UPDATES

വിദേശം

ഹിലരിയും സാന്‍ഡേഴ്‌സും അമേരിക്കക്കാരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ചില മിത്തുകള്‍

Avatar

പൗല ദ്വെയര്‍
(ബ്ലൂംബര്‍ഗ്)

വാഗ്‌ധോരണി, സംഭാവനശേഖരണം, വോട്ടെടുപ്പ്, വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കല്‍ എന്നിവയ്‌ക്കൊപ്പം കെട്ടുകഥകളിലൂടെയുമാണ് അമേരിക്കയിലെ മിക്കവാറും എല്ലാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും സൃഷ്ടിക്കപ്പെടുന്നത്. 2016-ലെ തിരഞ്ഞെടുപ്പിന്റെ അവസാനപാദത്തിലെത്തിയവരെല്ലാം- ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും- ശക്തമായ കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണ്.

ധനക്കമ്മി കൂട്ടാതെ തന്നെ എല്ലാവരുടെയും നികുതി കുറയ്ക്കുമെന്ന് അവര്‍ നല്‍കുന്ന ഉറപ്പിനെ മാത്രമല്ല ഞാന്‍ ഉദ്ദേശിച്ചത്. എല്ലാവര്‍ക്കും ആരോഗ്യസുരക്ഷയും സൗജന്യ കോളേജ് വിദ്യാഭ്യാസവും ഉറപ്പുനല്‍കുമ്പോള്‍ത്തന്നെ സാമ്പത്തികവളര്‍ച്ച മൂന്നുമടങ്ങാക്കുമെന്ന വാഗ്ദാനവുമല്ല. അത്തരം വാഗ്ദാനങ്ങളിലെ അസംഭവ്യത തിരിച്ചറിയാന്‍ മിക്ക വോട്ടര്‍മാര്‍ക്കുമാകും.

എന്നാല്‍ ചില കെട്ടുകഥകള്‍ വിവേചിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളവയാണ്. അവ അര്‍ദ്ധസത്യങ്ങളുടെ മിശ്രണമാണ്. പലപ്പോഴും സര്‍വകലാശാല ഗവേഷണങ്ങളില്‍നിന്നുള്ളവയും സ്ഥാനാര്‍ത്ഥിയെ പിന്താങ്ങുന്ന വോട്ടര്‍മാരുടെ വമ്പിച്ച പിന്തുണയുള്ളവയുമാണ് ഇവ.

ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ രണ്ട് ഉദാഹരണങ്ങളില്‍നിന്നു തുടങ്ങാം.

പുരുഷന്മാരുടെയും സ്ത്രീകളുടെയും വേതനം ഏകീകരിക്കുമെന്ന ഹിലരി ക്ലിന്റന്റെ വാഗ്ദാനം നീതിയുക്തം തന്നെ. സ്വാഭാവികമായും സ്ത്രീപുരുഷ അസമത്വം അവരുടെ പ്രചാരണത്തിലെ മുഖ്യഘടകമാണ്.ഹിലരിയുടെ അനുയായികളില്‍ പ്രധാനികള്‍ തൊഴിലെടുക്കുന്ന വനിതകളാണ്. അവര്‍ വേതന അസമത്വം അനുഭവിക്കുന്നവരുമാണ്.

പുതിയ സെന്‍സസ് വിവരങ്ങളനുസരിച്ച് മുഴുവന്‍ സമയ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ഒരു ഡോളറിന്‍റെ സ്ഥാനത്ത് അതേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു ലഭിക്കുന്നത് 79 സെന്റ് മാത്രമാണ്.എങ്കിലും ഇത് ശരിയാക്കാന്‍ ഹിലരിക്ക് അധികമൊന്നും ചെയ്യാനാകില്ല. ശമ്പള വ്യത്യാസം സ്ത്രീ പുരുഷ ഭേദം കൊണ്ടല്ലെന്ന് തെളിയിക്കാന്‍ തൊഴിലുടമയെ നിര്‍ബന്ധിതനാക്കുകയും ലൈംഗികവിവേചനത്തിനുള്ള പിഴ ഇരട്ടിയാക്കുകയും ചെയ്യുന്ന ‘പേബാക്ക് ഫെയര്‍നസ് ആക്ടി’ന് എന്നും ഹിലരിയുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ പത്തുവര്‍ഷം കഴിഞ്ഞിട്ടും ഈ നടപടിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ നേടാനായിട്ടില്ല.

നിയമപരിഹാരം വേതന വ്യത്യാസം ഇല്ലാതാക്കില്ല. സ്ത്രീയ്ക്ക് കുറഞ്ഞ വേതനം നല്‍കുന്നത് വിവേചനം കൊണ്ടാണെന്ന വിശദീകരണം എല്ലായ്‌പോഴും നിലനില്‍ക്കുകയുമില്ല. ജോലിപരിചയം കുറവ് മിക്കപ്പോഴും സ്ത്രീകള്‍ക്കാണ്. കുട്ടികളെ വളര്‍ത്താനായി വര്‍ഷങ്ങളോളം പലരും തൊഴില്‍ ഉപേക്ഷിക്കുന്നു. ചരിത്രപരമായി കുറഞ്ഞ വേതനവും വേനല്‍ക്കാല അവധിയുമുള്ള അദ്ധ്യാപനം തുടങ്ങിയ ജോലികളിലാണ് കൂടുതല്‍ സ്ത്രീകള്‍ക്കും താല്‍പര്യമെന്നതും ഘടകമാണ്.

23 ശതമാനം വരുന്ന വേതനവ്യത്യാസത്തിന്റെ മൂന്നില്‍ രണ്ടിനും കാരണം തൊഴില്‍, ഭൂമിശാസ്ത്രം, പ്രായം, കോളജ് വിദ്യാഭ്യാസം എന്നിവയാണെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. പാര്‍ട്ട് ടൈം ജോലികള്‍, തൊഴില്‍ദിനങ്ങളിലെ ഫ്‌ളെക്‌സിബിലിറ്റി തുടങ്ങിയവ കൂടി വിവരങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ അല്ലെങ്കില്‍ മണിക്കൂര്‍ കണക്കില്‍ വേതനം തിട്ടപ്പെടുത്തിയാല്‍ വേതന അസമത്വം മിക്കവാറും അപ്രത്യക്ഷമാകുന്നതു കാണാം.

2008- 2009ല്‍ വാള്‍ സ്ട്രീറ്റ് ബാങ്കുകളെ പണം നല്‍കി അപകടത്തില്‍നിന്നു സഹായിച്ചത് (ബെയില്‍ ഔട്ട്) ഒഴിവാക്കാമായിരുന്നു എന്നതാണ് ബെന്‍നി സാന്‍ഡേഴ്‌സിന്റെ കെട്ടുകഥകളില്‍ ഒന്ന്.  ‘വാള്‍സ്ട്രീറ്റിലെ ആര്‍ത്തി, കൂസലില്ലായ്മ, നിയമവിരുദ്ധ സ്വഭാവങ്ങള്‍ എന്നിവയാണ് ഈ രാജ്യത്തെ ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തികപ്രതിസന്ധിയിലെത്തിച്ചത്,’ ഡമോക്രാറ്റിക് സംവാദത്തില്‍ സാന്‍ഡേഴ്‌സ് വാദിച്ചു. ‘വാള്‍സ്ട്രീറ്റിലെ കൗശലക്കാരെ സാധാരണക്കാര്‍ രക്ഷിക്കണമായിരുന്നോ എന്ന് എനിക്കറിയില്ല.’

വെള്ളത്തിലായ വീട്ടുടമകളും സഹായം അര്‍ഹിക്കുന്നു എന്ന സാന്‍ഡേഴ്‌സിന്റെ വാദം ശരിയാണ്. പക്ഷേ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ബാങ്കുകളെയും സഹായിക്കേണ്ടിയിരുന്നു.

വന്‍ ബാങ്കുകളെ പാപ്പരായി പ്രഖ്യാപിക്കുക സാധ്യമാണെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍പ്പോലും, ഒരു പ്രതിസന്ധിയില്‍ മനുഷ്യസാധ്യമായതുപോലെ ആ നടപടികള്‍ നടക്കുമെങ്കിലും ‘ബ്രിജ് ഫിനാന്‍സിങ്ങ്’ എന്ന നിലയില്‍ അമേരിക്കയ്ക്ക് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നല്‍കേണ്ടിവരുമായിരുന്നു. കോടതികള്‍ ഓരോ ബാങ്കിന്റെയും ആസ്തികളുടെ മൂല്യം തിട്ടപ്പെടുത്തുകയും വിദേശബാധ്യതകള്‍ കണ്ടെത്തുകയും പുതിയ വായ്പകള്‍ കൊടുക്കുകയും പഴയവ തുടരുകയും ചെയ്യുമ്പോള്‍ പണത്തിന്റെ വരവും കമ്പനികളുടെ പ്രവര്‍ത്തനവും നിലനിര്‍ത്താന്‍ ഇതല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല.

700 യുഎസ് ബാങ്കുകളിലേക്ക് മൂലധനം നല്‍കുകയും അവയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്ത, സാന്‍ഡേഴ്‌സ് വെറുക്കുന്ന ‘ട്രബിള്‍ഡ് അസെറ്റ്‌സ് റിലീഫ് പ്രോഗ്രാം’ ബ്രിജ് ഫിനാന്‍സിങ് (bridge financing) അല്ലെങ്കില്‍പ്പിന്നെ മറ്റെന്തായിരുന്നു?  കടുപ്പമില്ലാത്ത ചായയെന്ന് സാന്‍ഡേഴ്‌സ് അധിക്ഷേപിക്കുന്ന ഡോഡ് – ഫ്രാങ്ക് സാമ്പത്തിക പരിഷ്‌കരണനിയമം നിര്‍ബന്ധിത ബാങ്ക് പുനഃസംഘടനയല്ലെങ്കില്‍ പിന്നെ എന്തായിരുന്നു? അത് ബാങ്കുകളെ സ്വന്തം ലാഭത്തിനായി ഓഹരി വ്യാപാരം ചെയ്യുന്നതില്‍നിന്നു വിലക്കുന്നു, ഊഹക്കച്ചവടം സുതാര്യമാക്കുന്നു, നഷ്ടം നികത്താന്‍ കൂടുതല്‍ മൂലധനനിക്ഷേപം വേണമെന്ന് ആവശ്യപ്പെടുന്നു, ഉപഭോക്താക്കളെ പല അനുചിത വായ്പാ നടപടികളില്‍നിന്നും രക്ഷിക്കുന്നു. ഇവ ബാങ്കുകളില്‍ നടന്ന അഴിച്ചുപണികളില്‍ ചിലതു മാത്രമാണ്.

ഇതിന്റെ മറുവഴി ആലോചിച്ചാല്‍ത്തന്നെ ഭീതിയുണ്ടാക്കുന്നതാണ്. ബാങ്കുകളില്‍നിന്നു കൂട്ടമായി പണം പിന്‍വലിക്കുന്ന നിക്ഷേപകര്‍, ശമ്പളം കൊടുക്കാനാകാത്ത കമ്പനികള്‍, വായ്പ കിട്ടാനാകാതെ വലയുന്ന ബിസിനസ് രംഗം, ഫീ കൊടുക്കാനാകാത്ത വിദ്യാര്‍ത്ഥികള്‍, ലക്ഷക്കണക്കിനു തൊഴില്‍നഷ്ടം എന്നിങ്ങനെയാകാം അത്. സാന്‍ഡേഴ്‌സിന്റെ പ്രതിഷേധം നിലനില്‍ക്കെത്തന്നെ ബെയില്‍ ഔട്ടിനുപയോഗിച്ച 618 ബില്യണ്‍ ഡോളറിന്മേല്‍ യുഎസ് 65ബില്യണ്‍ ലാഭമുണ്ടാക്കി. ഫാന്നി മേ, ഫ്രെഡി മാക്, വാഹനക്കമ്പനികള്‍ എന്നിവയ്ക്കു ലഭിച്ച പണത്തിലുള്‍പ്പെടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍