‍ ജോലി നേടുന്നതിലും നല്ല ശമ്പളം കിട്ടുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ തൊഴില്‍ ഉള്ളവരെ ജോലിക്കെടുക്കാനാണ് തൊഴില്‍ ഉടമകള്‍ക്കു താല്‍പര്യമെന്നും പഠനങ്ങള്‍ കാണിക്കുന്നു.

1980കളില്‍ സാമ്പത്തികമാന്ദ്യകാലത്ത് ആറുമാസമെങ്കിലും ജോലിയില്ലാതിരുന്നവര്‍ക്ക് അടുത്ത ജോലിയില്‍ ലഭിച്ച ശമ്പളം 30 ശതമാനത്തോളം കുറവാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. 15-20 വര്‍ഷങ്ങള്‍ക്കുശേഷവും ശമ്പളം അവര്‍ക്കൊപ്പമുള്ളവരില്‍നിന്ന് 20 ശതമാനത്തോളം കുറവായി തുടരുന്നു.

‘റെസ്യൂമേയില്‍ വലിയ ഇടവേളകള്‍ വരുന്നത് ഇന്നും അത്ര സുഖകരമായ കാര്യമല്ല. തൊഴിലാളിക്ക് എന്തെങ്കിലും കുറവുണ്ടെന്നതിനു തെളിവായാണ് തൊഴിലുടമകള്‍ ഇതിനെ കാണുന്നത്,’ ഗ്ലാസ്‌ഡോര്‍ എന്ന ജോബ് സൈറ്റിലെ ചീഫ് ഇക്കണോമിസ്റ്റ് ആന്‍ഡ്രൂ ചേംബര്‍ലെയ്ന്‍ പറയുന്നു.

തൊഴിലാളികളായി കണക്കാക്കപ്പെടുന്നതിന്റെ മുഖ്യമാനദണ്ഡം വിദ്യാഭ്യാസമാണ്. സെപ്റ്റംബര്‍ മുതല്‍ തൊഴില്‍ അന്വേഷകരുടെ സംഖ്യ വര്‍ധിക്കാനുള്ള കാരണം കോളജ് വിദ്യാഭ്യാസമുള്ളവരുടെ പങ്കാളിത്തമാണെന്ന് വെല്‍സ് ഫാര്‍ഗോയുടെ പഠനം കാണിക്കുന്നു. അതേസമയം ഏതെങ്കിലും തരത്തിലുള്ള ഉന്നതവിദ്യാഭ്യമുള്ളവര്‍ നേരിട്ട് തൊഴില്‍ നേടുന്നുവെന്നാണ് കന്‍സാസ് സിറ്റിയിലെ ഫെഡറല്‍ റിസര്‍വ് ബാങ്ക് നടത്തിയ പഠനത്തില്‍ കണ്ടത്.

ജോലികള്‍ തിരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത കാണിക്കുന്ന ജോണ്‍സ് വിദ്യാഭ്യാസത്തിനു മുടക്കിയ പണം കൊണ്ട് ഉടന്‍ പ്രയോജനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

‘കുറച്ചുകൂടി പൂര്‍ണനായതുപോലെ തോന്നുന്നു. എനിക്ക് പാസ്‌പോര്‍ട്ടുണ്ട്, ഡ്രൈവിങ് ലൈസന്‍സുണ്ട്, ക്രെഡിറ്റ്കാര്‍ഡുണ്ട്, ബിരുദമുണ്ട്. ഞാന്‍ ഒരു പൗരനാണെന്ന തോന്നലുണ്ട്.’

തൊഴില്‍ സേനയിലേക്ക് ജോലിക്കാര്‍ തിരിച്ചെത്തുന്നതിന് സാമ്പത്തികശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയായിരുന്നു. സാമ്പത്തികമാന്ദ്യത്തില്‍ മിക്കവാറും തൊഴിലാളികള്‍ അപ്രത്യക്ഷരാകുമെന്നായിരുന്നു ഭയം.

സാവധാനത്തിലാണെങ്കിലും എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞ എലീസ് ഗില്‍ഡ് പറയുന്നു.

‘പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജോലിക്കാര്‍ തിരിച്ചുവരും എന്നതില്‍ എനിക്കുവിശ്വാസമുണ്ട്. പക്ഷേ, ദീര്‍ഘകാലത്തേക്ക് തൊഴില്‍ വളര്‍ച്ച ശക്തമാണെന്ന് ഉറപ്പുവരുത്താന്‍ നമുക്കു കഴിയണം’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍