UPDATES

വിദേശം

ട്രംപ് ഹിലാരിയുടെ പിന്നിലാണ്; സര്‍വേ ഫലങ്ങള്‍ തരുന്ന സൂചനകള്‍

Avatar

ഡാന്‍ ബാല്‍സ്, സ്കോട് ക്ലെമന്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

തെരഞ്ഞെടുപ്പിന് ഇനി 9 ആഴ്ച്ചകള്‍ മാത്രം ശേഷിക്കേ ഡൊണാള്‍ഡ് ട്രംപ് ഹിലാരി ക്ലിന്റണുമായുള്ള മത്സരത്തില്‍ കുറച്ചുകൂടി മുന്നേറിയെങ്കിലും പരമ്പരാഗത റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളടക്കമുള്ള മിക്കയിടത്തും ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഹിലാരി മുന്‍തൂക്കം നേടിയിരിക്കുന്നു എന്നാണ് 50 സംസ്ഥാനങ്ങളിലായി വാഷിംഗ്ടണ്‍ പോസ്റ്റും സര്‍വേ മങ്കിയുമായി ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വെ സൂചിപ്പിക്കുന്നത്.

ആഗസ്ത് 9-നും സെപ്റ്റംബര്‍ 1-നും ഇടക്കായി 74,000 സമ്മതിദായകരില്‍ നിന്നുമുള്ള പ്രതികരണങ്ങളാണ് ശേഖരിച്ചത്. ഓരോ സംസ്ഥാനത്തുനിന്നും 550 മുതല്‍ 5,000 വരെ പ്രതികരണങ്ങള്‍. ഇത് മാതൃകയുടെ വൈവിധ്യം ഉറപ്പാക്കാന്‍ സഹായിച്ചു.

കണക്കെടുപ്പ് കാണിക്കുന്നത് ട്രംപിന്റെ നിര്‍ണായകമായ ദൌര്‍ബല്യങ്ങളെയാണ്-കോളേജ് വിദ്യാഭ്യാസമുള്ള വെള്ളക്കാര്‍, പ്രത്യേകിച്ചു സ്ത്രീകള്‍ക്കിടയില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് അസാധാരണമായ ഇടിവാണ് നേരിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പം നിന്ന ഈ വിഭാഗത്തിനിടയില്‍, അവരുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലടക്കം ട്രംപ് ഹിലാരിക്ക് പിറകിലാണ്.

ദേശീയതല ശരാശരിയില്‍ ആദ്യഘട്ടത്തില്‍ ഹിലാരി ട്രംപിനെക്കാള്‍ 8 മുതല്‍ 10 ശതമാനം വരെ മുന്നിലായിരുന്നെങ്കില്‍ ഇപ്പോഴത് നാലായി ചുരുങ്ങിയപ്പോഴാണ് ഈ കണക്കെടുപ്പ് വരുന്നത്. കടുത്ത മത്സരമുള്ള സംസ്ഥാനങ്ങളില്‍ മത്സരം ചൂടുപിടിക്കുന്നു.

സമ്മതിദായകര്‍ പൊതുവേ പ്രായം കൂടിയ വെള്ളക്കാരായ മിഡ് വെസ്റ്റില്‍ ട്രംപിന്റെ പിന്തുണ വര്‍ധിക്കുന്നു. ഡെമോക്രാറ്റുകള്‍ക്ക് പിന്തുണ കിട്ടിയിരുന്ന മേഖലകളിലടക്കം. പ്രതീക്ഷിക്കുന്ന പോലെരണ്ടിടങ്ങളില്‍-ഓഹിയോ, ഇയോവ-അയാള്‍ മുന്നിലാണ്. കഴിഞ്ഞ 6 തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകള്‍ നേടിയ വിസ്കോണ്‍സിന്‍, പെന്‍സില്‍വാനിയ, മിച്ചിങ്ങന്‍ എന്നിവടങ്ങളില്‍ തൊട്ടടുത്തുമാണ്.

എന്നാല്‍ റിപ്പബ്ലിക്കന്‍മാരുടെ പരമ്പരാഗത കേന്ദ്രങ്ങളില്‍ ട്രംപ് പിന്നില്‍ പോകുന്നു. അരിസോണ, ജോര്‍ജിയ, ടെക്സാസ് എന്നിവയാണ് ഈ അപ്രതീക്ഷിത ഫലം സൂചിപ്പിക്കുന്നത്. ടെക്സാസില്‍ (5,000 പ്രതികരണങ്ങള്‍) ഹിലാരി ഒരു ശതമാനത്തിനാണ് മുന്നില്‍.

കൊളറാഡോ, ഫ്ലോറിഡ എന്നിവടങ്ങളില്‍ ഹിലാരി ട്രംപിനെക്കാള്‍ നാലു ശതമാനത്തോളം മുന്നിലാണ്. വടക്കന്‍ കരോലിനയില്‍ ഇരുവരും ഒപ്പത്തിനൊപ്പവും. മിസിസിപ്പിയില്‍ ട്രംപ് വെറും രണ്ടു ശതമാനത്തിനാണ് മുന്നിലെങ്കിലും വലിയ അപകടം അവിടെ അയാള്‍ക്കുണ്ടാകാന്‍ ഇടയില്ല.

20 സസ്ഥാനങ്ങളിലെങ്കിലും ഹിലാരി ക്ലിന്റണ്‍ ട്രംപിനെക്കാള്‍ നാലു ശതമാനം മുന്നിലാണ്. ഇതില്‍ 244 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. വിജയിക്കാന്‍ ആവശ്യമായത്തിലും 26 എണ്ണം കുറവ്.

ട്രംപിനും ഏതാണ്ട് 20 സംസ്ഥാനങ്ങളില്‍ നാലു ശതമാനം മുന്‍തൂക്കം ഉണ്ടെങ്കിലും അത് വെറും 126 ഇലക്ടറല്‍ വോട്ടുകളെ വരൂ. ബാക്കി 10 സംസ്ഥാനങ്ങളില്‍ 168 ഇലക്ടറല്‍ വോട്ടുണ്ട്. ഇവിടെ ഒരു സ്ഥാനാര്‍ത്ഥിക്കും 4% മുന്‍തൂക്കമില്ല.

ലിബര്‍ടെറിയന്‍ കക്ഷി സ്ഥാനാര്‍ത്ഥി ഗാരി ജോണ്‍സണും ഗ്രീന്‍ പാര്‍ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയിനും ഹിലാരിയുടെ മുന്നേറ്റത്തില്‍ ചെറിയ കുറവുണ്ടാക്കും. പക്ഷേ തെരഞ്ഞെടുപ്പ് ദിവസം അടുക്കുന്തോറും ട്രംപിനു മേല്‍ സമ്മര്‍ദം ഏറുകയാണ്.

ജോണ്‍സണ്‍ നല്ല പിന്തുണയുണ്ടാക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 15 സംസ്ഥാനങ്ങളില്‍ അയാള്‍ക്ക് 15 ശതമാനം പിന്തുണയുണ്ട്. അയാള്‍ രണ്ടുതവണ ഗവര്‍ണറായിരുന്ന  ന്യൂ മെക്സിക്കോയില്‍ ഇത്  25% വരെയെത്തി. അവിടെ ട്രംപിന്റെ പിന്തുണ 29% മാത്രമാണ്. ഉറ്റാ-23%, കൊളോറാഡോ, ഈയോവ-16% വീതം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ജോണ്‍സന്റെ പിന്തുണ. സ്റ്റെയിനിന് കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല. വെര്‍മോണ്ടില്‍ 10% കിട്ടുന്നുണ്ട്. മറ്റ് 10 സംസ്ഥാനങ്ങളില്‍ കുറഞ്ഞത് 7%-വും കിട്ടുന്നു.

പക്ഷേ റിപ്പബ്ലിക്കന്മാരെ പിന്തുണച്ചിരുന്ന സ്ഥലങ്ങളില്‍ക്കൂടി ട്രംപിന്റെ കുടിയേറ്റ നയവും മറ്റ് നയങ്ങളും ആളുകളെ ആകര്‍ഷിക്കുന്നില്ല. തെരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ ട്രംപ് റിപ്പബ്ലിക്കന്‍ വോട്ടുകള്‍ കിട്ടുന്നു എന്നുറപ്പാക്കണം. പല പ്രമുഖ റിപ്പബ്ലിക്കാന്‍മാരും ട്രംപിന് വോട്ട് ചെയ്യില്ലെന്നും ചിലരൊക്കെ ഹിലാരിക്ക് വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതത്ര എളുപ്പമുള്ള പണിയല്ല. 32 സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റ് വോട്ടുകളുടെ 90% ഹിലാരി ഉറപ്പാക്കുമ്പോള്‍ ട്രംപിന്റെ കക്ഷിയിലെ കാര്യത്തില്‍ അത് വെറും 13% ആണ്.

കരുതിയതുപോലെ ഈ പോരാട്ടം ആളുകളെ വംശീയാടിസ്ഥാനത്തിലും വേര്‍തിരിച്ചിട്ടുണ്ട്. വെള്ളക്കാരെ അപേക്ഷിച്ച് വെള്ളക്കാരല്ലാത്ത സമ്മതിദായകര്‍ക്കിടയില്‍ ഹിലാരിക്ക് 31 എണ്ണം/പോയന്റ് കൂടുതലുണ്ട്. ട്രംപിന്റെ കാര്യത്തില്‍ വെള്ളക്കാരല്ലാത്ത വോട്ടര്‍മാരെ അപേക്ഷിച്ച് വെള്ളക്കാരുടെ ഇടയില്‍ 31 പോയന്റ് കൂടുതലാണ്.

ലിംഗ, വിദ്യാഭ്യാസ അടിസ്ഥാനത്തിലും വേര്‍തിരിവുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച്  സ്ത്രീകളുടെ ഇടയില്‍ ഹിലാരി ക്ലിന്റണ് 14 പോയന്റ് മുന്‍തൂക്കമുണ്ട്. സ്ത്രീകള്‍ക്കിടയില്‍ 34 സംസ്ഥാനങ്ങളില്‍ ഹിലാരി മുന്നിലാണ്, 6 എണ്ണത്തില്‍ വളരെ അടുത്താണ്.  പുരുഷന്‍മാര്‍ക്കിടയില്‍ 38 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നിലാണ്, ആറിടത്ത് ഒപ്പത്തിനൊപ്പം, ആറിടത്ത് പിറകിലും.

കോളേജ് വിദ്യാഭ്യാസം നേടിയ സമ്മതിദായകര്‍ക്കിടയിലാണ് ട്രംപ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. 2012-ല്‍ ഈ വിഭാഗത്തിലെ വെള്ളക്കാര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിക്കാണ് ഒബാമയെ അപേക്ഷിച്ച് കൂടുതല്‍ വോട്ട് ചെയ്തത്; 56-42%. വെള്ളക്കാരായ ബിരുദധാരികളില്‍ പുരുഷന്‍മാര്‍  59 ശതമാനവും സ്ത്രീകള്‍ 52 ശതമാനവും റോംനിക്കാണ് വോട്ടുചെയ്തത്.

ഇത്തവണ ഹിലാരി ക്ലിന്റണ്‍  ആ സമവാക്യത്തെ നാടകീയമായി മാറ്റിക്കളഞ്ഞു. വെള്ളക്കാരായ പുരുഷ ബിരുദധാരികളില്‍ 31 സംസ്ഥാനങ്ങളില്‍ ക്ലിന്റണ്‍ മുന്നിട്ടുനില്‍ക്കുന്നു. ആറെണ്ണത്തില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പമാണ്. ഈ വിഭാഗത്തില്‍ കേവലം 13 സംസ്ഥാനങ്ങളില്‍ മാത്രമാണ് ട്രംപ് മുന്‍തൂക്കം നേടിയത്.

ഈ വിഭാഗത്തിലെ വെള്ളക്കാരായ സ്ത്രീകളുടെ ഇടയില്‍ 38 സംസ്ഥാനങ്ങളിലും ക്ലിന്റണ്‍ മുന്നിലാണ്. 37-ലും ഇരട്ട അക്ക മുന്‍തൂക്കം. ശരാശരി 23 പോയന്റ് മുന്‍തൂക്കമുണ്ട് വെള്ളക്കാരായ സ്ത്രീ ബിരുദധാരികള്‍ക്കിടയില്‍ അവര്‍ക്ക്.

ബിരുദധാരികളല്ലാത്ത വെള്ളക്കാര്‍ക്കിടയില്‍ ട്രംപിന്റെ നില ഭദ്രമാണ് 43 സംസ്ഥാനങ്ങളില്‍ അയാള്‍ക്ക് മുന്‍തൂക്കമുണ്ട്. വെര്‍മോണ്ടില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ഹിലാരി മുന്നില്‍ നില്‍ക്കുന്നത്.

വെള്ളക്കാരായ കോളേജില്‍ പോകാത്ത സമ്മതിദായകര്‍ക്കിടയിലെ പിന്തുണ അതിഗണ്യമായി ഉയര്‍ത്തിയാലേ മറ്റ് വിഭാഗങ്ങളിലെ കുറവ് ട്രംപിന് അല്പമെങ്കിലും പരിഹരിക്കാനാകൂ. മിഡ് വെസ്റ്റിലെ ചില സംസ്ഥാനങ്ങളിലെ സ്വാധീനമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ. ഇക്കൂട്ടത്തില്‍ പെന്‍സില്‍വാനിയയില്‍ മാത്രമാണ് 4 പോയന്റിന് ക്ലിന്റണ്‍ മുന്നില്‍ നില്‍ക്കുന്നത്. വിസ്കോണ്‍സിനിലും മിച്ചിഗനിലും അവര്‍ക്കുള്ള മുന്‍ തൂക്കം 2 പോയന്റിന്റെതാണ്. ഇയോവായിലും (4) ഓഹിയോവിലും (3) ട്രംപാണ് മുന്നില്‍.

കഴിഞ്ഞ 4 ദശാബ്ദങ്ങളായി റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ ടെക്സാസാണ് അപ്രതീക്ഷിത സൂചനകള്‍ നല്‍കുന്നത്. 2012-ല്‍ ഒബാമ 16 പോയന്റിന് പിന്നിലായിരുന്നു. എന്നാലിപ്പോള്‍  ക്ലിന്റണ്‍ 46, ട്രംപ് 45 എന്നാണ് ഇവിടുത്തെ നില. ടെക്സാസില്‍ റിപ്പബ്ലിക്കന്‍മാര്‍ക്കുള്ള സ്ത്രീകളുടെ പിന്തുണയിലാണ് വന്‍ ഇടിവുണ്ടായത്. 2008-ല്‍ മക് കെയിന് സ്ത്രീകള്‍ക്കിടയില്‍ ചെറിയ ഭൂരിപക്ഷം കിട്ടിയെങ്കില്‍ ട്രംപ് 40-ല്‍ വീണുകിടക്കുകയാണ്. എന്നാലിത് ടെക്സാസ് ഡെമോക്രാറ്റുകള്‍ക്കൊപ്പം പോകും എന്നര്‍ത്ഥമാക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ അവര്‍ ട്രംപിന് മോശമല്ലാത്ത ഭൂരിപക്ഷം നല്‍കിയേക്കാം. പക്ഷേ ഇപ്പോള്‍ അത്ഭുതങ്ങളുടെ വര്‍ഷത്തില്‍ അത് മറ്റൊരത്ഭുതത്തിന് അടുത്താണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍