UPDATES

വിദേശം

ടെഡ് ക്രൂസാണ് ശരി; സംവാദത്തില്‍ ഹിലാരിക്ക് പോന്ന എതിരാളിയേ അല്ല ട്രംപ്

Avatar

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്‍റ് തിരെഞ്ഞെടുപ്പിന്‍റെ മൂന്നാമത്തെയും  അവസാനത്തെയും സംവാദം അവസാനിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി: ടെഡ് ക്രൂസാണ് ശരി. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ അവസാന പ്രൈമറികളിലൊന്നിന്‍റെ സമയത്ത് സംവാദത്തില്‍ ഹിലാരിക്ക് പോന്ന എതിരാളിയല്ല ട്രംപ് എന്ന് യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മത്സരാര്‍ത്ഥികളിലൊരാളായ ടെഡ് ക്രൂസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഹിലരി ക്ലിന്‍റന്‍ നേരിടാന്‍ ധൈര്യപ്പെടുന്ന അവസാനത്തെയാള്‍ താനായിരിക്കും എന്നായിരുന്നു ട്രംപിന്‍റെ മറുപടി. 

എന്നാല്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകളില്‍ ഹിലാരിക്ക് മുന്നില്‍ ട്രംപ് നിഷ്പ്രഭനായി പോവുന്നതാണ് കണ്ടത്. ഹിലാരിയെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ട ട്രംപ് സ്വയം പ്രതിരോധത്തില്‍ കുടുങ്ങി. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളില്‍ ഹിലാരിയുടെ നിലപാടുകളെ വിമര്‍ശിച്ച് തുടങ്ങിയ ട്രംപ് പിന്നീട് തന്നെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് മറുപടി പറയുന്നതിലേക്ക് തിരിഞ്ഞു. ചര്‍ച്ച ട്രംപില്‍ കേന്ദ്രീകരിച്ചു. ഹിലാരിക്കെതിരായ വിമര്‍ശനങ്ങള്‍ നിരത്തി അവരെ ആക്രമിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടു. ചര്‍ച്ചയായത് മറ്റു ചിലതാണ്. പ്രത്യേകിച്ചും സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടുള്ള ട്രംപിന്‍റെ പരാമര്‍ശങ്ങള്‍. നടി റോസി ഡോണല്‍, വെനിസ്വേലക്കാരിയും മുന്‍ വിശ്വ സുന്ദരിയുമായ അലീസിയ മച്ചാഡോ തുടങ്ങിയവര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ വലിയ വിവാദമുണ്ടാക്കി. ഒരു യുവതിയെ ട്രംപ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി കാണിച്ചുള്ള വീഡിയോ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ പുറത്ത് വിട്ടിരുന്നു. സെന്റ്‌ ലൂയിസില്‍ നടന്ന രണ്ടാമത്തെ സംവാദത്തിന് രണ്ടു ദിവസം മുമ്പാണ് 2005ലെ വീഡിയോ ടേപ്പ് പുറത്തുവന്നത്. സംവാദത്തില്‍ ട്രംപ് ഇക്കാര്യത്തില്‍ ക്ഷമ ചോദിച്ചു. എന്നാല്‍ പിന്നീട് നിരവധി സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.

പ്രസിഡന്‍റ് ആവാനുള്ള ട്രംപിന്‍റെ യോഗ്യത വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നിലവില്‍ ട്രംപ് ഹിലാരിയേക്കാള്‍ ഏറെ പിന്നിലാണെന്നും തിരിച്ചു വരാനുള്ള സാധ്യത തീരെ ഇല്ലെന്നുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിലയിരുത്തല്‍. ട്രംപ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങണം എന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ നേതാക്കള്‍ തന്നെ രംഗത്തെത്തി. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് അടക്കമുള്ളവര്‍ നടത്തിയത്. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്നും ട്രംപിനെതിരെ രംഗത്തെത്തി.

അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കൊയുമായുള്ള അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന് തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. മെക്സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോയെ കണ്ടപ്പോള്‍ ഇക്കാര്യം പറയാതിരിക്കാന്‍ ട്രംപിന് നാവിറങ്ങി പോയോ എന്ന് ഹിലരി പരിഹസിച്ചു. റഷ്യയുമായും പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും ട്രംപിനു ബന്ധമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് ഒരു പാവയെ വെക്കാനുള്ള റഷ്യന്‍ പദ്ധതിയുടെ ഭാഗമാണ് ഡൊണാള്‍ഡ് ട്രംപ് എന്നാണ് ഹിലാരിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ആരോപണം. പുടിന്‍ കരുത്തനായ നേതാവാണെന്ന് ട്രംപ് പറഞ്ഞിരുന്നു. നിങ്ങള്‍ പാവയാണ് എന്നായിരുന്നു ഹിലാരിയുടെ പ്രതികരണം. എന്നാല്‍ താന്‍ പുടിനെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമുള്ള മറുപടിയുമായി ട്രംപ് രംഗത്തെത്തി.

വിദേശകാര്യ സെക്രട്ടറി ആയിരിക്കെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ മെയില്‍ ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും ക്ലിന്റന്‍ ഫൌണ്ടേഷനുമായി ബന്ധപ്പെട്ട പ്രശ്നനങ്ങളും ഉയര്‍ത്തി ഹിലരിക്കെതിരെ ട്രംപ് ആക്രമണം അഴിച്ചു വിട്ടെങ്കിലും നിഷ്പക്ഷ വോട്ടര്‍മാരെ കാര്യമായി ആകര്‍ഷിക്കാന്‍ ട്രംപിന് കഴിഞ്ഞില്ല. ബില്‍ ക്ലിന്‍റന്‍ നിരവധി സ്ത്രീകളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയിട്ടുണ്ടെന്നും അതിനെല്ലാം ഹിലാരിയുടെ പിന്തുണ ഉണ്ടായിരുന്നു എന്നും വരെ ട്രംപ് ആരോപിച്ചു. ഹിലരി ഒരു വൃത്തികെട്ട  വ്യക്തിയാണെന്ന് ട്രംപ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.  

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അംഗീകരിക്കുമോ എന്ന് മൂന്നാമത്തെ സംവാദത്തില്‍ മോഡറേറ്റര്‍ ആയിരുന്ന ക്രിസ് വാലസ് ട്രംപിനോട്‌ ചോദിച്ചിരുന്നു. അത് അപ്പോള്‍ പറയാം എന്നായിരുന്നു ട്രംപിന്‍റെ മറുപടി. അതൊരു സസ്പെന്‍സ് ആയിരിക്കും, ട്രംപ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍