UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അധികാരം അടിയറവുവെച്ച ഡെമോക്രാറ്റുകളുടെ സ്വത്വ പ്രതിസന്ധി

Avatar

കരണ്‍ ടുമുല്‍റ്റി, ജോണ്‍ വാഗ്നര്‍, ടോം ഹാംബര്‍ഗര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഡെമോക്രാറ്റ് കക്ഷിയുടെ തകര്‍ച്ചയാകും ബരാക് ഒബാമയുടെ ഭരണകാലത്തിന്റെ രാഷ്ട്രീയ ശേഷിപ്പിലെ ഏറ്റവും വലിയ കളങ്കം.

2016-ലെ തെരഞ്ഞെടുപ്പ് ആ കക്ഷിയെ ഒരു പുതിയ കാലത്തേക്കാണ് എത്തിച്ചത്.

വാഷിംഗ്ടണ്‍ ഡി സിയിലെ അധികാരസ്ഥാനങ്ങളില്‍ നിന്നും ഡെമോക്രാറ്റുകള്‍ പുറത്തായിരിക്കുന്നു. ജനുവരിയില്‍ തുടങ്ങുന്ന കോണ്‍ഗ്രസിന്റെ രണ്ടു സഭകളും റിപ്പബ്ലിക്കന്‍മാര്‍ നിയന്ത്രിക്കും. രാജ്യത്തെ സംസ്ഥാന സഭകളിലും അവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

കാല്‍ നൂറ്റാണ്ടുകാലത്തിനിടയില്‍ ഇതാദ്യമായി ക്ലിന്‍റന്‍ എന്നു പേരുള്ള ആരും ഓവല്‍ കാര്യാലയത്തില്‍ ഉണ്ടാകില്ല. ഒബാമയും വൈസ് പ്രസിഡണ്ട് ജോ ബിദനും കാലം ഒഴിയുകയാണ്.

പാര്‍ട്ടിയുടെ ആത്മാവിനും കേന്ദ്രസ്ഥാനത്തിനും വേണ്ടി പോരാട്ടം തുടങ്ങാനാണ് സാധ്യത. പുതിയ നേതാക്കള്‍ അവസരം തേടും.

സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചാള്‍സ് ഷൂമര്‍ നേതൃത്വത്തിലേക്ക് വരാന്‍ ഏറെ തത്പരനാണ്. പക്ഷേ ആരായാലും പാര്‍ട്ടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമല്ല.

“ഏത് ദിശയിലേക്ക് പോകണം എന്നു സംബന്ധിച്ച് ഡെമോക്രാറ്റിക് കക്ഷിയില്‍ വലിയ തര്‍ക്കങ്ങളുണ്ടാകും,”രാഷ്ട്രീയ നിരീക്ഷകന്‍ ജോ ട്രിപ്പി പറഞ്ഞു. “ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ആ കക്ഷിക്ക് ഗുണം ചെയ്യും. പക്ഷേ അടുത്ത കുറച്ചുകൊല്ലത്തേക്ക് അത് വളരെ വേദനാജനകമായിരിക്കും. വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാന്‍ ഒരു ഡെമോക്രാറ്റിക് പ്രസിഡണ്ട് ഉണ്ടാകില്ല.”

ഹിലാരി ക്ലിന്‍റന് മേല്‍ ട്രംപ് നേടിയ വിജയം പാര്‍ട്ടിയിലെ ഉദാരവാദികളെ ശക്തിപ്പെടുത്തും.

താനായിരിക്കും ട്രംപിന് ശക്തനായ എതിരാളി എന്നു പ്രൈമറിയില്‍ ഹിലാരിയുടെ എതിരാളിയായിരുന്ന സെനറ്റര്‍ ബെര്‍ണീ സാന്‍ഡേഴ്സ് പറഞ്ഞിരുന്നു. വാള്‍ സ്ട്രീറ്റിന്റെ കടുത്ത വിമര്‍ശകനും സ്വതന്ത്ര വ്യാപാര കരാറുകളുടെ പ്രഖ്യാപിത ശത്രുവുമാണ് സാന്‍ഡേഴ്സ്.

സെനറ്റര്‍ എലിസബത്ത് വാറന്‍ വാദിക്കുന്ന തരത്തില്‍ ന്യൂ ഡീല്‍ വേരുകള്‍ വീണ്ടെടുക്കാനും പാര്‍ട്ടിയെ കൂടുതല്‍ ജനപ്രിയമായ അടിത്തറയിലേക്ക് കൊണ്ടുപോകാനുമാണ് ഇടതുവിഭാഗം ആവശ്യപ്പെടുന്നത്.

സമ്മതിദായകരുടെ അമര്‍ഷത്തോട് ഡെമോക്രാറ്റുകള്‍ കൂടുതല്‍ നേരിട്ട് സംവദിക്കണമായിരുന്നു എന്നാണ് Progressive Change Campaign Committee-യുടെ സഹസ്ഥാപകന്‍ ആഡം ഗ്രീന്‍ പറയുന്നത്. “എലിസബത്ത് വാറന്റെ പ്രതിച്ഛായയില്‍ അവര്‍ പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കും എന്നു പ്രതീക്ഷിക്കാം. ഡൊണാള്‍ഡ് ട്രംപിന്റെ സമഗ്രാധിപത്യ സന്ദേശത്തെക്കാള്‍ കൂടുതല്‍ ക്രിയാതമാകമായ ഉറപ്പുള്ള സന്ദേശത്തിലൂടെ ആ അമര്‍ഷത്തെ വഴിതിരിച്ചുവിടുമെന്നും.”

തെരഞ്ഞെടുപ്പ് പരാജയം 1980-മുതല്‍ പല രൂപത്തില്‍ പാര്‍ട്ടിക്കകത്ത് ശക്തമായ ഒരു സംവാദത്തിനുള്ള ആവശ്യത്തെ അടിയന്തരപ്രാധാന്യമുള്ളതാക്കുന്നു.

ഇതിലെ ഒരപകടം ഡെമോക്രാറ്റുകള്‍ ഇടത്തോട്ടു വല്ലാതെ ചാഞ്ഞേക്കാമെന്നും അങ്ങനെ മധ്യത്തില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് കൂടുതല്‍ ഇടം കൊടുത്തേക്കാം എന്നുമാണ്.

“ഇടതു ജനപ്രിയതക്ക് വലതു ജനപ്രിയതയെ തോല്‍പ്പിക്കാനാകുമോ എന്നാണ് ചോദ്യം,”മധ്യ നിലപാടുള്ള സംഘടന Third Way ഉപാധ്യക്ഷന്‍ മാറ്റ് ബെന്നറ്റ് ചോദിക്കുന്നു.

ട്രംപിന്റെ നിലപാടുകള്‍ യാഥാസ്ഥിതികമല്ല എന്നു പറയാം- വിജയ പ്രസംഗത്തില്‍ അമേരിക്കയെ പുന:നിര്‍മ്മിക്കുന്നതിനെക്കുറിച്ചും പാതകള്‍, പാളങ്ങള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍ എന്നിവ വീണ്ടും പണിയുന്നതിനെക്കുറിച്ചുമാണ് അയാള്‍ സംസാരിച്ചത്.

കടുത്ത വലതുപക്ഷക്കാരനായ ഒരാള്‍ സ്ഥാനാര്‍ത്ഥിയായത് റിപ്പബ്ലിക്കന്‍മാര്‍ക്ക് ഗുണം ചെയ്തു. അതുകൊണ്ടുതന്നെ എന്തിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്നു കൃത്യമായി പറയാന്‍ പ്രതിപക്ഷത്തിന് കൂടുതല്‍ ബുദ്ധിമുട്ടാകും.

നിഷേധിക്കാനാകാത്ത കാര്യം ഒബാമയുടെ ഭരണകാലത്ത് ഡെമോക്രാറ്റുകളുടെ ശക്തിയില്‍ ക്രമാനുഗതമായ തളര്‍ച്ചയുണ്ടായി എന്നതാണ്.

“ഈ ജോലി ഒരു റിലേ ഓട്ടക്കാരനെ പോലെയാണ് ഞാന്‍ കാണുന്നത്,” ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയവെ ഒബാമ പറഞ്ഞു. “നിങ്ങള്‍ ബാറ്റണ്‍ എടുക്കുന്നു, നിങ്ങളുടെ ഏറ്റവും നല്ല ഓട്ടം ഓടുന്നു. നിങ്ങളത് കൈമാറുമ്പോള്‍ അല്പം മുമ്പിലാകും, അല്പം പുരോഗതി ഉണ്ടാക്കും എന്നും പ്രതീക്ഷിക്കാം”.

എന്നാല്‍ വിപരീതമാണ് സംഭവിച്ചത്.

ട്രംപിന്‍റെ നീല കോളര്‍ ഡെമോക്രാറ്റുകള്‍ വരെ അംഗീകരിച്ചു. 2008-ല്‍ ഒബാമ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഉണ്ടായിരുന്ന സാമ്പത്തിക മാന്ദ്യത്തില്‍ നിന്നുള്ള വൈകിയുള്ള ഉയര്‍ച്ചയില്‍ തങ്ങള്‍ തഴയപ്പെട്ടു എന്നവര്‍ക്ക് തോന്നി.

“അദ്ദേഹത്തിന്റെ ഭരണം വാള്‍ സ്ട്രീറ്റിനാണ് ഗുണം ചെയ്തത്, പ്രധാന തെരുവിനല്ല,” മുന്‍ കോണ്‍ഗ്രസ് അംഗവും കടുത്ത ഉദാരവാദിയുമായ ഡെന്നിസ് കുസിനിച്ച് പറഞ്ഞു. “ഡെമോക്രാറ്റുകള്‍ ഇതിനോട് പുറം തിരിഞ്ഞു നിന്നു. കാരണം അമേരിക്കന്‍ ജനതയ്ക്ക് വേണ്ടത് നല്‍കുന്നതിനെക്കാള്‍ അധികാരം നേടുന്നതും നിലനിര്‍ത്തുന്നതുമായിരുന്നു പ്രധാനം.”

1988-നു ശേഷമുള്ള ഏറ്റവും വലിയ വിജയം നേടിയ ഒബാമയുടെ തെരഞ്ഞെടുപ്പിന് ശേഷം ഡെമോക്രാറ്റുകള്‍ സഭയിലെ ഭൂരിപക്ഷം 257-178 ആക്കി ഉയര്‍ത്തി; സേനറ്റിലും ജിമ്മി കാരട്ടര്‍ കാലത്തിനു ശേഷം ആദ്യമായി അവര്‍ക്ക് ഭൂരിപക്ഷം കിട്ടി.

ഒബാമയുടെ ആദ്യ അജണ്ടകളെല്ലാം നടപ്പാക്കാവുന്ന ഭൂരിപക്ഷമുണ്ടായിരുന്നു, പ്രധാനമായും ആരോഗ്യ സുരക്ഷാ പരിഷ്കാരങ്ങള്‍.

പക്ഷേ 2010-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമായി. ആരോഗ്യ സുരക്ഷാ നിയമവും വാള്‍ സ്ട്രീറ്റിനും വ്യവസായത്തിനും സര്‍ക്കാര്‍ നല്കിയ രക്ഷാപദ്ധതികളുമായിരുന്നു ഇതിന്റെ പ്രധാന കാരണം. 2014-ല്‍ ഡെമോക്രാറ്റുകളുടെ എണ്ണം വീണ്ടും കുറഞ്ഞു.

ട്രംപിന്റെ വിജയത്തോടെ ഡെമോക്രാറ്റുകളുടെ സെനറ്റ് വീണ്ടെടുക്കാം എന്ന അവസാന പ്രതീക്ഷയും നഷ്ടമായിരിക്കുന്നു.

എന്താണ് ഇതില്‍ നിന്നും കാണേണ്ടത്? ഒബാമ മത്സരിക്കാത്തപ്പോള്‍ അയാള്‍ക്ക് പിന്തുണ നല്കിയ ചെറുപ്പക്കാരും ന്യൂനപക്ഷ വോട്ടര്‍മാരും പാര്‍ട്ടിയെ രക്ഷിക്കാന്‍ വന്നില്ല.

ഫ്രാങ്ക്ലിന്‍ റൂസ്വെല്‍റ്റിന്റെ ന്യൂ ഡീല്‍ സഖ്യം പോലെ ഒബാമയുടെ രാഷ്ട്രീയ ദൌത്യം അടുത്ത ഡെമോക്രാറ്റുകളിലേക്ക് പകരാന്‍ ഒബാമക്കായില്ല. അതുകൊണ്ടുതന്നെ അത് ഒബാമയുടെ പ്രസിഡണ്ട് കാലത്തിനപ്പുറത്തേക്ക് നിലനില്‍ക്കുകയുമില്ല.

2008-ലും 2012-ലും ഒബാമയെ വിജയിപ്പിച്ച നിരവധി പേര്‍ 2016-ല്‍ ട്രംപിന് വോട്ട് ചെയ്തത് വിശദീകരിക്കാന്‍ കഴിയുന്നില്ല എന്നു വൈറ്റ് ഹൌസ് മാധ്യമ സെക്രട്ടറി ജോഷ് ഏനസ്റ്റ് ബുധനാഴ്ച്ച പറഞ്ഞത്.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ ശക്തി ഇടിഞ്ഞു. ഒബാമ അധികാരത്തില്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് 29 ഗവര്‍ണര്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ ചൊവ്വാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അത് 15-ആയിരുന്നു. 2017-ല്‍ റിപ്പബ്ലിക്കന്‍മാര്‍ 1922-ല്‍ വാറന്‍ ഹാര്‍ഡിങ് പ്രസിഡണ്ടായിരുന്ന കാലത്തെ 34 ഗവര്‍ണര്‍മാര്‍ എന്ന നേട്ടത്തിനൊപ്പം എത്താന്‍ സാധ്യതയുണ്ട്.

ഒബാമയുടെ കാലത്ത് 900-ത്തിലേറെ ഡെമോക്രാറ്റിക് സംസ്ഥാന നിയമസഭാംഗങ്ങള്‍ പരാജയപ്പെട്ടു.

ചൊവ്വാഴ്ച്ച സംസ്ഥാന സഭകളിലും റിപ്പബ്ലിക്കന്‍മാര്‍ നേട്ടമുണ്ടാക്കി. 24 സംസ്ഥാനങ്ങളില്‍ ഇരുസഭകളിലും ഗവര്‍ണര്‍ പദവിയും റിപ്പബ്ലിക്കന്‍മാരുടെ നിയന്ത്രണത്തിലാണ്.

സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ നേട്ടങ്ങള്‍ ഡെമോക്രാറ്റുകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. 2020-ലെ സെന്‍സസിനും ജില്ല (തെരഞ്ഞെടുപ്പ്) പുനസംഘടനക്കും മുന്നോടിയായി സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റ് അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുന്നു. National Democratic Redistricting Committee എന്നു പേരുള്ള ഇതിന്റെ നേതൃത്വം മുന്‍ അറ്റോര്‍ണീ ജനറല്‍ എറിക് ഹോള്‍ഡറിനാണ്. വൈറ്റ് ഹൌസിന്റെ പിന്തുണയോടെ ആഗസ്റ്റിലാണ് ഇത് തുടങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍