UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുരോഗമനനാട്യങ്ങള്‍ മാത്രമല്ല, ഇവിടെ ലൈംഗിക വിവേചനവുമുണ്ട്

Avatar

ബിജോ ജോസ് ചെമ്മാന്ത്ര

 

ഈ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ലോകത്തിന് ഉദാത്തമായ ഒരു മാതൃകയാനുള്ള സുവര്‍ണാവസരം അമേരിക്കന്‍ ജനത നഷ്ടപ്പെടുത്തുകയായിരുന്നു. ചരിത്രപുരോഗതിയില്‍ രേഖപ്പെടുത്താവുന്ന ഒന്നുംതന്നെ ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചില്ല. തിരഞ്ഞെടുപ്പ് ഫലത്തിന്റെ കാരണങ്ങളായി തീവ്രദേശീയ, വംശീയബോധവും, സാമ്പത്തിക ഉദാര സമീപനത്തിലെ അസന്തുലിതാവസ്ഥയും കുടിയേറ്റ ജനതയോടുള്ള അമര്‍ഷവും ഇ-മെയില്‍ വിവാദവുമൊക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു. അര്‍ഹിച്ചിരുന്നിട്ടു കൂടി രാജ്യത്തിന്റെ പരമാധികാരം ഒരു വനിതയെ ഏല്‍പ്പിക്കാനുള്ള ഹൃദയവിശാലത അമേരിക്കന്‍ ജനങ്ങള്‍ക്കില്ലാതെ പോയത് തന്നെയാവാം പൊതുവെ ചര്‍ച്ചയാകാതിരുന്ന പ്രധാന കാരണങ്ങളിലൊന്നെന്ന് വിലയിരുത്തേണ്ടിവരും.

 

യാഥാസ്ഥിക പുരുഷന്മാടൊപ്പം സ്ത്രീകളിലെ ചില വിഭാഗങ്ങള്‍ കൂടിഅങ്ങനെയൊരു സമീപനം സ്വീകരിച്ചത് അമ്പരപ്പുളവാക്കുന്നതാണ്. കോളേജ് വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാരായ സ്ത്രീകളില്‍ 64 ശതമാനവും നിരന്തരം സ്ത്രീകളെ ലൈംഗികമായി അവഹേളിച്ച എതിര്‍ സ്ഥാനാര്‍ഥിക്കാണ് വോട്ടു ചെയ്തതെന്ന് സര്‍വേ ഫലങ്ങള്‍സൂചിപ്പിക്കുന്നു.

പ്രകടമായി ലൈംഗിക വിവേചനമുള്ള പാക്കിസ്ഥാന്‍ പോലെയുള്ള രാഷ്ട്രങ്ങളെ നയിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വനിതകള്‍ക്കായെങ്കിലും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന, സമ്പന്നമായ ജനാധിപത്യത്തിന് രണ്ട് നൂറ്റാണ്ടിന് ശേഷവും ഇക്കുറി അത് സാധിക്കാതിരുന്നത് ആശ്ചര്യമുളവാക്കുന്നതാണ്. ചുണ്ടിനും കപ്പിനുമിടയില്‍ ആ നേട്ടം നഷ്ടപ്പെടുമ്പോഴും അത് അത്ര ആകസ്മികമല്ലായിരുന്നു എന്നുവേണംകരുതാന്‍.

 

കഴിവും ഭരണപരിചയവും നൂതനാശയങ്ങളും എതിര്‍സ്ഥാനാര്‍ത്ഥിയെക്കാള്‍ മികച്ചതായിരുന്നിട്ടും തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുകയായിരുന്നു. നിരന്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഒരു വ്യക്തിയില്‍ നിന്നുമാണ് ഈ തോല്‍വിയെന്നതും വിചിത്രമായി തോന്നാം. ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തിഹത്യയും ആരോപണങ്ങളും കൊണ്ട് വേട്ടയാടപ്പെട്ട ഒരു വനിതയ്ക്ക് അര്‍ഹവമായ വിജയം നഷ്ടപ്പെട്ടുവെങ്കിലും ഭൂരിപക്ഷം വോട്ടുകളും നേടാനായി എന്നത് ഒരു അംഗീകാരമായി കരുതി ആശ്വസിക്കാമെന്ന് മാത്രം (ഇലക്ടറല്‍ വോട്ടുകളാണ് അമേരിക്കയില്‍ വിജയിയെ നിര്‍ണയിക്കുക).

 

 

1872-ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നിഷേധിച്ചിരുന്ന കാലത്ത് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ആദ്യവനിതയായ വിക്ടോറിയ വുഡ്ഹളിന്‍റെ ഉദ്യമത്തിന് രണ്ടാം നൂറ്റാണ്ടിലും ഫലം കാണാനായില്ല. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുടെ അനുഭവമെന്തായിരുന്നു? സ്ത്രീ സ്വാതന്ത്ര്യത്തിനും തുല്യനീതിക്കുമായി അവര്‍ രൂപം കൊടുത്ത വാരികയിലെഴുതിയ ഒരു ലേഖനത്തിന്റെ പേരില്‍ വോട്ടിന്റെട ദിനത്തില്‍ തന്നെ ഭരണകൂടം അവരെജയിലിലടച്ചു. അന്ന് വിക്ടോറിയക്ക്‌ രേഖപ്പെടുത്തിയ വോട്ടുകള്‍ പല പോളിംഗ് ബൂത്തുകളിലും എണ്ണിയതുപോലുമില്ല. ഈ പേര് ഏതെങ്കിലും ചിതലരിച്ച പുസ്തക താളില്‍ കുറിച്ചിട്ടുണ്ടാകാം. അതുതന്നെ ധാരാളമെന്ന് കരുതുന്നവരാണ് പലരും.

വനിതകളുടെ സമ്മതിദാനാവകാശം നിഷേധിച്ച നിയമത്തെ ചോദ്യം ചെയ്ത് 1872-ല്‍ ആദ്യമായി വോട്ടു ചെയ്ത് അറസ്റ്റു വരിച്ച ധീരവനിതയായ സൂസന്‍ ബി ആന്തണിക്കും ഇപ്രാവിശ്യം ഒരു സമര്‍പ്പണമേകാനായില്ല. അരനൂറ്റാണ്ടിലേറെ വോട്ടവകാശത്തിനായി പോരാടിയ അവരുടെ ജീവിത കാലത്ത് അത് നടപ്പായില്ല. 1906-ല്‍ സൂസന്‍ മരണമടഞ്ഞതിന് പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയിലെ പത്തൊമ്പതാം ഭരണഘടനാ ഭേദഗതിയിലൂടെ സ്ത്രീകള്‍ക്ക് വോട്ടവകാശമെന്ന സ്വപ്നം സാധ്യമായത്.

സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചിട്ട് ഒരു നൂറ്റാണ്ടോളമായിട്ടും പുരുഷ കേന്ദ്രീകൃതമായ ഈ സമൂഹത്തില്‍ പുരോഗമന സ്ത്രീവാദനാട്യങ്ങള്‍ക്കപ്പുറം സമാനമായ ഒരു വിപ്ലവവും സംഭവിച്ചില്ല. പുതുതലമുറയുടെ ജനാധിപത്യ ചരിത്ര പുരോഗതി പഠനത്തിനെങ്കിലും അത് ആവശ്യമായിരുന്നു.

 

(ബിജോ 17 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍